പൈതൃക, ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് ആൽ മഹ്റൂഖി ദോഫാർ ഗവർണറേറ്റ് സന്ദർശിച്ചപ്പോൾ
മസ്കത്ത്: ഖരീഫ് സീസണിന് മുന്നോടിയായി ഒമാന്റെ പൈതൃക, ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് ആൽ മഹ്റൂഖി ദോഫാർ ഗവർണറേറ്റ് സന്ദർശിച്ചു. ഖരീഫ് സീസണിനായുള്ള ഒരുക്കങ്ങളും നിലവിലുള്ള വിനോദസഞ്ചാര വികസന പദ്ധതികളും വിലയിരുത്തുക എന്നതായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഒമാന്റെ വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള മന്ത്രാലയത്തിന്റെ തന്ത്രപരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനം.
മന്ത്രി സലാല തുറമുഖം സന്ദർശിച്ച്, അവിടെ നടക്കുന്ന വികസന പ്രവർത്തനങ്ങളും ക്രൂസ് കപ്പലുകളെ സ്വീകരിക്കുന്നതിനുള്ള തുറമുഖത്തിന്റെ സജ്ജീകരണങ്ങളും നേരിട്ട് വിലയിരുത്തി. വരുന്ന ഖരീഫ് സീസണിലെ മുന്നൊരുക്കങ്ങൾ വിലയിരുത്താനായി കഴിഞ്ഞ ദിവസം നടന്ന യോഗത്തിലും മന്ത്രി പങ്കെടുത്തിരുന്നു. വിജയകരവും ഉന്നതവുമായ വിനോദസഞ്ചാര അനുഭവത്തിനായി വിവിധ മേഖലകളിലെ ഏകീകൃത ശ്രമങ്ങൾ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള യോഗത്തിൽ ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി ആൽ സഈദ് അധ്യക്ഷതവഹിച്ചു. പൊതുജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതും വിനോദസഞ്ചാരത്തെ ഉത്തേജിപ്പിക്കുന്നതുമായ മികച്ച ഖരീഫ് സീസൺ നൽകുന്നതിന് കൂട്ടായ സന്നദ്ധതയും വിധ മേഖലകളിലെ ഏകോപനവും ആവശ്യമാണെന്ന് യോഗത്തിലുള്ളവർ ചൂണ്ടിക്കാണിച്ചു.
ദോഫാർ മുനിസിപ്പാലിറ്റി തങ്ങളുടെ സേവന മെച്ചപ്പെടുത്തൽ പദ്ധതികളുടെ രൂപരേഖ വിശദമായ ദൃശ്യ വിവരണത്തിലൂടെ അവതരിപ്പിച്ചു. ഉൾഭാഗങ്ങളിലെ റോഡ് മെച്ചപ്പെടുത്തലുകൾ, ഗതാഗത മാനേജ്മെന്റ്, നിരീക്ഷണ സംവിധാനങ്ങൾ, വിവിധ വിലായത്തുകളിലുടനീളമുള്ള ഇവന്റ് സൈറ്റ് തയാറെടുപ്പ് തുടങ്ങിയ കാര്യങ്ങളാണ് അവതരണത്തിലുൾപ്പെട്ടിരുന്നത്. ഉയർന്ന ട്രാഫിക് മേഖലകളിലെ തിരക്ക് നിയന്ത്രിക്കൽ,
സുരക്ഷ ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കൽ, പൊതു സുരക്ഷ ഉറപ്പാക്കാൻ റെസ്ക്യൂ പ്രോട്ടോക്കോളുകൾ നടപ്പിലാക്കൽ എന്നിവ ഉൾപ്പെടുന്ന അവരുടെ ഗതാഗത, സുരക്ഷ തന്ത്രങ്ങൾ റോയൽ ഒമാൻ പൊലീസിന്റെ ദോഫാർ കമാൻഡും പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.