ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗം സംഘടിപ്പിച്ച ഓണാഘോഷം
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗം ഓണാഘോഷം റൂവിയിലെ അൽ ഫലാജ് ഹോട്ടലിൽ വിപുലമായി നടന്നു. ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ചെയർമാൻ ബാബു രാജേന്ദ്രൻ, ജനറൽ സെക്രട്ടറി ഷക്കീൽ കോമോത്ത്, സാമൂഹികക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, ലോകകേരള സഭ അംഗവും പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ വിൽസൺ ജോർജ്, ഐ.എസ്.സി ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. നാട്ടിൽ നിന്ന് സദ്യ തയാറാക്കാനായി എത്തിയ ദേവൻ നമ്പൂതിരിക്ക് കേരളവിഭാഗത്തിന്റെ ഉപഹാരം അംബാസഡർ സമ്മാനിച്ചു. ഓണസദ്യയിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള 3000 ലേറെ പേർ പങ്കെടുത്തു. മസ്കത്ത് പഞ്ചവാദ്യസംഘത്തിന്റെ പഞ്ചവാദ്യവും കേരളവിഭാഗം കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ നടന്നു.
ഉദ്ഘാടനചടങ്ങിൽ കേരളവിഭാഗം കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷത വഹിച്ചു. കോ കൺവീനർ ജഗദീഷ് കീരി സ്വാഗതവും ട്രഷറർ സുനിത് തെക്കടവൻ നന്ദിയും പറഞ്ഞു. കോവിഡ് കാലത്തും 2018 ലെ പ്രളയകാലത്തും വയനാട് ദുരന്തം സംഭവിച്ച കഴിഞ്ഞവർഷവും ഒഴികെ കേരള വിഭാഗം രൂപവത്കൃതമായത് മുതൽ വലിയ രീതിയിൽ ഓണാഘോഷം സംഘടിപ്പിക്കാറുണ്ട്. സദ്യ തയാറാക്കാനായി നാട്ടിൽ നിന്ന് വരുന്ന ആളോടൊപ്പം കേരളവിഭാഗം അംഗങ്ങളും ചേർന്നാണ് സദ്യ തയാറാക്കാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.