ഇന്ത്യയുടെ എൺപതാം സ്വാതന്ത്ര്യ ദിനമായ ശനിയാഴ്ച മസ്കത്തിലെ ഇന്ത്യൻ എംബസിയിൽനടന്ന ആഘോഷ ചടങ്ങിൽ അംബാസഡർ പ്രശാന്ത് പിസെ പതാകയുയർത്തിയപ്പോൾ. ഐ.എൻ.എസ് ഇംഫാലിലെ നാവികസേനാംഗങ്ങൾ സമീപം (ഇടത്ത്), ചടങ്ങിൽ പങ്കെടുത്ത ഇന്ത്യൻ പ്രവാസി സമുഹത്തെ അംബാസഡർ
അഭിവാദ്യം ചെയ്യുന്നു
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ പ്രവാസി സമൂഹം ഒത്തൊരുമയോടെ രാജ്യത്തിന്റെ 80-ആം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ശനിയാഴ്ച രാവിലെ മസ്കത്തിലെ ഇന്ത്യൻ എംബസി വളപ്പിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ ദേശീയ പതാക ഉയർത്തി.
പ്രൗഢമായ ചടങ്ങിൽ ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസി സമൂഹം പങ്കാളികളായി. ഒമാനും ഇന്ത്യയും തമ്മിലുള്ള സുദൃഢമായ ബന്ധത്തിന്റെയും സുൽത്താനേറ്റിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സജീവ സാന്നിധ്യത്തിന്റെയും നേർക്കാഴ്ചയായി ഈ ഒത്തുചേരൽ മാറി.
മസ്കത്ത്: ഇന്ത്യയുടെ എൺപതാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സ്കൂൾ ഗുബ്രയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ പതാക ഉയർത്തി. തുടർന്ന് അദ്ദേഹം വിദ്യാർഥികളെ അഭിസംബോധന ചെയ്തു. 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള പ്രയാണത്തിൽ യുവതലമുറക്ക് നിർണായക പങ്കാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ വിദ്യാർഥികൾക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. തുടർന്ന് സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. ഭാരതത്തിന്റെ സമ്പന്നമായ പൈതൃകവും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്ന സംഗീത വിരുന്നും വർണാഭമായ നൃത്തരൂപങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വിദ്യാലയത്തിലെ അധ്യാപകരും രക്ഷിതാക്കളും മാനേജ്മെന്റ് പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായി.
സലാല: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മലർവാടി ബാലസംഘം സലാലയിൽ വിദ്യാർഥികൾക്കായി സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ വിവിധ കാറ്റഗറികളിലായി നടത്തിയ മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. സബ്ജൂനിയർ വിഭാഗത്തിൽ ഐറ അദ്നാൻ ഒന്നാം സ്ഥാനവും അലി അബാൻ രണ്ടാം സ്ഥാനവും ഫൈഹ ഫാത്തിമ മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ ധൻവി ഒന്നാം സ്ഥാനവും ഫാത്തിമ യൂസഫ് രണ്ടാം സ്ഥാനവും ഇഹാ റെനീഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സീനിയർ വിഭാഗത്തിൽ ഇഷാ ഫാത്തിമ, ഇഷാ നാമിയ,അൻവിത എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.ഹെവൻസ് പ്രിൻസിപ്പൽ അജ്മൽ അസ്‌ലം സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഐ.എം.ഐ വനിത പ്രസിഡന്റ് ഫസ്ന അനസ് , പ്രവാസി വെൽഫയർ ജനറൽ സെക്രട്ടറി തസ്റീനഗഫൂർ തുടങ്ങിയവർ സമ്മാനവിതരണം നിർവഹിച്ചു.മലർവാടി കൺവീനർ റജീന, മുംതാസ്, സൽമ, സജ്ന, നിഷ തുടങ്ങിയവർ നേത്യത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.