സുരേഷ് പിള്ള, ആബിദ റഷീദ് ,രാജ് കലേഷ്, അക്ബർ ഖാൻ, ദാന റാസിക്ക്
മസ്തത്ത്: ഗൾഫ് മാധ്യമത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘മീ ഫ്രണ്ട്’ സംഘടിപ്പിക്കുന്ന ‘ദംദം ബിരിയാണി ഫെസ്റ്റി’ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഒമാനിലെ ‘ദം സ്റ്റാർ പട്ടം’ നേടാനുള്ള മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ വെള്ളിയാഴ്ച വൈകീട്ട് 3.30ന് ബൗഷർ ക്ലബ് സ്റ്റേഡിയത്തിൽ നടക്കും. എം.പി.സാജിത , നസ്രിൻ റിൻഷാദ്, റംഷീത നഫ്സൽ, റഹ്മത്ത് ഇഖ്ബാൽ, ഷീജ അസീസ്, ഷാഹിന മർസൂക്ക്, ബിരുന്ത, നഹീമ റാഷി, റജീന നിയാസ്,സായൂജ് മരുവോട്ടിൽ, റജീന മുനീർ, ശാരിഖ ജബീൻ, ഉമ്മീ ഉമർ, അഫ്ര സർഫറാസ്,സൊഹാറ ജെദ്ദ എന്നിവരാണ് ഫൈനലിൽ മാറ്റുരക്കുന്നത്. പ്രാഥമിക റൗണ്ടിൽ ലഭിച്ച ആയിരക്കണക്കിന് എൻട്രികളിൽനിന്നും തെരഞ്ഞെടുത്ത 50 പേരായിരുന്നു അൽ ഖൂദ് ഫുഡ്ലാൻഡ്സ് റസ്റ്റാറന്റിൽ നടന്ന സെമിഫൈനലിൽ പങ്കെടുത്തിരുന്നത്. മത്സരത്തിൽ പാലിക്കേണ്ട മാർഗനിർദേശങ്ങളും നിയമാവലികളും മത്സരാർഥിളെ അറിയിച്ചിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു.ലൈവ് കുക്കിങ്ങായിട്ടായിരിക്കും ഫൈനൽ അരങ്ങേറുക.
'ദംദം ബിരിയാണി ഫെസ്റ്റി’ൽ വിജയികളെ കാത്തിരിക്കുന്നത് നാലായിരം റിയാലിന്റെ സമ്മാനങ്ങളാണ്. പ്രമുഖ പാചക വിദഗ്ധൻ ഷെഫ് സുരേഷ് പിള്ള, പാചക വിദഗ്ധ ആബിദ റഷീദ്, കുടുംബങ്ങളുടെ ഇഷ്ടതാരവും അവതാരകനുമായ രാജ് കലേഷ് തുടങ്ങിയവരടങ്ങുന്ന ജൂറി പാനലാണ് അന്തിമ വിജയികളെ തെരഞ്ഞെടുക്കുക. നമ്മുടെ വീട്ടകങ്ങളിലുണ്ടാക്കുന്ന ബിരിയാണിയുടെ രൂചിക്കൂട്ട് ലോകത്തെ അറിയിക്കാനുള്ള സുവർണാവസരമാണ് 'ദംദം ബിരിയാണി ഫെസ്റ്റിലൂടെ കൈവന്നിരിക്കുന്നത്.
മസ്കത്തിന്റെ മഹാരുചി മേളയിൽ വിജയികളാകുന്നവർക്ക് ‘ദം സ്റ്റാർ’ പട്ടമാണ് നൽകുക. ഗ്രാൻഡ് ഫിനാലെ നടക്കുന്ന ആഘോഷ രാവിന് മാറ്റുകൂട്ടാനായി ഗായകരായ അക്ബർ ഖാൻ, ദാന റാസിക്ക് എന്നിവരുടെ സംഗീത ബാൻഡുമുണ്ടാകും.കുട്ടികൾക്കും കുടുംബങ്ങൾക്കും ആസ്വദിക്കാവുന്ന ഗെയിം ഷോകൾ,മെഹന്തി, ഫേസ് പെയിന്റിങ്,കിഡ്സ് കോർണറുകൾ, കണ്ണൂർ വിഭവങ്ങളുടേതടക്കമുള്ള ഫുഡ് സ്റ്റാളുകൾ എന്നിങ്ങനെ വൈവിധ്യങ്ങളായ വിനോദ പരിപാടികളും അരങ്ങേറും.
പ്രവേശനം സൗജന്യമാണ്. ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ് മുഖ്യ പ്രായോജരാകുന്ന പരിപാടിയിൽ സൗന്ദര്യവർധക ഉൽപന്നങ്ങളുടെ ഓൺലൈൻ വിതരണക്കാരായ സൂഖ് റിമ ഡോട്ട് കോം(WWW.SOUQRIMA.COM), ബദർ അൽ സമ ഹോസ്പിറ്റൽ, ഫുഡ്ലാൻഡ്സ് റസ്റ്റാറന്റ്, ബിസ്മി ജീരകശാല റൈസ് എന്നിവരും കൈകോർക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.