‘ശബാബ് ഒമാൻ രണ്ട്’ നാവിക കപ്പലിനുള്ള 2022ലെ ഇന്‍റർനാഷനൽ ഫ്രണ്ട്ഷിപ് കപ്പ് ഏറ്റുവാങ്ങിയപ്പോൾ

'ശബാബ് ഒമാൻ 2' നാവിക കപ്പലിന് രാജ്യാന്തര പുരസ്കാരം

മസ്കത്ത്: സമാധാനത്തിന്‍റെ സന്ദേശവുമായി പര്യടനം നടത്തുന്ന റോയൽ നേവി ഓഫ് ഒമാനിന്‍റെ 'ശബാബ് ഒമാൻ രണ്ട്' കപ്പലിന് രാജ്യാന്തര പുരസ്കാരം. പായ്ക്കപ്പലുകൾക്ക് നൽകുന്ന 2022ലെ ഇന്‍റർനാഷനൽ ഫ്രണ്ട്ഷിപ് കപ്പ് ആണ് ഈ നാവിക കപ്പൽ നേടിയത്. ദീർഘദൂരം കടൽയാത്ര നടത്തുന്ന കപ്പലുകൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്കാരമാണിത്. ഡെൻമാർക്കിൽ നടക്കുന്ന ലോങ് സെയ്ലിങ് റേസ് 2022ന്‍റെ സമാപനത്തോടനുബന്ധിച്ചാണ് ലോങ് സെയ്ലിങ് റേസിന്‍റെ വിജയികളെ പ്രഖ്യാപിച്ചത്. 'ഒമാൻ, സമാധാനത്തിന്‍റെ ഭൂമിക' എന്ന സന്ദേശവുമായി യൂറോപ്യൻ ഉപഭൂഖണ്ഡത്തിലേക്ക് യാത്ര നടത്തുന്ന 'ശബാബ് ഒമാൻ രണ്ട്' ഇപ്പോൾ ഡെൻമാർക്കിലെ ആൽബോർഗ് തുറമുഖത്താണുള്ളത്. ലോങ് സെയ്ലിങ് റേസ് 2022 മത്സരത്തിൽ പങ്കെടുക്കുന്ന കപ്പലുകളിലെ ക്യാപ്റ്റന്മാരുടെയും ജീവനക്കാരുടെയും വോട്ടിങ്ങിന്‍റെ അടിസ്ഥാനത്തിലാണ് വിജയികളെ നിശ്ചയിച്ചത്.

'ഒമാൻ, സമാധാനത്തിന്‍റെ ഭൂമിക' എന്ന തലക്കെട്ടിൽ 'ശബാബ് ഒമാൻ രണ്ടി'ന്‍റെ യൂറോപ്യൻ ഉപഭൂഖണ്ഡ യാത്ര ഏപ്രിൽ11ന് സുൽത്താനേറ്റിൽ നിന്നാണ് ആരംഭിച്ചത്. രാജ്യത്തിന്‍റെ നാവിക ചരിത്രവും പുരാതന പൈതൃകങ്ങളും പരിചയപ്പെടുത്തി സുൽത്താനേറ്റും വിവിധ രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധം വിപുലപ്പെടുത്തുന്നതിനുള്ള സന്ദേശമാണ് യാത്രയിലൂടെ ശ്രമിക്കുന്നത്. ഗ്രീസിലെ ഹെറാക്ലിയോൺ, ഇറ്റലിയിലെ കാറ്റാനിയ, സിറാക്കൂസ, സ്പെയിനിലെ ഈവിസ, ഇബിസ, ക്രൊയേഷ്യയിലെ ഡുബ്രോവ്നിക്, ഇംഗ്ലണ്ടിലെ വെസ്റ്റ് ഇന്ത്യൻ ഡോക്സ്, ജർമനിയിലെ കീൽ, സ്വീഡനിലെ ഗോഥൻബർഗ് എന്നീ തുറമുഖങ്ങളിലും കപ്പൽ എത്തിയിരുന്നു.

ജർമനിയിലെ 'കീൽ മാരിടൈം വീക്ക് 2022'ലും 'ശബാബ് ഒമാൻ രണ്ട്' പങ്കെടുത്തിരുന്നു. ദാനിഷ് എസ്‌ജെര്‍ഗ് ഫെസ്റ്റിവലില്‍ 'ശബാബ് ഒമാൻ' സന്ദർശകരെ സ്വീകരിച്ച മികച്ച കപ്പലിനുള്ള അവാർഡ് നേടിയിരുന്നു. എല്ലാ തുറമുഖങ്ങളിലും ഊഷ്മള വരവേൽപ്പാണ് ലഭിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നങ്കൂരമിടുന്ന കപ്പൽ കാണാനും യാത്രയെ പറ്റി അറിയാനുമായി നിരവധി പേരാണ് എത്തുന്നത്. സുൽത്താനേറ്റിന്‍റെ ചരിത്രവും പൈതൃകവും വിശദീകരിക്കുന്ന കപ്പലിലെ ഫോട്ടോ പ്രദർശനം സന്ദർശകരെ ആകർഷിക്കുന്ന ഘടകങ്ങളിലൊന്നാണ്. ലോക സഞ്ചാരത്തിന്‍റെ ഭാഗമായി 18 രാജ്യങ്ങളിലെ 30 തുറമുഖങ്ങൾ കപ്പൽ സന്ദർശിക്കും. കഴിഞ്ഞ വർഷം നവംബർ ഏഴിന് സൗഹൃദത്തിന്‍റെ സന്ദേശവുമായി 'ശബാബ് ഒമാൻ രണ്ട്' ജി.സി.സി രാജ്യങ്ങളിലക്കും പര്യടനം നടത്തിയിരുന്നു.

Tags:    
News Summary - International award for 'Shabab Oman 2' naval ship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.