മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ രാജകീയ നിർദേശത്തെ തുടർന്ന് ആരംഭിക്കുന്ന നിക്ഷേപ, വ്യാപാര കോടതി ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. നിക്ഷേപ, വാണിജ്യ തർക്കങ്ങളിൽ വേഗത്തിലുള്ളതും പ്രഫഷണലും ഫലപ്രദവുമായ വിധിനിർണയം നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സുപ്രീം ജുഡീഷ്യൽ കൗൺസിലുമായി അഫിലിയേറ്റ് ചെയ്ത പുതിയ കോടതി മസ്കത്ത് ഗവർണറേറ്റ് ആസ്ഥാനമായിരിക്കും പ്രവർത്തിക്കുക.
11തരം തർക്കങ്ങൾ കൈകാര്യം ചെയ്യും. സുപ്രീം കോടതി ജഡ്ജിയെക്കാൾ താഴെയല്ലാത്ത റാങ്കുള്ള ഒരു പ്രസിഡന്റായിരിക്കും കോടതിയെ നയിക്കുന്നത്. ഇതിൽ അപ്പലേറ്റ്, ഫസ്റ്റ്-ഇൻസ്റ്റൻസ് ചേംബറുകൾ ഉൾപ്പെടും. സുപ്രീം കോടതി, അപ്പീൽ കോടതികൾ, ഫസ്റ്റ് ഇൻസ്റ്റൻസ് കോടതികൾ എന്നിവയിൽ നിന്നുള്ള ജഡ്ജിമാരെ തെരഞ്ഞെടുക്കും. ഇ-കൊമേഴ്സ് ഇടപാടുകൾ, പൊതു-സ്വകാര്യ പങ്കാളിത്തം, മത്സര നിയമം, പേറ്റന്റുകൾ, വ്യാപാരമുദ്രകൾ തുടങ്ങിയ ബൗദ്ധിക സ്വത്തവകാശങ്ങൾ, പാപ്പരത്ത വിഷയങ്ങൾ എന്നിവയുൾപ്പെടെ 11തരം തർക്കങ്ങൾ കോടതി കൈകാര്യം ചെയ്യും.
100,000 റിയാലിൽ കൂടുതലുള്ളതോ, നിശ്ചിത മൂല്യം ഇല്ലാത്തതോ ആയ കേസുകൾ മൂന്ന് ജഡ്ജിമാരുടെ ഒരു പാനൽ കേൾക്കും. 100,000 റിയാലോ അതിൽ കുറവോ മൂല്യമുള്ള കേസുകൾ ഒരു ജഡ്ജി തന്നെ പരിഗണിക്കും. കേസുകളും അറിയിപ്പുകളും കൈകാര്യം ചെയ്യുന്നതിനായി കോടതി ഇലക്ട്രോണിക് സംവിധാനം നടപ്പിലാക്കും. ഒമാൻ സുൽത്താനേറ്റിനുള്ളിലോ പുറത്തോ ഉള്ള വ്യക്തികൾക്ക്, കോടതിക്ക് അനുയോജ്യമെന്ന് തോന്നുന്ന ഉചിതമായ മാർഗങ്ങൾ ഉപയോഗിച്ച് അവരുടെ താമസസ്ഥലത്തേക്കോ ജോലിസ്ഥലത്തേക്കോ നോട്ടീസ് അയക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.