ഹിമാം ട്രയൽ റൺ റേസിന്റെ അഞ്ചാം പതിപ്പിന് ദാഖിലിയ ഗവർണറേറ്റിൽ തുടക്കമായപ്പോൾ
മസ്കത്ത്: ആവേശ കാഴ്ചകളുമായി ഹിമാം ട്രയൽ റൺ റേസിന്റെ അഞ്ചാം പതിപ്പിന് ദാഖിലിയ ഗവർണറേറ്റിൽ തുടക്കമായി. മിസ്ഫത്ത് അൽ അബ്രയീന് വില്ലേജിലൂടെയുള്ള 110 കിലോമീറ്റര്‍ ഓട്ടമായിരുന്നു ഉദ്ഘാടന ദിനം നടന്നത്. രണ്ടാം ദിനമായ വെള്ളിയാഴ്ച 55 കിലോമീറ്ററാണ് മത്സരം. ഇസ്കിയിലെ ഇംതി പുരാവസ്തു കേന്ദ്രത്തില്‍നിന്ന് ആരംഭിക്കും. മൂന്നാം ഘട്ടത്തില്‍ 20 കിലോമീറ്ററാണ് മത്സരം. 65 രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് 1,000ത്തിലധികം ഓട്ടക്കാരാണ് പങ്കെടുക്കുന്നത്. ഇവരിൽ 40 ശതമാനത്തിലധികം പേരും സുൽത്താനേറ്റിന് പുറത്തുനിന്നുള്ളവരാണ്. മത്സരത്തിന്റെ വർധിച്ചുവരുന്ന അന്താരാഷ്ട്ര പ്രാധാന്യം പ്രതിഫലിപ്പിക്കുന്നതാണ് ഈ പങ്കാളിത്തം. ദുർഘടകരമായ പാതകൾ താണ്ടി ശാരീരികവും മാനസികവുമായ കഴിവുകൾ പ്രകടിപ്പിക്കുന്ന തരത്തിലാണ് റൂട്ടുകൾ ക്രമീകരിച്ചിരിക്കുന്നത്.
ദാഖിലിയ ഗവർണറേറ്റിലെ നിസ്വ, ഇസ്കി, അൽ ഹംറ, ജബൽ അൽ അഖ്ദർ എന്നീ നാല് വിലായത്തുകളിലൂടെ കടന്നുപോകുന്നതായിരിക്കും മത്സരം. സമൃദ്ധമായ കൃഷിയിടങ്ങളും അതിശയിപ്പിക്കുന്ന ഭൂപ്രകൃതികളിലൂടെയും കടന്നുപോകുന്നത് മത്സരാർഥികൾക്ക് അതുല്യമായ അനുഭവമായിരിക്കും നൽകുക. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ എല്ലാ പ്രായക്കാർക്കിടയിലും ആരോഗ്യവും ശാരീരിക ക്ഷമതയുമുള്ള സംസ്കാരം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ഒന്ന് മുതൽ പത്തു വരെ കിലോമീറ്റർ നീളുന്ന ഓട്ടമത്സരങ്ങളും നടത്തും.
മത്സരത്തോടനുബന്ധിച്ച് അഞ്ച് ദിവസത്തെ എക്സിബിഷൻ നടത്തും. പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെയും സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിന്റെയും പങ്കാളിത്തത്തോടെയാണ് പരിപാടി. ഹിമാം ട്രയൽ റൺ റേസ് സ്പോർട്സിൽ മാത്രമല്ല, ടൂറിസത്തെയും പ്രാദേശിക സമ്പദ്വ്യവസ്ഥയെ പിന്തുണക്കാനും ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.