സംയോജിത ചൈനീസ് വ്യാവസായിക സമുച്ചയം സ്ഥാപിക്കുന്നതിനുള്ള നിക്ഷേപ കരാറിൽ ഖസാഈൻ ഇക്കണോമിക് സിറ്റി ഒപ്പുവെച്ചപ്പോൾ
മസ്കത്ത്: സംയോജിത ചൈനീസ് വ്യാവസായിക സമുച്ചയം സ്ഥാപിക്കുന്നതിനുള്ള നിക്ഷേപ കരാറിൽ ഖസാഈൻ ഇക്കണോമിക് സിറ്റി ഒപ്പുവെച്ചു. ഏകദേശം 200 ദശലക്ഷം റിയാലിന്റെ നിക്ഷേപത്തിൽ, 160,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് വ്യാവസായിക സമുച്ചയം ഒരുക്കുക. മസ്കത്ത് ചാങ്മിംഗ് ഇൻവെസ്റ്റ്മെന്റ്സാണ് വ്യാവസായിക സമുച്ചയത്തിന്റെ വികസനത്തിൽ നിക്ഷേപം നടത്തുന്നത്. ഇത് ഒമാനിലും മേഖലയിലും ഒരു പ്രമുഖ നിക്ഷേപ കേന്ദ്രമെന്ന നിലയിൽ ഖസാഈന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതാണ്. ഖസാഈൻ ഇക്കണോമിക് സിറ്റി സി.ഇ.ഒ എൻജിനിയർ സലിം ബിൻ സുലൈമാൻ അൽ ദുഹ്ലി, മസ്കത്ത് ചാങ്മിങ് ഇൻവെസ്റ്റ്മെന്റ്സിന്റെ വൈസ് ചെയർമാൻ ഡോ. മിംഗ്ലിയാങ് ലി എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിദ് ബിൻ മുഹമ്മദ് അൽ യൂസഫ്, മറ്റ് വിശിഷ്ട വ്യക്തികൾ, നിക്ഷേപകർ, പ്രാദേശിക, അന്തർദേശീയ മാധ്യമ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഒപ്പിടൽ ചടങ്ങ് നടന്നത്.
ഈ വർഷം രണ്ടാം പാദത്തിൽ സമുച്ചയത്തിന്റെ നിർമാണം ആരംഭിക്കും. വിവിധ മേഖലകളിലുടനീളമുള്ള ചെറിയതും, ഇടത്തരവുമായ വ്യവസായങ്ങളുടെ വളർച്ചയെ പിന്തുണക്കുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ള വർക്ക്ഷോപ്പുകളും പ്രൊഡക്ഷൻ ലൈനുകളും ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ ഇതിലുണ്ടാകും. ഹൗസ് പാക്കേജിങ് ഏരിയകൾ, പ്രാദേശിക സംഭരണ, വിതരണ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന ലോജിസ്റ്റിക്കൽ വെയർഹൗസുകൾ, ഓഫിസ് സ്ഥലങ്ങൾ, ഭരണ കെട്ടിടങ്ങൾ, വാണിജ്യ, നിക്ഷേപ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ഷോറൂമുകൾ എന്നിവയുൾപ്പെടെ സമഗ്രമായ ബിസിനസ് പിന്തുണാ അടിസ്ഥാന സൗകര്യങ്ങളും ഈ സമുച്ചയം വാഗ്ദാനം ചെയ്യുന്നുണ്ട്. മെയിന്റനൻസ് സേവനങ്ങൾ, സ്പെയർ പാർട്സ്, പ്രത്യേക ലൈറ്റിങ് സംവിധാനങ്ങളുള്ള നൂതന കാർ ഷോറൂം, ഡ്രൈവിങ് സിമുലേഷൻ ഏരിയ, പുതിയ കാർ ലോഞ്ച് ഇവന്റുകൾക്കായി പ്രത്യേക സ്ഥലം എന്നിവ വാഗ്ദാനം ചെയ്യുന്ന ഓട്ടോമോട്ടിവ് റിപ്പയർ സെന്ററും ഉണ്ടാകും. കൂടാതെ നിരവധി സഹായകരമായ സേവനങ്ങളും സൗകര്യങ്ങളും ഇതിൽ ഉൾപ്പെടും.
ലോകോത്തര ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുന്ന, ലോജിസ്റ്റിക്സ്, ഉൽപാദനം, ഭക്ഷണം, ഫാർമസ്യൂട്ടിക്കൽസ്, ശുദ്ധമായ ഊർജ്ജം, സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ തന്ത്രപരമായ മേഖലകളിലായി പ്രാദേശികവും അന്തർദേശീയവുമായ നിക്ഷേപങ്ങളെ ആകർഷിക്കുന്ന സംയോജിത സാമ്പത്തിക നഗരം വികസിപ്പിക്കുക എന്ന ഖസാഈൻ ഇക്കണോമിക് സിറ്റിയുടെ തന്ത്രവുമായി ഈ പദ്ധതി യോജിക്കുന്നതാണ്. ഒമാന്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് വഴിയൊരുക്കുന്ന മത്സരാധിഷ്ഠിത നിക്ഷേപ അന്തരീക്ഷം വളർത്തിയെടുക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് എൻജിനിയർ സലിം ബിൻ സുലൈമാൻ അൽ ദുഹ്ലി പറഞ്ഞു. ഖസാഈനെ ഒരു സംയോജിത വ്യാവസായിക, ലോജിസ്റ്റിക്സ് കേന്ദ്രമായി സ്ഥാപിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ പദ്ധതി. പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും, ഒമാനിൽ വ്യാവസായിക, സാങ്കേതിക നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും ഇത് സംഭാവന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.