ഹിമാം ട്രയൽ റൺ റേസ് മത്സരത്തിൽനിന്ന്
മസ്കത്ത്: ഹിമാം ട്രയൽ റൺ റേസിന്റെ അഞ്ചാം പതിപ്പ് മത്സരങ്ങൾ ദാഖിലിയ ഗവർണറേറ്റിൽ ഇന്ന് സമാപിക്കും. രണ്ടാം ദിനമായ വെള്ളിയാഴ്ച 55 കിലോമീറ്ററായിരുന്നു ഓട്ട മത്സരം. ഇസ്കിയിലെ ഇംതി പുരാവസ്തു കേന്ദ്രത്തില്‍ നിന്ന് ആരംഭിച്ച കൂട്ടയോട്ടം വിലായത്തിലെ പ്രധാന ഭാഗങ്ങളിലൂടെ കടന്നുപോയി. മൂന്നാം ഘട്ടമായ ശനിയാഴ്ച 22 കിലോമീറ്ററിലാണ് മത്സരം നടക്കുക.
ആദ്യദിനത്തിലെ 110 കിലോമീറ്റർ ഹിമം മൗണ്ടൻ റണ്ണിങ് റേസിൽ മൊറോക്കൻ ഓട്ടക്കാരൻ റഷീദ് മുറാബിതിക്ക് ഒന്നാം സ്ഥാനം. ഒമാനി റണ്ണർ സാലിഹ് ബിൻ അലി അൽ സഈദി രണ്ടാം സ്ഥാനത്തെത്തി. 15 മണിക്കൂറും 54 മിനിറ്റും കൊണ്ടാണ് റഷീദ് ലക്ഷ്യസ്ഥാനത്തെത്തിയത്. സാലിഹ് ലക്ഷ്യം കാണാൻ 16 മണിക്കൂറും 22 മിനിട്ടുമെടുത്തു.
റഷ്യയുടെ നാവെൽ ഷെയ്മുകാമിറ്റോവ് 16 മണിക്കൂറും 38 മിനിട്ടും കൊണ്ട് മൂന്നാമതെത്തി. വനിതാ വിഭാഗത്തിൽ സ്പാനിഷ് താരം മെയ്റ്റി മേയർ ഒന്നാം സ്ഥാനം നേടി. 17 മണിക്കൂറും 40 മിനിട്ടുമെടുത്താണ് നേട്ടം. മൊറോക്കൻ താരം അസീസ അൽ റജി രണ്ടാം സ്ഥാനത്തെത്തി. 21 മണിക്കൂറും 33 മിനിട്ടുമാണെടുത്തത്. റഷ്യയുടെ താതിയാന ഫെഡോസീവ 23 മണിക്കൂറും ഏഴ് മിനിട്ടുമെടുത്ത് മൂന്നാം സ്ഥാനം നേടി.
65 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 1,000ത്തിലധികം ഓട്ടക്കാരാണ് മേളയിൽ പങ്കെടുക്കുന്നത്. ഇവരിൽ 40 ശതമാനത്തിലധികം പേരും സുൽത്താനേറ്റിന് പുറത്ത് നിന്നുള്ളവരാണ്. മത്സരത്തിന്റെ വർധിച്ചുവരുന്ന അന്താരാഷ്ട്ര പ്രാധാന്യം പ്രതിഫലിപ്പിക്കുന്നതാണ് ഈ പങ്കാളിത്തം. ദാഖിലിയ ഗവർണറേറ്റിലെ നിസ്വ, ഇസ്കി, അൽ ഹംറ, ജബൽ അൽ അഖ്ദർ എന്നി നാല് വിലായത്തുകളിലൂടെ കടന്നുപോകുന്ന തരത്തിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരുന്നത്. സമാപന ദിവസമായ ശനിയാഴ്ച അനുബന്ധ പരിപാടികളും മത്സരങ്ങളും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.