ഒമാനിലെ മരുഭൂമിയിലെ ക്യാമ്പിങ് ചിത്രം
കടൽത്തീരത്തെ ക്യാമ്പിങ് ദൃശ്യം
മസ്കത്ത്: തണുപ്പുകാലം എത്തിയതോടെ സജീവമാകുന്ന ക്യാമ്പിങ് സുരക്ഷിതമാക്കാൻ മസ്കത്ത് മുനിസിപ്പാലിറ്റി മാർഗനിർദേശങ്ങൾ പുറത്തിറക്കി. മുനിസിപ്പാലിറ്റി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്കനുസരിച്ചായിരിക്കണം ക്യാമ്പ് ഒരുക്കേണ്ടത്. കാരവന്, ടെന്റ് എന്നിവക്കും ഇത് ബാധകമായിരിക്കും. ഓരോ ക്യാമ്പ് സൈറ്റുമായി അഞ്ച് മീറ്ററില്‍ കുറയാത്ത അകലമുണ്ടായിരിക്കണം. ബീച്ചുമായും 10 മീറ്റർ അകലം വേണം. മത്സ്യബന്ധനക്കാരുടെയും സുരക്ഷ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയ സ്ഥലങ്ങളിലും ക്യാമ്പിങ് അനുവദിക്കില്ല.
ആവശ്യമായ ലൈസൻസ് നേടാതെ ക്യാമ്പ് നടത്തിയാൽ പിഴ ചുമത്തും. ക്യാമ്പിങ് കാലയളവിൽ സ്ഥലം വൃത്തിയായി സൂക്ഷിക്കണം. വൃത്തിഹീനമായതും നിലവാരം കുറഞ്ഞതുമായ മൊബൈൽ ടോയ്ലറ്റുകൾ ഉപയോഗിക്കാൻ പാടില്ല തുടങ്ങിയ നിർദേശങ്ങളുമുണ്ട്. ഓരോ സൈറ്റിലും മുഴുവന്‍ സമയവും സുരക്ഷ ഉപകരണങ്ങളും മറ്റും നല്‍കേണ്ടത് ക്യാമ്പിങ് ലൈസൻസ് നേടിയ ആളാണ്. ക്യാമ്പിന് ചുറ്റും വേലികളോ മറയോ മറ്റോ ഉപയോഗിക്കുന്നുണ്ടെങ്കിൽ, കാഴ്ചയെ തടസ്സപ്പെടുത്താത്ത താൽക്കാലിക വസ്തുക്കളാൽ നിർമിച്ചത് കൊണ്ടാവണം അത്.
നിരോധിത ആവശ്യങ്ങൾക്ക് ക്യാമ്പോ കാരവനോ ഉപയോഗിക്കാൻ പാടില്ല. കോൺക്രീറ്റോ മറ്റ് നിർമാണ സാമഗ്രികളോ ഒരു ആവശ്യത്തിനും ഉപയോഗിക്കരുത്. സന്ദർശകരെ ശല്യപ്പെടുത്തുന്ന ശബ്ദ ജനറേറ്ററുകളും ഉപയോഗിക്കാൻ പാടില്ല.
ലൈസൻസ് കൈമാറാനോ ലൈസൻസിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുള്ള സ്ഥലത്തിനപ്പുറം മറ്റൊരു സ്ഥലത്തോ ക്യാമ്പിങ് പ്രവർത്തനങ്ങൾ അനുവദിക്കില്ല. ഭാരമേറിയ യന്ത്രങ്ങൾ ഉപയോഗിച്ച് സൈറ്റ് നിരപ്പാക്കരുത്. നിയമങ്ങൾ, തീരുമാനങ്ങൾ, നിയന്ത്രണങ്ങൾ, പൊതു ധാർമികതകൾ എന്നിവ പാലിക്കാൻ ക്യാമ്പ് അംഗങ്ങൾ ബാധ്യസ്ഥരാണ്.
ലേസറുകളും മുകളിലേക്ക് പോയന്റിങ് ലൈറ്റുകളും ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഉപയോഗ കാലയളവിൽ ക്യാമ്പിങ് സൈറ്റുകൾ വൃത്തിയായി സൂക്ഷിക്കണം തുടങ്ങിയവയാണ് മറ്റു നിർദേശങ്ങൾ. മസ്കത്ത് ഗവർണറേറ്റിലെ മലമുകൾ ഭാഗങ്ങളിലും ബീച്ചുകളിലുമാണ് ക്യാമ്പിങ്ങിന് സ്ഥലം നിശ്ചയിച്ചിട്ടുള്ളത്. പൊതുവെ ക്യാമ്പിങ്ങിന് വളരെ സുരക്ഷിതമായ രാജ്യമാണ് ഒമാൻ. സാധാരണയായി ഡിസംബർ മുതൽ മാർച്ചുവരെയാണ് അനുയോജ്യമായ സമയം. വന്യമൃഗങ്ങളുടെ ഭീഷണിയില്ലാതെ സുരക്ഷിതമായി ക്യാമ്പൊരുക്കാൻ കഴിയുമെന്നത് സുൽത്താനേറ്റിന്റെ പ്രത്യേകതയാണ്.
പർവ്വതങ്ങളും മരുഭൂമികളും കടൽത്തീരങ്ങളും അടങ്ങിയ പ്രകൃതി സൗന്ദര്യത്താൽ സമ്പന്നമായ ഒമാൻ ശൈത്യകാലത്ത് പര്യവേക്ഷണം ചെയ്യാൻ എറ്റവും അനുയോജ്യമായ രാജ്യമാണ്. പർവത പ്രദേശങ്ങൾ ഇഷട്പ്പെടുന്നവർക്ക് ജബൽ അഖ്ദർ, ജബൽ ശംസ് എന്നിവയാണ് ഒമാനിലെ ക്യാമ്പിങ്ങിനുള്ള പ്രധാന സ്ഥലങ്ങൾ.
എന്നാൽ ബീച്ചിൽ മനോഹരമായ രാത്രി ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് റാസൽ ഹദ്ദ്, തെക്ക് സലാല, ദോഫാറിലെ അൽ മുഗ്സൈൽ അല്ലെങ്കിൽ മസിറ ദ്വീപ് എന്നിവ തെരഞ്ഞെടുക്കാവുന്നതാണ്.
മരുഭൂമിയിലാണ് ക്യാമ്പിങ്ങ് ആഗ്രഹിക്കുന്നതെങ്കിൽ റിമാൽ അൽ ശർഖിയ, റുബ് അൽ ഖാലി എന്നീ പ്രദേശങ്ങൾ ഉപയോഗപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.