മണ്ണിൽ പിറന്നൊരു പച്ചപ്പൈതൃകം; ‘റസാത്ത്’ വാഴക്ക് അന്താരാഷ്ട്ര അംഗീകാരം

മസ്കത്ത്: ഒരു നാടിന്റെ മണ്ണിൽ പിറക്കുന്ന ഓരോ സസ്യത്തിനും പറയാൻ ഒരു കഥയുണ്ടാകും. കാലാവസ്ഥയെയും വെള്ളത്തെയും കാറ്റിനെയും അതിജീവിച്ച് തലമുറകളിലേക്ക് പകരുന്ന ചില ഇനങ്ങൾ കാലം കഴിയുമ്പോൾ വെറുമൊരു കാർഷിക വിളയല്ലാതാകും. അവ നാടിന്റെ പൈതൃകത്തിന്റെ ഭാഗമാകും. ഒമാന്റെ മണ്ണിനോട് ചേർന്നുനിൽക്കുന്ന അത്തരമൊരു തനത് വാഴ ഇനമാണ് റസാത്ത്. ഇപ്പോഴിതാ ഈ വാഴ ഇനം പുതിയ സസ്യ ഇനങ്ങളുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര സംഘടനയുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ്.

കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയത്തിന് കീഴിലെ കാർഷിക, മൃഗ ഗവേഷണ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് റസാത്ത് വാഴയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. റോയൽ കോർട്ട് അഫയേഴ്സിന് കീഴിലുള്ള റോയൽ റസാത്ത് ഫാമാണ് വാഴ ഇനം രജിസ്ട്രേഷനായി സമർപ്പിച്ചത്.

 

ഒരു സസ്യ ഇനത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിക്കുന്നത് അതിന്റെ പേര് ഒരു പട്ടികയിൽ ചേർക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. അതിന്റെ സവിശേഷതകളും ഏകീകൃത സ്വഭാവവും സ്ഥിരതയും ശാസ്ത്രീയമായി പരിശോധിച്ച് രേഖപ്പെടുത്തേണ്ടതുണ്ട്. റസാത്ത് വാഴയും ഇത്തരത്തിലുള്ള സാങ്കേതിക പരിശോധനകൾക്കും പരീക്ഷണങ്ങൾക്കും ശേഷമാണ് രജിസ്ട്രേഷൻ നേടിയത്. സസ്യ ഇനങ്ങളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സമിതിയുടെ വിലയിരുത്തലിൽ റസാത്ത് വാഴ ആവശ്യമായ സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നതായി കണ്ടെത്തി.

റസാത്ത് വെറുമൊരു വാഴ ഇനമല്ല

റസാത്ത് എന്ന പേര് ഇനി ഒരു വാഴ ഇനത്തിന്റെ പേര് മാത്രമല്ല. ഒമാന്റെ കാർഷിക വൈവിധ്യത്തെ ലോകത്തിന് മുന്നിൽ രേഖപ്പെടുത്തുന്ന ഒരു അടയാളം കൂടിയാണ്. കാർഷിക ഗവേഷണം, ഉൽപാദനം, ജനിതക വിഭവങ്ങളുടെ സംരക്ഷണം, നിയമപരമായ സംരക്ഷണം, നിക്ഷേപം എന്നിവയെ ഏകോപിപ്പിക്കുന്നതിലെ പ്രധാന ചുവടുവയ്പാണ് രജിസ്ട്രേഷനെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഒമാന്റെ തനത് കാർഷിക ഇനങ്ങൾക്ക് കൂടുതൽ മൂല്യം നൽകാനും കാർഷിക മേഖലയിലെ നിക്ഷേപ അവസരങ്ങൾ വർധിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്നും അധികൃതർ അറിയിച്ചു.ഒരു വിത്തിൽ ഒരു ചെടിയുടെ ഭാവി മാത്രമല്ല, ഒരു നാടിന്റെ കാർഷിക ഓർമകളും ഒളിഞ്ഞിരിപ്പുണ്ട്. അതുകൊണ്ടുതന്നെ സസ്യ ഇനങ്ങളുടെ രജിസ്ട്രേഷൻ ജനിതക വിഭവങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രധാന മാർഗങ്ങളിലൊന്നാണെന്ന് മന്ത്രാലയത്തിലെ വിത്ത് ഗവേഷണ, സസ്യ ജനിതക വിഭവ വിഭാഗം മേധാവി ഡോ. സഫാ ബിൻത് മുഹമ്മദ് അൽ ഫാർസി പറഞ്ഞു.

ഓരോ സസ്യ ഇനത്തിന്റെയും സവിശേഷതകൾ രേഖപ്പെടുത്തുന്നതിനൊപ്പം കാർഷിക ഗവേഷണത്തിനും വികസനത്തിനും പ്രയോജനപ്പെടുന്ന ശാസ്ത്രീയ രേഖയും ഇതിലൂടെ ലഭിക്കുമെന്ന് അവർ വ്യക്തമാക്കി. ഒമാനിൽനിന്ന് അന്താരാഷ്ട്രതലത്തിൽ രജിസ്റ്റർ ചെയ്ത സസ്യ ഇനങ്ങളുടെ പട്ടികയിലേക്കാണ് റസാത്ത് വാഴയും ചേർന്നിരിക്കുന്നത്. സസ്യ വൈവിധ്യം സംരക്ഷിക്കുന്നതിനും ഓരോ ഇനത്തിന്റെയും സവിശേഷതകളും അതുമായി ബന്ധപ്പെട്ട അറിവും ഭാവിതലമുറകൾക്കായി കാത്തുസൂക്ഷിക്കുന്നതിനും രജിസ്ട്രേഷൻ സഹായിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

മരുഭൂമിയുടെ നിറങ്ങൾക്കിടയിലും പച്ചപ്പിനെ ചേർത്തുപിടിച്ച ഒമാന്റെ കാർഷിക പാരമ്പര്യത്തിൽനിന്ന് ഉയർന്നുവന്ന റസാത്ത് ഇനി ഒരു തോട്ടത്തിന്റെ അതിരുകൾക്കുള്ളിൽ മാത്രം ഒതുങ്ങുന്നില്ല. ഒരു പേരായി, ഒരു സവിശേഷതയായി, ഒരു കാർഷിക പൈതൃകത്തിന്റെ രേഖയായി അത് അന്താരാഷ്ട്ര പട്ടികയിലും ഇടംപിടിച്ചിരിക്കുന്നു.പുതിയ സസ്യ ഇനങ്ങളുടെ ഉടമകളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട 2009ലെ നിയമവും അതിന്റെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച ചട്ടങ്ങളും അനുസരിച്ചാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - International recognition for 'Razat' banana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.