ഖരീഫ് സീസണിൽ സലാലയിൽനിന്നുള്ള കാഴ്ച
മസ്കത്ത്: ജി.സി.സി ആഭ്യന്തര മന്ത്രിമാർ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയ ഏകീകൃത ടൂറിസം വിസ ഒമാൻ അടക്കമുള്ള ജി.സി.സി രാജ്യങ്ങളിലെ ടൂറിസം മേഖലക്ക് ഉണർവേകും. വിനോദസഞ്ചാര മേഖലക്ക് ഉത്തേജനമേകുക എന്ന ലക്ഷ്യത്തോടെ ഒറ്റ വിസയിൽ ആളുകൾക്ക് ഈ മേഖലക്കുള്ളിൽ സ്വതന്ത്രമായി യാത്ര ചെയ്യാൻ അനുവദിക്കുന്ന സംവിധാനം ഒരുക്കാനാണ് ആലോചിക്കുന്നത്. രാജ്യങ്ങൾക്കിടയിലുള്ള യാത്രകൾ സുഗമമാക്കുകയും പ്രാദേശിക വിനോദസഞ്ചാരത്തിന് ഉത്തേജനം നൽകുന്നതുമാണ് പദ്ധതി.
നിലവിൽ, ജി.സി.സിയിലെ പൗരന്മാർക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയും. പ്രവാസികൾക്ക് ജി.സി.സി അതിർത്തി കടക്കാൻ വിസ ആവശ്യമാണ്. അതേസമയം, ബഹ്റൈൻ, ഒമാൻ അടക്കമുള്ള രാജ്യങ്ങളിൽ ഓൺ അറൈവൽ വിസ ലഭ്യമാണ്. ഏകീകൃത ടൂറിസം വിസ പ്രാബല്യത്തിൽ വരുന്നതിന് ഇനിയും സമയമെടുക്കുമെന്നാണ് വിനോദസഞ്ചാര മേഖലയിലുള്ളവർ പറയുന്നത്. ഇതേ കുറിച്ചുള്ള വിവരങ്ങൾക്ക് വരും ദിവസങ്ങളിലേ വ്യക്തത വരുകയുള്ളൂ. സാമ്പത്തിക വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ടൂറിസംമേഖലക്ക് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾ ഊർജിതമായാണ് സുൽത്താനേറ്റിൽ നടന്നുവരുന്നത്.
ക്രൂസ് കപ്പലുകളിലൂടെയും മറ്റും കൂടുതൽ ആളുകളെ എത്തിച്ച് പ്രാദേശിക ടൂറിസം മേഖല പുനരുജ്ജീവിപ്പിക്കുന്നതടക്കമുള്ള വിവിധങ്ങളായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുകയാണ്.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഒമാന്റെ മനോഹരമായ പ്രകൃതിയും ആതിഥ്യമര്യാദയുമൊക്കെ സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നതാണ്. ജബൽ അഖ്ദർ, ജബൽ ശംസ്, സലാല തുടങ്ങിയ സ്ഥലങ്ങളെല്ലാം വിനോദസഞ്ചാരികളുടെ മനം കവരുന്നതാണ്.
ഇങ്ങനെ അനുകൂലമായ ഒരുപാട് ഘടകങ്ങൾ ഒമാനിലുള്ളതിനാൽ കൂടുതൽ ആളുകൾ ഇവിടേക്ക് എത്താൻ ഏകീകൃത വിസ വഴിയൊരുക്കുമെന്ന് ട്രാവൽ മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു. ജി.സി.സി രാജ്യങ്ങളിലെ അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ എണ്ണം മൊത്തം വിനോദ സഞ്ചാരികളുടെ 29.7 ശതമാനമാണ്. വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 2021നെക്കാൾ 98.8 ശതമാനം വർധന കഴിഞ്ഞ വർഷം ഉണ്ടായിട്ടുണ്ട്.
2023-30 കാലത്തെ ഗൾഫ് ടൂറിസം നയം അനുസരിച്ച് 2030 വരെ ഓരോ വർഷവും വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഏഴ് ശതമാനം വർധന ആവശ്യമാണ്. വിനോദസഞ്ചാരികൾ ചെലവഴിക്കുന്നത് എട്ട് ശതമാനമായും ജി.സി.സി പൗരന്മാരും താമസക്കാരും ചെലവഴിക്കുന്നത് 2.4 ശതമാനമായും ഉയരണം.
ജി.സി.സി രാജ്യങ്ങൾക്കിടയിൽ സഹകരണവും വിനോദസഞ്ചാര വികസന പദ്ധതികൾ ശക്തിപ്പെടുത്തണമെന്നും, ഇതിനാൽ പൊതു പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കണമെന്നും നേരത്തെ നടന്ന വിനോദസഞ്ചാര മന്ത്രിമാരുടെ യോഗം ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.