മസ്കത്ത്: വാഹന അറ്റകുറ്റപ്പണികൾ വൈകുന്ന സാഹചര്യത്തിൽ വാഹന ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നത് നിർബന്ധമാക്കി ഒമാനിലെ ഫിനാൻഷ്യൽ സർവിസസ് അതോറിറ്റി (എഫ്.എസ്.എ) ഏകീകൃത മോട്ടോർ ഇൻഷുറൻസ് നയത്തിൽ ഭേദഗതി വരുത്തി. പുതുക്കിയ ചട്ട പ്രകാരം, അപകടവുമായി ബന്ധപ്പെട്ട ഫയൽ അന്തിമമായി തീർപ്പാക്കിയ തീയതി മുതൽ 30 ദിവസത്തിനകം വാഹന അറ്റകുറ്റപ്പണി പൂർത്തിയാക്കാത്ത പക്ഷം, ഇൻഷുറൻസ് കമ്പനികൾ വാഹന ഉടമകൾക്ക് നഷ്ടപരിഹാരം നൽകണം.
എന്നാൽ, അസാധാരണ സാഹചര്യങ്ങൾ മൂലമുള്ള വൈകലുകൾക്ക് ഈ വ്യവസ്ഥ ബാധകമല്ലെന്ന് എഫ്.എസ്.എ വ്യക്തമാക്കി. നിശ്ചിത സമയപരിധി കഴിഞ്ഞ് വൈകുന്ന ഓരോ ദിവസവും കണക്കാക്കിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. ഇതുമായി ബന്ധപ്പെട്ട വിശദമായ വ്യവസ്ഥകളും നിയന്ത്രണങ്ങളും അതോറിറ്റി പിന്നീട് പ്രഖ്യാപിക്കും. സമയബന്ധിതമായ അറ്റകുറ്റപ്പണികൾ ഉറപ്പാക്കാനും, ഇൻഷുറൻസ് കമ്പനികളും ഉപഭോക്താക്കളും തമ്മിലുള്ള തർക്കങ്ങൾ കുറയ്ക്കാനും, വാഹനങ്ങൾ ദീർഘകാലം അറ്റകുറ്റപ്പണിക്കായ കിടക്കേണ്ട സാഹചര്യം ഒഴിവാക്കാനുമാണ് ഈ നടപടി.
നഷ്ടപരിഹാര തുകയുടെ ദുരുപയോഗം തടയുന്നതിനായി കർശന നിയന്ത്രണങ്ങളും ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹന അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട തുക രണ്ടുഘട്ടങ്ങളിലായി നൽകും. അംഗീകരിച്ച തുകയുടെ 70 ശതമാനം അറ്റകുറ്റപ്പണി ആരംഭിക്കുന്നതിന് മുമ്പും ബാക്കി 30 ശതമാനം അറ്റകുറ്റപ്പണി പൂർത്തിയായ ശേഷം മാത്രമാണ് നൽകുക. അപകടത്തിൽ കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾ അംഗീകൃത സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ച്, കൃത്യമായ സമയപരിധിക്കുള്ളിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ സുരക്ഷാ നിലവാരം ഉയർത്തുകയാണ് ഭേദഗതികളുടെ ലക്ഷ്യമെന്നും എഫ്.എസ്.എ അറിയിച്ചു. പുതിയ വ്യവസ്ഥകൾ നടപ്പാക്കുന്നതിനും ആവശ്യമായ സാങ്കേതിക-പ്രവർത്തന ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നതിനുമായി ഇൻഷുറൻസ് കമ്പനികൾക്ക് പ്രസിദ്ധീകരണ തീയതി മുതൽ 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.