സലാലയിൽനിന്നുള്ള കാഴ്ച
മസ്കത്ത്: കഴിഞ്ഞ വർഷത്തെ ഖരീഫ് സീസണിൽ സലാലയുടെ പച്ചപ്പും തണുപ്പും നുകരാനെത്തിയത് 813,000 സന്ദർശകർ. 80 ദശലക്ഷത്തിലധികം റിയാൽ ഈ സഞ്ചാരികൾ ചെലവഴിക്കുകയും ചെയ്തു. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ സഞ്ചാരികളുടെ എണ്ണത്തിൽ ആറു ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. 2021ൽ 7.67 ലക്ഷം ആളുകളായിരുന്നു സന്ദർശകരായി ഉണ്ടായിരുന്നത്. സന്ദർശകരായി എത്തിയവരിൽ കൂടുതൽപേരും ഒമാനി പൗരൻമാർതന്നെയായിരുന്നു. 5,62,995 പേരാണ് കഴിഞ്ഞ സീസണിൽ എത്തിയത്. മൊത്തം സന്ദർശകരുടെ 69 ശതമാനം വരുമിത്.
ജി.സി.സി രാജ്യങ്ങളിൽനിന്ന് 1,61,260 ആളുകളായിരുന്നു എത്തിയത്. 2019മായി താരതമ്യം ചെയ്യുമ്പോൾ 24.5 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്. 1,29,519 സന്ദർശകരായിരുന്നു 2019ൽ ഉണ്ടായിരുന്നത്. കോവിഡിന്റെ പിടിയിലമർന്നതിനാൽ 2020, 21 വർഷങ്ങളിൽ ഖരീഫ് സീസണിൽ സഞ്ചാരികൾക്ക് പ്രവേശനാനുമതിയുണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം 80 ശതമാനം ആളുകളും (647,301) റോഡുമാർഗം എത്തിയവരായിരുന്നു. 2019ലെ റോഡുമാർഗവുമായി എത്തിയവരുമായി താരതമ്യം ചെയ്യുമ്പോൾ 79.6 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്. എയർപോർട്ട് വഴി ഏകദേശം 165,704 സന്ദർശകർ ദോഫാർ ഗവർണറേറ്റിൽ 2022ൽ എത്തിയത്. 2019നെ അപേക്ഷിച്ച് 20.4 ശതമാനം ഉയർച്ചയാണുണ്ടായിരിക്കുന്നത്. 1,56,281 ആളുകളായിരുന്നു 2019ൽ എയർപോർട്ട് വഴി ദോഫാറിൽ എത്തിയത്.
ഖരീഫ് സീസണിൽ ആഭ്യന്തര വിമാന സർവിസുകളുടെ എണ്ണം ഏകദേശം 16,114 ഫ്ലൈറ്റുകളിലെത്തിയപ്പോൾ 2019ൽ ഇത് ഏകദേശം 15,198 ആയിരുന്നു. 2019നെ അപേക്ഷിച്ച് 1,49,590 അന്താരാഷ്ട്ര വിമാനങ്ങളായിരുന്നു 2022ൽ എത്തിയിരുന്നത്. അതേസമയം, ഈ വർഷത്തെ ഖരീഫ് സീസണെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് അധികൃതർ. വിവിധ വകുപ്പുകളുടെ യോഗം കഴിഞ്ഞ ദിവസങ്ങളിൽ ദോഫാർ ഗവർണറുടെ നേതൃത്വത്തിൽ വിളിച്ചുചേർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.