ക്രിസ്മസ് ഒരുപാട് മധുരകരമായ ഓർമകളിലേക്ക് നമ്മെ കൊണ്ടുപോകുന്ന വലിയ ദിനങ്ങളാണ്. നാട്ടിൻപുറത്തെ ചെറിയ പള്ളികളിലൊക്കെ ക്രിസ്മസ് ഒരു വലിയ കൂടിച്ചേരലിന്റെ നാളുകളാണ്. ചെറുപ്രായത്തിൽ ആസ്വദിച്ച ക്രിസ്മസിന്റെ മധുര അനുഭവങ്ങൾ എന്നും മറക്കാതെ മനസ്സിൽ തങ്ങി നിൽക്കും. അന്നും ഇന്നും ഇടവക പള്ളി കേന്ദ്രീകരിച്ചായിരുന്നു എന്റെ ക്രിസ്മസ് ഓർമകൾ മുഴുവൻ. പള്ളിയിൽ മുഴുവൻ വർണ തോരണങ്ങൾകൊണ്ട് അലങ്കരിക്കുന്നതും പള്ളി മുറ്റത്ത് നിൽക്കുന്ന മാവിൽ നക്ഷത്രങ്ങളും വിവിധ വർണങ്ങളിൽ മിന്നിമറയുന്ന ലൈറ്റുകൾ തൂക്കുന്നതും മനസ്സിൽ തങ്ങി നിൽക്കുന്ന ഓർമകളാണ്. മാവിൽ കയറുക എന്നത് തന്നെ വലിയൊരു വെല്ലുവിളിയാണ്. മാവു മുഴുവനും നീറുകളുടെ ഒരു കൂടാരമാണ്. ആ നീറുകളെ ഒക്കെ പരാജയപ്പെടുത്തിയാണ് ഈ വക പരിപാടികളൊക്കെ ചെയുന്നത്. അങ്ങു ദൂരെനിന്ന് വരുമ്പോഴേ എല്ലാവർക്കും കാണത്തക്ക വിധത്തിൽ പള്ളിയുടെ ഏറ്റവും മുകൾ ഭാഗത്തുതന്നെ സ്റ്റാർ തൂക്കിയിടുന്നത് മറ്റൊരു പരിപാടിയായിരുന്നു. ഡിസംബറിന്റെ തണുപ്പിൽ ചെറിയ വഴുവഴുപ്പുള്ള പള്ളിയുടെ മുകളിലത്തെ ഓടുകളിൽ ചവിട്ടി വേണം അവിടെ കയറാൻ . അങ്ങനെ അങ്ങനെ ക്രിസ്മസിന്റെ വിവിധ ക്രമീകരണങ്ങൾ ചെയ്യുന്നു. ക്രിസ്മസ് ട്രീ ഉണ്ടാക്കുന്നത് അന്നത്തെ ഒരു പ്രധാന പരിപാടിയായിരുന്നു. ഇപ്പോഴത്തെ പോലെ പ്ലാസ്റ്റിക് നിർമിത ട്രീകളോട് അത്ര മതിപ്പില്ലാത്തതുകൊണ്ട് നാട്ടിലെ പൈൻ മരങ്ങളുടെ ശാഖകൾ കൊണ്ട് ക്രിസ്മസ് ട്രീ ഉണ്ടാക്കുന്നതായിരുന്നു അന്നത്തെ പതിവ്. ആ വർഷവും പൈൻ മരം കൊണ്ട് തന്നെ ട്രീ ഉണ്ടാക്കണം എന്ന് ആലോചിച്ചിരുന്നപ്പോഴാണ് ഒരാൾ പറയുന്നത് കൂട്ടുകാരന്റെ വീട്ടിൽ മനോഹരമായ ഒരു ക്രിസ്മസ് മരം വളർന്നു നിൽക്കുന്നുണ്ട് എന്ന്. അവിടെ പോയി അത് ചോദിച്ചു വെട്ടി കൊണ്ടുവരാം എന്ന ഉദ്ദേശ്യത്തോടെ കൂട്ടുകാരന്റെ അമ്മയുടെ അനുവാദം വാങ്ങാൻ അവന്റെ വീട്ടിൽ ചെന്നു. അതിമനോഹരമായ ഒരു ക്രിസ്മസ് മരം ,നല്ല പച്ച നിറത്തിൽ തിങ്ങിയ ഇലകളോട് കൂടിയ ഒരു മരം. എത്രയോ നാളുകൾ കൊണ്ടാണ് ഇത്തരത്തിൽ അത് വളർന്നത് എന്ന് ഊഹിക്കാവുന്നതേയുള്ളൂ. കൂട്ടുകാരന്റെ അമ്മയോട് ചോദിച്ചു ഇത് ഞങ്ങൾ വെട്ടിക്കൊണ്ടു പൊയ്ക്കോട്ടേ എന്ന്. അമ്മ പറഞ്ഞു അത് പറ്റില്ല, എറെ നാളുകൾ കൊണ്ട് വളർന്നുവന്നതാണ്. ആ മരം കിട്ടാൻ ഒരു സാധ്യതയുമില്ല എന്ന് മനസ്സിലാക്കിയ ഞാൻ കുറച്ചുനേരം കഴിഞ്ഞപ്പോൾ അമ്മയോട് പറഞ്ഞു. കുഴപ്പമില്ല അമ്മ വെട്ടിയാലും അത് വീണ്ടും കിളിർത്തുവരും. പിന്നെയും ഞങ്ങൾ അവിടെ കുറെനേരം ഇരുന്നതിന്റെ ഫലമായി അവസാനം ഞങ്ങൾ അത് മുറിച്ചു കൊണ്ട് പോയി നല്ല മനോഹരമായ സമ്മാനങ്ങൾ കൊണ്ട് ഒരു ക്രിസ്തുമസ് ട്രീ പള്ളിയിൽ ഒരുക്കി . അങ്ങനെ ആ മരം കൊണ്ട് പള്ളിയിൽ ആ വർഷത്തെ ക്രിസ്മസ് മനോഹരമായി ആഘോഷിച്ചു.
എന്നാൽ വീണ്ടും കിളിർക്കും എന്ന് ഞാൻ പറഞ്ഞ ആ ക്രിസ്മസ് മരത്തിന്റെ കുറ്റി 20 വർഷങ്ങൾക്കു ശേഷവും ഇന്നും അവിടെ നിൽപുണ്ട്. ഇന്നും ആ കൂട്ടുകാരന്റെ വീട്ടിൽ ചെല്ലുമ്പോൾ അവന്റെ അമ്മ പറയും, നീ കിളിർക്കും എന്ന് പറഞ്ഞ മരത്തിന്റെ കുറ്റി അവിടെ നിൽപുണ്ട് അതുംകൂടെ ഒന്ന് നോക്കിയിട്ടു പോകാൻ. ക്രിസ്മസ് ട്രീ കാണുമ്പോഴുള്ള എന്റെ ഓർമകൾ എന്നും തങ്ങി നിൽകുന്നത് ഞങ്ങൾ അത് വെട്ടിക്കൊണ്ട് പോകുമ്പോഴുള്ള ആ അമ്മയുടെ നോട്ടമാണ്. അങ്ങനെ അങ്ങനെ മനസ്സിൽ ഒരായിരം വിവിധ തരത്തിലുള്ള ഓർമകളാണ് ക്രിസ്മസ് എന്നും നമുക്കു നൽകുന്നത്.
ആധുനിക കാലത്ത് ഈ കൂട്ടായ്മകളൊക്കെ ഉണ്ടോ എന്ന് നാം ആലോചിക്കണം. ഇന്നും ഇടവകകളിലെ ക്രിസ്മസ് ആവേശകരമാക്കുന്നത് ഇത്തരത്തസ്ലുള്ള ഓർമകളാണ്. എല്ലാ വായനക്കാർക്കും ക്രിസ്മസ് പുതുവത്സര ആശംസകൾ നേരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.