മസ്കത്ത്: കനത്ത മഴയെത്തുടർന്നുള്ള വെള്ളപ്പൊക്കം കാരണം വടക്കൻ ശർഖിയ ഗവർണറേറ്റിലെ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയ 25 പൗരന്മാരെ റോയൽ ഒമാൻ പൊലീസ് രക്ഷിച്ചു. ദിമ അൽ തായിൻ വിലായത്തിലുള്ള സൂഖാഹ് പ്രദേശത്തുനിന്നാണ് ഇവരെ ഹെലികോപ്ടറില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ചൊവ്വാഴ്ചയും രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴയാണ് ലഭിച്ചത്. പലയിടത്തും വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. റുസ്താഖ്, ഇബ്ര, ദിമ അൽ തായിൻ, അൽ അവാബി, വാദി ബാനി ഖരൂസ്, മന, തെക്കൻ അമീറാത്ത്, നിസ്വ, സിനാവ്, ഖാഫിഫ, മുദൈബി എന്നിവിടങ്ങളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കനത്ത കാറ്റും വീശുന്നുണ്ട്. പലയിടത്തും ആലിപ്പഴവും വർഷിച്ചു. ഉൾഗ്രാമങ്ങളിലെ റോഡുകളിൽ വെള്ളം കയറി.
അൽഹജർ പർവതനിരകളിൽ ശക്തമായി മിന്നലും അനുഭവപ്പെട്ടു. നിസ്വയിൽ മിന്നലേറ്റ് വീടിന് കേടുപാട് സംഭവിച്ചു. വീടിന്റെ മുകൾഭാഗത്തെ ചുമരിന്റെ കോൺക്രീറ്റ് ഭിത്തി അടർന്നുവീഴുകയായിരുന്നു. വാദികൾ മുറിച്ചുകടക്കരുതെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ടെങ്കിലും ചില ആളുകൾ ഇത് അനുസരിക്കാൻ തയാറായിട്ടില്ല. ഇത്തരം പ്രവർത്തനങ്ങൾ വലിയ അപകടത്തിലേക്കായിരിക്കും എത്തിക്കുക. അതിനാൽ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. റോയൽ ഒമാൻ പൊലീസിന്റെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും നേതൃത്വത്തിൽ സ്ഥിതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മോശം കാലാവസ്ഥയെ തുടർന്ന് സൂറിലുള്ള യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസിൽ റെഗുലർ പഠനത്തിനു പകരം ഓൺലൈനായാണ് ചൊവ്വാഴ്ച ക്ലാസുകൾ നടന്നതെന്ന് അധികൃതർ അറിയിച്ചു. നിസ്വയിൽ നിരവധി വാഹനങ്ങൾ വാദിയിൽ അകപ്പെട്ട് ഒലിച്ചുപോകുകയും ചെയ്തു. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വായുമർദത്തിന്റെ ഭാഗമായി രാജ്യത്തെ ഭൂരിഭാഗം ഗവർണറേറ്റുകളിലും വെള്ളിയാഴ്ചവരെ മഴ തുടരുമെന്നാണ് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ചൊവ്വ, ബുധൻ ദിവസങ്ങളിലായിരിക്കും ഇതിന്റെ ആഘാതം കൂടുതൽ ബാധിക്കുക. തെക്ക്-വടക്ക് ശർഖിയ, മസ്കത്ത്, അൽ വുസ്ത, ദാഖിലിയ, തെക്കൻ ബത്തിന, ദാഹിറ എന്നീ ഗവർണറേറ്റുകളിലായിരിക്കും കനത്ത കാറ്റും മഴയും അനുഭവപ്പെടുക. ശക്തമായ ഇടിമിന്നലും ഉണ്ടാകും. മണിക്കൂറിൽ 28-90 കി.മീറ്ററായിരിക്കും കാറ്റിന്റെ വേഗം. 20 മുതൽ 75 മില്ലിമീറ്റർ വരെ വിവിധ ഇടങ്ങളിൽ മഴ ലഭിച്ചേക്കും. ഇടിമിന്നലുള്ള സമയത്ത് ജാഗ്രത പാലിക്കണമെന്നും വാദികൾ മുറിച്ചുകടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്ന് മാറിനിൽക്കണമെന്നും കടലിൽ പോകരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശിച്ചു.
റോഡുകളിലേക്ക് വീണ പാറകളും മണലും നീക്കി
മസ്കത്ത്: കനത്ത മഴയെത്തുടർന്ന് റോഡുകളിലേക്ക് വീണ പാറകളും പൊടിയും മണലും നീക്കുന്ന പ്രവൃത്തി മസ്കത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. അമീറാത്ത്, ഖുറിയാത്ത് വിലായത്തുകളിലെ റെസിഡൻഷ്യൽ ഏരിയകളും സൈറ്റുകളുമാണ് ശുചീകരിക്കുന്നത്. മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെയാണ് മണലും പാറകളും നീക്കുന്നത്. ഇവ റോഡുകളിലേക്കു വന്നടിഞ്ഞതിനാൽ വാഹന ഗതാഗതത്തിന് തടസ്സം നേരിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.