ഓൺലൈൻ ഗെയിം വഴി ബ്ലാക്ക് മെയിലിങ്; ജാഗ്രത വേണമെന്ന് ആർ.ഒ.പി

മസ്‌കത്ത്: സാങ്കേതികവിദ്യയുടെ വളർച്ചയും ഓൺലൈൻ മൾട്ടിപ്ലെയർ ഗെയിമുകളുടെ അമിത പ്രചാരവും കുട്ടികളുടെ സുരക്ഷക്ക് പുതിയ വെല്ലുവിളികൾ ഉയർത്തുന്നതായി റോയൽ ഒമാൻ പൊലിസ് (ആർ.ഒ.പി). ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളിലൂടെയും അനുബന്ധ ചാറ്റ് ആപ്ലിക്കേഷനുകളിലൂടെയും കുട്ടികളെ ലക്ഷ്യമിട്ട് വൻതോതിൽ ഡിജിറ്റൽ ബ്ലാക്ക്‌മെയിലിങ് നടക്കുന്നതായി ആർ.ഒ.പിയെ ഉദ്ധരിച്ച് ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വിനോദത്തിനായി കുട്ടികൾ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമുകൾ പലപ്പോഴും ഡിജിറ്റൽ കുറ്റവാളികളുടെ സുരക്ഷിതമായ താവളങ്ങളായി മാറുന്നതായാണ് അധികൃതരുടെ കണ്ടെത്തൽ.

കെണിയൊരുക്കുന്ന ഓൺലൈൻ സൗഹൃദങ്ങൾ

ആധുനിക അൾട്ടിമേറ്റ് മൾട്ടിപ്ലെയർ ഗെയിമുകൾ കേവലം കളി എന്നതിനപ്പുറം ശബ്ദത്തിലൂടെയും വീഡിയോയിലൂടെയും ലോകത്തിന്റെ വിവിധ കോണുകളിലുള്ള അപരിചിതരുമായി ലൈവ് ചാറ്റ് സൗകര്യമൊരുക്കുന്നവയാണ്. ഈ സവിശേഷതയാണ് കുറ്റവാളികൾ ചൂഷണം ചെയ്യുന്നത്. കളിക്കാർ എന്ന വ്യാജേന കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്ന ഇവർ, സാവധാനം അവരുടെ വിശ്വാസം പിടിച്ചെടുക്കുന്നു. തുടർന്ന് കുട്ടികളുടെ സ്വകാര്യ ചിത്രങ്ങൾ, കുടുംബ വിവരങ്ങൾ, സോഷ്യൽ മീഡിയ അക്കൗണ്ട് വിശദാംശങ്ങൾ എന്നിവ കൈക്കലാക്കുകയും പിന്നീട് ഇവ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണമോ മറ്റ് ആവശ്യങ്ങളോ ഉന്നയിച്ച് ബ്ലാക്ക്‌മെയിലിങ് ആരംഭിക്കുകയും ചെയ്യുന്നു.

രക്ഷിതാക്കൾ ശ്രദ്ധിക്കണം

കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിൽ മാതാപിതാക്കളുടെ നിരന്തരമായ നിരീക്ഷണവും ഡിജിറ്റൽ അവബോധവും ഉണ്ടെങ്കിൽ മാത്രമേ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കൂ എന്ന് സുരക്ഷാ വിദഗ്ധർ ഓർമിപ്പിക്കുന്നു.

രക്ഷിതാക്കൾ പ്രധാനമായും ചില സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. ഡിജിറ്റൽ പ്രവർത്തനങ്ങളുടെ നിരീക്ഷണമാണ് പ്രധാനം. കുട്ടികൾ കളിക്കുന്ന ഗെയിമുകൾ ഏതാണെന്നും അവയിൽ അപരിചിതരുമായി സംസാരിക്കാനുള്ള ചാറ്റ് ഫീച്ചറുകൾ ഉണ്ടോ എന്നും പരിശോധിക്കണം. അതോടൊപ്പം കുട്ടികളുടെ സ്വകാര്യത ഉറപ്പാക്കണം. ഓൺലൈനിൽ ഒരിക്കലും സ്വന്തം പേര്, സ്കൂൾ, വിലാസം, ഫോൺ നമ്പർ, ചിത്രങ്ങൾ എന്നിവ അപരിചിതരുമായി പങ്കുവെക്കരുതെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം.

ഓൺലൈനിൽ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതയോ ഭീഷണിയോ നേരിട്ടാൽ അത് ഭയമില്ലാതെ മാതാപിതാക്കളോട് തുറന്നുപറയാനുള്ള മാനസികാവസ്ഥ കുട്ടികളിൽ വളർത്തിയെടുക്കുക എന്നതും പ്രധാനണമാണ്.

നിയമനടപടികളുടെ മാർഗങ്ങൾ

ഒമാനിലെ സൈബർ നിയമങ്ങൾ അനുസരിച്ച് ഡിജിറ്റൽ ബ്ലാക്ക്‌മെയിലിങ് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കുറ്റവാളികൾക്ക് തടവുശിക്ഷയും വൻ തുക പിഴയും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

ഇത്തരം ഭീഷണികൾക്ക് ഇരയായാൽ ഒരു കാരണവശാലും കുറ്റവാളികൾ ആവശ്യപ്പെടുന്ന പണം നൽകാനോ അവരുടെ നിർദേശങ്ങൾക്ക് വഴങ്ങാനോ പാടില്ലെന്ന് ആർ.ഒ.പി കർശന നിർദേശം നൽകുന്നു. പണം നൽകുന്നത് ബ്ലാക്ക്‌മെയിലിങ് കൂടാൻ മാത്രമേ കാരണമാകൂ. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ഉടൻ ആർ.ഒ.പിയുടെ ഔദ്യോഗിക സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ 80077444 നമ്പറിലോ അല്ലെങ്കിൽ അടുത്തുള്ള പൊലിസ് സ്റ്റേഷനിലോ വിവരമറിയിക്കണം. കുറ്റവാളികളുമായി നടത്തിയ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളോ മറ്റ് തെളിവുകളോ നശിപ്പിക്കാതെ പൊലിസിന് കൈമാറുന്നത് പ്രതികളെ വേഗത്തിൽ പിടികൂടാൻ സഹായിക്കും.

Tags:    
News Summary - Online Gaming Blacklift Threat: ROP Issues Warning for Parents and Children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.