മസ്കത്ത്: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴ തുടരുന്നു. വാദിയിൽ അകപ്പെട്ട് വിദേശിയായ ഒരാൾ മരിച്ചു. വെള്ളം കയറിയതിനെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയ നിരവധിപ്പേരെ സിവിൽ ഡിഫൻസ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തുകയും ചെയ്തു.
മസ്കത്തടക്കമുള്ള വിവിധ ഗവർണറേറ്റുകളിൽ തുർച്ചയായി പെയ്യുന്ന മഴ കാരണം രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ വാദികൾ നിറഞ്ഞൊഴുകകയാണ്. ദാഖിലിയ ഗവർണറേറ്റിലെ അൽ ഹംറ വിലായത്തിലെ ജബൽ ശംസ് ഗ്രാമത്തിലെ വാദിയിൽപെട്ടാണ് ഏഷ്യൻ വംശജനായ ഒരാൾ മരിച്ചത്. വാദിയിൽ അകപ്പെട്ട ഇദ്ദേഹത്തിനായി നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആബുലൻ അധികൃതർ അറിയിച്ചു.
അതേസമയം, രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്നന്ന് കലാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച മസ്കത്ത്, വടക്കകൻ ശർഖിയ, തെക്കൻ ശർഖിയ, ദാഖിലിയ, തെക്ക്-വടക്ക് ബാത്തിന, ബുറൈമി, ദാാഹിറ, അൽവുസ്തൂ ദോഫാർ തുടങ്ങിയ ഗവർണറേറ്റുകളിൽ കനത്ത മഴ പെയ്തേക്കും.
കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെയായിരിക്കും മഴ കോരി ചൊരിയുക. വിവിധ പ്രദേശങ്ങളിൽ 20-80 മില്ലീമീറ്റർ വരെ മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതുയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ആലിപ്പഴവും വർഷിച്ചേക്കും. മണിക്കൂറിൽ 30-70 കിലോമീറ്റർ വേഗത്തിലായിരിക്കും കാറ്റിന്‍റെ വേഗത. പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ ദൂരകാഴ്ചയേയും ബാധിച്ചേക്കും. കടൽ പ്രക്ഷുബ്ധമാകുന്നതിനാൽ ഒമാന്‍റെ തീര പ്രദേശങ്ങളിൽ തിരമാല രണ്ട് മുതൽ മൂന്നുമീറ്റർവരെ ഉയർന്നേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.