ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗം വാർത്തസമ്മേളനത്തിൽനിന്ന്

ഐ.എസ്.സി ഒമാൻ– കേരള വിഭാഗം രജതജൂബിലി ഓണാഘോഷം 18ന്

മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ- കേരള വിഭാഗത്തിന്റെ 25 ആം വാർഷികാഘോഷവും ഓണാഘോഷവും സെപ്തംബർ 18ന് വൈകുന്നേരം ആറിന് റൂവിയിലെ അൽ ഫലജ് ഹോട്ടൽ ഹാളിൽ നടക്കും. ഒമാനിലെ മലയാളി സമൂഹത്തിന്റെ സാമൂഹിക, സാംസ്കാരിക, സാമൂഹികക്ഷേമ പ്രവർത്തന മേഖലകളിൽ കാൽനൂറ്റാണ്ടായി സജീവമായി പ്രവർത്തിച്ചുവരുന്ന കേരള വിഭാഗത്തിന്റെ രജതജൂബിലി ആഘോഷിക്കുന്നതിനൊപ്പം മലയാളികളുടെ സാംസ്കാരിക പൈതൃകത്തിന്റെ പ്രധാന പ്രതീകമായ ഓണത്തെ വൈവിധ്യമാർന്ന കലാപരിപാടികളോടെ വരവേൽക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നാടിന്റെ ഓർമ്മകളും കേരളീയ കലാരൂപങ്ങളും സംഗീതവും പാരമ്പര്യങ്ങളും പുതുതലമുറയിലേക്ക് കൈമാറുന്ന ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ അരങ്ങേറും. 18ന് രാവിലെ 11 ന് ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് മിഷൻ തവ്ഷി ബെഹൽ പാണ്‌ഡേ ഓണാഘോഷങ്ങളുടെ ഉദ്‌ഘാടനം നിർവഹിക്കും. തുടർന്ന് ക്ഷണിക്കപ്പെട്ട അതിഥികൾക്കും അംഗങ്ങൾക്കുമായി ഓണസദ്യ ഒരുക്കും.

ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഒമാനിലെ വ്യവസായ പ്രമുഖനും ഒമാൻ നാഷനൽ യുനിവേഴ്സിറ്റി ചാൻസലറുമായ ഡോ. പി. മുഹമ്മദലി, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ചെയർമാൻ സുഹൈൽ ഖാൻ, ജനറൽ സെക്രട്ടറി ഷക്കീൽ കെ.എം എന്നിവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ പങ്കെടുക്കും. പ്രശസ്ത ഗായിക അനിത ഷെയ്ഖിന്റെ നേതൃത്വത്തിലുള്ള ലൈവ് ബാൻഡും കേരള വിഭാഗത്തിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന പ്രത്യേക നൃത്തപരിപാടിയും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും. 2001 മാർച്ച് 29 ന് ഗാനഗന്ധർവൻ ഡോ. കെ.ജെ യേശുദാസ് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ച കേരള വിഭാഗം, ഒമാനിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ ആവശ്യങ്ങൾ മുൻനിർത്തി വിവിധ പദ്ധതികൾക്ക് നേതൃത്വം നൽകി വരുന്നതായി ഭാരവാഹികൾ പറഞ്ഞു.

കലാ–സാംസ്കാരിക പരിപാടികൾ, സാഹിത്യ സംരംഭങ്ങൾ, കുട്ടികൾക്കും യുവജനങ്ങൾക്കുമായി വിവിധ മത്സരങ്ങളും പരിശീലനങ്ങളും, വനിതാ കേന്ദ്രീകൃത പ്രവർത്തനങ്ങൾ, ശാസ്ത്ര സാങ്കേതിക പ്രവർത്തനങ്ങൾ, സാമൂഹിക ക്ഷേമ പദ്ധതികൾ എന്നിവ കേരള വിഭാഗത്തിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമാണ്. രജതജൂബിലിക്ക് ശേഷം കേരള വിഭാഗത്തിന്റെ പ്രവർത്തനങ്ങളിൽ കുട്ടികൾക്കും യുവജനങ്ങൾക്കും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് മുൻഗണനയെന്നും

കല, സാഹിത്യം, കായികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ അവരുടെ കഴിവുകൾ കണ്ടെത്താനും പരിപോഷിപ്പിക്കാനുമുള്ള പരിപാടികൾ കൂടുതൽ വിപുലപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാവിഭാഗം കൺവീനർ - അജയൻ പൊയ്യാറ, ഐ.എസ്.സി ഒമാൻ ജനറൽ സെക്രട്ടറി ഷക്കീൽ കോമത്ത്, സോഷ്യൽ വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ, മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനു ചന്ദ്രൻ, കേരളാവിഭാഗം മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - ISC Oman Kerala Wing Silver Jubilee and Onam Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.