സലാലയിൽനടക്കുന്ന ‘ലൈഫ് ആഫ്റ്റർ ലൈഫ്’ ബോധവൽകരണ കാമ്പയിൻ പ്രദർശനത്തിൽനിന്ന്

സലാലയിൽ ‘ലൈഫ് ആഫ്റ്റർ ലൈഫ്’ കാമ്പയിൻ പുരോഗമിക്കുന്നു

സലാല: സലാലയിൽ ഖരീഫ് സീസൺ ആസ്വദിക്കാനെത്തുന്ന ആയിരക്കണക്കിന് സന്ദർശകരെ ലക്ഷ്യമിട്ട് അവയവദാനത്തെയും ശസ്ത്രക്രിയ ആരോഗ്യത്തെയും കുറിച്ചുള്ള ദേശീയ ബോധവൽക്കരണ കാമ്പയിൻ പുരോഗമികുന്നു. ‘ലൈഫ് ആഫ്റ്റർ ലൈഫ്’ എന്ന് പേരിട്ടിരിക്കുന്ന ഈ അഞ്ച് ദിവസത്തെ കാമ്പയിൻ അത്തീൻ പ്ലെയിൻ വാട്ടർഫ്രണ്ടിലാണ് നടക്കുന്നത്.

സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി, നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, ദോഫാർ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലെ മെഡിക്കൽ വിദ്യാർത്ഥികളാണ് കാമ്പയിൻ നയിക്കുന്നത്. ഒമാൻ ആരോഗ്യ മന്ത്രാലയം, റോയൽ ഒമാൻ പൊലിസ്, മിലിറ്ററി ആൻഡ് സെക്യൂരിറ്റി മെഡിക്കൽ സിറ്റി ഹോസ്പിറ്റൽ, ഒമാൻ ഔഖാഫ് മതകാര്യ മന്ത്രാലയം, ദോഫാർ മുൻസിപ്പാലിറ്റി എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് പരിപാടി നടപ്പാക്കുന്നത്.

ആഗസ്റ്റ് 10 വരെ നീളുന്ന കാമ്പയിനിൽ ദിവസവും വൈകുന്നേരം നാലു മുതൽ രാത്രി 10 വരെ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കും. അവയവദാനം, രോഗപ്രതിരോധം, മുൻകൂട്ടിയുള്ള രോഗനിർണയം എന്നിവയെക്കുറിച്ചുള്ള പ്രവർത്തനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഇതിന് പുറമെ അവയവദാനത്തെക്കുറിച്ചുള്ള ഇസ്ലാമിക വീക്ഷണം വ്യക്തമാക്കുന്ന പ്രത്യേക വിഭാഗങ്ങളും, റോഡ് സുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണവും കുട്ടികൾക്കായുള്ള പ്രത്യേക ഹെൽത്ത് എജുക്കേഷൻ സോണും സജ്ജീകരിച്ചിട്ടുണ്ട്. അവയവദാനത്തെക്കുറിച്ചുള്ള തെറ്റായ ധാരണകൾ മാറ്റാനും കൂടുതൽ ആളുകളിലേക്ക് ഈ സന്ദേശം എത്തിക്കാനും കാമ്പയിനിലൂടെ സാധിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

Tags:    
News Summary - സലാലയിൽ ‘ലൈഫ് ആഫ്റ്റർ ലൈഫ്’ കാമ്പയിൻ പുരോഗമിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.