ഹല്ലാനിയാത്ത് ദ്വീപിൽ ‘കരോലിൻ ബെസെംഗി’ കപ്പൽ മണ്ണിലുറച്ചതിന്റെ ആകാശ ചിത്രം
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ ഹല്ലാനിയാത്ത് ദ്വീപിൽ ‘കരോലിൻ ബെസെംഗി’ എന്ന കപ്പൽ മണ്ണിലുറച്ചുണ്ടായ അപകടത്തെ തുടർന്ന് കടലിലെ ആവാസ വ്യവസ്ഥക്കുണ്ടായേക്കാവുന്ന ആഘാതങ്ങൾ തടയാൻ ഒമാൻ ഭരണകൂടം ഊർജിത നടപടികൾ ആരംഭിച്ചു. ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയവും പരിസ്ഥിതി അതോറിറ്റിയും മറ്റ് ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി ചേർന്നാണ് സംയുക്ത രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
സമുദ്ര പരിസ്ഥിതിക്കും കപ്പൽ ഗതാഗത സുരക്ഷക്കും ഉണ്ടായേക്കാവുന്ന വെല്ലുവിളികൾ നേരിടാൻ പ്രത്യേക സാങ്കേതിക വിദഗ്ദ്ധ സംഘങ്ങൾ രംഗത്തുണ്ടെന്ന് ഇരു മന്ത്രാലയങ്ങളും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. അടിയന്തിര പദ്ധതികളനുസരിച്ച് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ നടപ്പാക്കാൻ ഈ സംഘങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കപ്പൽ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഉപഗ്രഹ ചിത്രങ്ങൾ , ഫീൽഡ് സർവേകൾ, പ്രത്യേക സാങ്കേതിക മാതൃകകൾ എന്നിവ പ്രയോജനപ്പെടുത്തുന്നുണ്ട്. രാജ്യാന്തര മാനദണ്ഡങ്ങളും ഉടമ്പടികളും പൂർണമായി പാലിച്ചുകൊണ്ടാണ് നിലവിലെ നടപടികൾ പുരോഗമിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി മാത്രമേ പുറത്തുവിടുകയുള്ളൂവെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഒമാൻ തീരത്ത് കുടുങ്ങിയ കപ്പലുകൾ നീക്കണമെന്നാവശ്യപ്പെട്ട് ജൂലൈ മധ്യത്തിൽ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം ജത്തരവ് പുറപ്പെടുവിച്ചിരുന്നു. കപ്പലുകൾ സ്വന്തം ചെലവിൽ 30 ദിവസത്തിനകം നീക്കണമെന്നായിരുന്നു ഉടമകൾക്ക് മന്ത്രാലയത്തിന്റെ അന്ത്യശാസനം. സമയപരിധിക്കുള്ളിൽ കപ്പലുകൾ മാറ്റിയില്ലെങ്കിൽ കടുത്ത നിയമനടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
സുവൈഖ് വിലായത്തിന്റെ തീരത്തോട് ചേർന്നുള്ള അൽ ജൗദ് മേഖലയിൽ അടിഞ്ഞുകിടക്കുന്ന കപ്പലുകൾക്കും സൂർ വിലായത്തിലെ ഖോർ അൽ ബത്തയിലുള്ള ബോട്ടുകളുടെ യാർഡിന് സമീപം നങ്കൂരമിട്ടിരിക്കുന്ന കപ്പലുകൾക്കുമാണ് നിലവിൽ നിർദേശം നൽകിയിരിക്കുന്നത്. അൽ ജൗദ് മേഖലയിൽ അടിഞ്ഞുകിടക്കുന്ന ‘സീ ലൈറ്റ്’ എന്ന കപ്പലും, ഖോർ അൽ ബത്തയിൽ വർഷങ്ങളായി കിടക്കുന്ന മറ്റ് കപ്പലുകളും മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.