മസ്കത്ത്: രാജ്യത്തെ ബിസിനസ് സമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നേരിട്ടുള്ള വിദേശ നിക്ഷേപ നിയമത്തിലെ ഭേദഗതി വൈകാതെ നിലവിൽ വന്നേക്കും. ഇതിെൻറ കരട് രൂപം തയാറായതായി വാണിജ്യ-വ്യവസായ മന്ത്രാലയം അണ്ടർ സെക്രട്ടറി അഹമ്മദ് ബിൻ ഹസൻ അൽ ദീബ് പറഞ്ഞു. സമഗ്ര നിയമ ഭേദഗതിയാണ് നടപ്പാക്കുക. ഭേദഗതി നിലവിൽ വരുന്നതോടെ വിദേശ നിക്ഷേപം രാജ്യത്തേക്ക് കൂടുതലായി ആകർഷിക്കപ്പെടുമെന്നും സർക്കാറിെൻറ സാമ്പത്തിക വൈവിധ്യവത്കരണ ശ്രമങ്ങൾക്ക് വേഗം പകരുമെന്നും ഹസൻ അൽ ദീബിനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
വിദേശ മൂലധന നിക്ഷേപ നിയമത്തിെൻറ കരട് രൂപം നിയമകാര്യ മന്ത്രാലയത്തിെൻറ പരിഗണനയിലാണുള്ളത്. വ്യവസായ-വാണിജ്യ മന്ത്രാലയം അന്തിമരൂപം നൽകിയാണ് നിയമകാര്യ മന്ത്രാലയത്തിലേക്ക് അയച്ചത്. മന്ത്രാലയം അതിലെ വ്യവസ്ഥകൾ പരിശോധിച്ച് കൃത്യത വരുത്തിയശേഷം മന്ത്രിസഭാ കൗൺസിലിെൻറ പരിഗണനക്ക് അയക്കുകയാണ് ചെയ്യുകയെന്നും ഹസൻ അൽ ദീബ് അറിയിച്ചു.
അന്താരാഷ്ട്ര നിക്ഷേപകരുടെയും ബിസിനസുകാരുടെയും ആവശ്യങ്ങളും താൽപര്യങ്ങളും തൃപ്തിെപ്പടുത്തും വിധമാണ് കരട് നിയമത്തിെൻറ രൂപകൽപന. ലോകബാങ്ക് അധികൃതർ ഉൾപ്പെടെയുള്ളവരുടെ സഹകരണം ഇതിനായി തേടിയിരുന്നു. ചില മേഖലകളിൽ നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിക്കൽ, സംരംഭം ആരംഭിക്കാൻ കുറഞ്ഞ മുതൽമുടക്ക് ഒഴിവാക്കൽ ഉൾപ്പെടെ ഭേദഗതികൾ നിലവിൽ വന്നേക്കാം. നിക്ഷേപകരുടെ അവകാശങ്ങളും കടമകളും ഉറപ്പാക്കൽ, തർക്കങ്ങൾ പരിഹരിക്കൽ എന്നിവക്ക് പുതിയ വ്യവസ്ഥകൾ കരടിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
പുതിയ ഖനന നിയമവും മന്ത്രിസഭാ കൗൺസിൽ അവലോകനം ചെയ്തതായി അണ്ടർ സെക്രട്ടറി പറഞ്ഞു. ഇതിന് അന്തിമാനുമതിയാകും മുമ്പ് മന്ത്രിസഭാ കൗൺസിലിെൻറയടക്കം പരിഗണനക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. ലൈസൻസിങ് നടപടിക്രമങ്ങൾ അടക്കം ലഘൂകരിച്ചുള്ള പുതിയ ഖനന നിയമവും കൂടുതൽ വിദേശ നിക്ഷേപവും ആകർഷിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ബിസിനസ് ചെയ്യാൻ എളുപ്പമുള്ള രാഷ്ട്രങ്ങളുടെ പട്ടികയിൽ ഒമാന് എഴുപതാം സ്ഥാനമാണുള്ളത്. ജി.സി.സി രാഷ്ട്രങ്ങളിൽ നാലാമതാണ് ഒമാൻ. 30ാം സ്ഥാനത്തുള്ള യു.എ.ഇയാണ് ജി.സി.സിയിൽ പ്രഥമ സ്ഥാനത്ത്. ബഹ്റൈനും ഖത്തറും ഒമാന് മുന്നിലുണ്ട്.
ഭേദഗതി രാജ്യത്ത് മെച്ചപ്പെട്ട നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കുമെന്ന് ഇൗ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. നിക്ഷേപകർ ഒമാനെ കയറ്റുമതി വിപണിയായി മാത്രമാണ് കാണുന്നത്. എന്നാൽ കിഴക്കൻ ആഫ്രിക്ക, ഇറാൻ, മേഖലയിലെ മറ്റു രാഷ്ട്രങ്ങളിലെ വിപണി എന്നിവ ലക്ഷ്യമിട്ട് ഉൽപാദന, നിർമാണ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും ഇവിടെ സാധ്യതകളുണ്ട്. സുസജ്ജമായ റോഡ് നെറ്റ്വർക്കിന് പുറമെ ദുകം, സൊഹാർ, സലാല തുറമുഖങ്ങളും ഫ്രീസോണുകളുമെല്ലാം ഈ സാധ്യതകൾക്ക് തിളക്കമേറ്റുന്നതാണ്. നിരവധി ഇന്ത്യൻ കമ്പനികൾ ഇപ്പോൾ ഫ്രീസോണുകളിൽ പ്രവർത്തിക്കുന്നുണ്ട്.
ദേശീയ താൽപര്യം സംരക്ഷിക്കുന്നതിനായി ചില മേഖലകളിൽ സ്വദേശി പങ്കാളിത്തം തുടരുമെന്നും അറിയുന്നു. ഭേദഗതി നിലവിൽവരുന്നതോടെ സ്വദേശികളുടെ തൊഴിലവസരങ്ങളിൽ ഗണ്യമായ വർധന ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതിെൻറ അടിസ്ഥാനത്തിൽ തൊഴിൽ നിയമം പരിഷ്കരിച്ചേക്കും. സ്വദേശിവത്കരണം, തൊഴിലാളി ക്ഷേമം, പരാതികൾ, കുറഞ്ഞ വേതനം, പൊതു അവധി, ജോലി മാറ്റം, യോഗ്യതയും പരിചയ സമ്പന്നതയുമുള്ള തൊഴിൽ സേനയുടെ ലഭ്യത തുടങ്ങി നിരവധി നയങ്ങളിൽ സർക്കാർ പുനരവലോകനത്തിന് തയാറാകുമെന്നാണ് ബിസിനസ് മേഖലയുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.