മസ്കത്തിലെ ഒമാന്‍ ഫിലിം സൊസൈറ്റി ഹാളില്‍ ‘ഇതിഹാസം’ നാടകം അരങ്ങേറിയപ്പോൾ
മസ്കത്ത്: ആസ്വാദനത്തിന്റെ പുത്തൻ അനുഭവങ്ങൾ പകർന്ന് ‘ഇതിഹാസം’ മസ്കത്തിലെ നാടകപ്രേമികൾക്ക് മുന്നിൽ അരങ്ങേറി. മനുഷ്യവംശത്തിനു ഒരിക്കലും മറക്കാനാവാത്ത കഥകള്‍ ഒരു തൂവല്‍ തൂലികയാല്‍ കോറിയിട്ട ഷേക്ക്സ്പിയര് എന്ന നാടകകൃത്തിന്റെ ജീവിതമായിരുന്നു അരങ്ങിലെത്തിയിരുന്നത്.
അശോക് ശശി രചന നിര്‍വഹിച്ച നാടകം രാജേഷ് ബാലകൃഷ്ണനാണ് സംവിധാനം ചെയ്തത്. മസ്കത്തിലെ ഒമാന്‍ ഫിലിംസൊസൈറ്റി ഹാളില്‍ നടന്ന നാടകം ആദ്യവസാനംവരെ സ്വദേശികളേയും വിദേശികളേയും ഒരുപോലെ പിടിച്ച് ഇരുത്തുന്നതായി. ഡോ.ജെ. രത്നകുമാര്‍ ചെയര്‍മാനായും സിയുഹുൽ ഹഖ് ലാരി വൈസ്ചെയര്‍മാനും മന്‍സൂര്‍ അഹമദ് കണ്‍വീനറും ഫിർദൗസ് ജോയൻറ് കൺവീനറും ആയ ഇന്റര്‍നാഷനല്‍ ഓര്ഗനൈസേഷന് ക്രീയേറ്റിവ് ഇവെന്റ്സും (ഐ.ഒ.സി.ഇ), ഭാവലയ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ ഫൗണ്ടേഷനും ഒമാന്‍ തിയറ്റർ സൊസൈറ്റിയുടെ രക്ഷാകർതൃത്വത്തിലാണ് നാടകം അവതരിപ്പിച്ചത്. വിവിധ രാജ്യങ്ങളുടെ അംബസഡർമാരടക്കം കലാരംഗത്തെ സ്വദേശികളായ അനേകം കലാകാരന്മാര് ഈ നാടകം കാണാന്‍ എത്തിയിരുന്നു. ആർട്ടിസ്റ്റ് സുജാതന്‍ മാസ്റ്ററാണ് രംഗകല ഒരുക്കിയത്. ഒമാനിലെ മലയാളി സമൂഹത്തില്‍ അറിയപ്പെടുന്ന കലാകാരന് ബിജു വര്‍ഗീസാണ് ഷേക്സ്പിയറായി വേഷമിട്ടത്. സത്യനാഥ് ഗോപിനാഥ്, ക്രിസ്റ്റി ആന്റണി, അജീഷ് വാസുദേവ്, മോഹന്‍രാജ്, പ്രശാന്ത്, സതീഷ്കുമാര്‍ അടൂര്‍, രവീന്ദ്രനാഥ് കൈപ്പറത്ത്, ആതിര കൃഷ്ണേന്ദു, ലക്ഷ്മി വൈശാഖ്, ധന്യമനോജ്, വിജി സുരേന്ദ്രന് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
നാടകം കാണാനെത്തിയ മുഖ്യാതിഥികളുടെ മുൻനിര
കേരളത്തില്‍ 500ല്‍ അധികം സ്റ്റേജുകളില്‍ അരങ്ങേറിയ ഈ നാടകം മസ്കത്തില് അവതരിപ്പിച്ചപ്പോള്‍ അരങ്ങത്തും അണിയറയിലുമായി 40ൽപരം കലാകാരന്മാര് അണിനിരന്നു. നാടകത്തിനു ദീപവിതാനം നടത്തിയത് ജയേഷ് കവിതയാണ്. 16ാം നൂറ്റാണ്ടിലെ ലണ്ടന്‍ നാടകശാലകളെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള വേഷവിതാനങ്ങളായിരുന്നു നാടകത്തിന്റെ മറ്റൊരു പ്രത്യകത.
വസ്ത്രാലങ്കാരം: ഷമി അനില്‍കുമാര്‍, പ്രോപ്പര്‍ട്ടീസ്: റെജി പുത്തൂര്‍, സതീഷ് കുമാര്‍ അടൂര്‍, കേശാലങ്കാരം: ലിഗേഷ് (ഗള്‍ഫ് ഗേറ്റ്), നൃത്ത സംവിധാനം: സൻസെറ്റ് സ്റ്റുണര്, ലക്ഷ്മി വൈശാഖ്. അമൃതപാല്‍ സങ്ങി, രാജേഷ് കായംകുളം എന്നിവര്‍ അസോസിയേറ്റുകളായും പ്രവര്‍ത്തിച്ചു. വരും ദിവസങ്ങളിൽ ഒമാനിലെ മറ്റ് സ്ഥലങ്ങളിലും നാടകം അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.