മസ്കത്ത്: ജി.സി.സി രാജ്യങ്ങളിൽ വിദ്യാഭ്യാസ മേഖല വേഗത്തിൽ വളരുന്നതായി ജി.സി.സി സ്റ്റാറ്റിസ്റ്റിക്കൽ സെൻറർ റിപ്പോർട്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വ്യാപനവും വിദ്യാർഥികളുടെയും അധ്യാപകരുടെയും എണ്ണത്തിലെ വർധനവും ജി.സി.സി മേഖലയിലെ വളർച്ചക്ക് വഴിവെക്കുന്നതായി ജി.സി.സി സ്റ്റാറ്റിസ്റ്റിക്കൽ സെൻറർ പുറത്തിറക്കിയ ‘എജുക്കേഷൻ സ്റ്റാറ്റിസ്റ്റിക്സ് ഇൻ ജി.സി.സി കൺട്രീസ് 2024’ റിപ്പോർട്ട് വ്യക്തമാക്കി.
മനുഷ്യവിഭവശേഷി വികസനത്തിനും വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയർത്തുന്നതിനുമുള്ള ജി.സി.സി രാജ്യങ്ങളുടെ തന്ത്രപ്രധാനമായ സമീപനങ്ങളെയാണ് ഈ വളർച്ച പ്രതിഫലിപ്പിക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2023-24 അധ്യയന വർഷത്തിൽ ജി.സി.സി രാജ്യങ്ങളിലെ പൊതുവിദ്യാഭ്യാസത്തിൽ ചേർന്ന വിദ്യാർഥികളുടെ എണ്ണം ഏകദേശം 10.9 ദശലക്ഷമായി ഉയർന്നു. 2018-19 വർഷത്തിലെ 10.4 ദശലക്ഷവുമായി താരതമ്യം ചെയ്യുമ്പോൾ അഞ്ച് വർഷത്തിനിടെ 0.8 ശതമാനം ശരാശരി വാർഷിക വളർച്ച നിരക്ക് രേഖപ്പെടുത്തി. മൊത്തം ജനസംഖ്യയുടെ 17.7 ശതമാനവും വിദ്യാർഥികളാണ്.
വിദ്യാർഥികളിൽ 70.2 ശതമാനവും പൊതുവിദ്യാഭ്യാസ മേഖലയിലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു; ഏകദേശം 70.6 ലക്ഷം. സ്വകാര്യ മേഖലയിലെ വിദ്യാർഥികളുടെ എണ്ണം ഏകദേശം 30.3 ലക്ഷമാണ്. ഇതിൽ സ്വകാര്യ വിദ്യാഭ്യാസ മേഖല 4.8 ശതമാനം ശരാശരി വാർഷിക വളർച്ച രേഖപ്പെടുത്തിയപ്പോൾ പൊതുവിദ്യാഭ്യാസ മേഖലയിൽ 0.6 ശതമാനം ചെറിയ ഇടിവ് രേഖപ്പെടുത്തി.
വിദ്യാഭ്യാസ മേഖലയിലെ ആൺ-പെൺ വ്യത്യാസം കണക്കിലെടുത്താൽ, 49.5 ശതമാനം പെൺകുട്ടികളാണ്. ഏകദേശം 50.4 ലക്ഷം. ആൺകുട്ടികളാവട്ടെ 50.5 ലക്ഷവും. 2018-19 മുതൽ 2023-24 വരെ വിദ്യാർഥിനികളുടെ വളർച്ചാ നിരക്ക് 2.3 ശതമാനമായപ്പോൾ ആൺകുട്ടികളുടെ എണ്ണത്തിൽ 0.4 ശതമാനം മാത്രമാണ് രേഖപ്പെടുത്തിയത്.
ജി.സി.സി രാജ്യങ്ങളിൽ പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെ എണ്ണം 2023-24ൽ ഏകദേശം 9.4 ലക്ഷം ആയി. 2018-2019 അധ്യയന വർഷം പരിണിക്കുമ്പോൾ, നാലു ശതമാനം ശരാശരി വാർഷിക വളർച്ചയിൽ 1.69 ലക്ഷം അധ്യാപകരുടെ വർധനവാണുണ്ടായത്.
അധ്യാപകരിൽ 89.6% ശതമാനവും ഉൾപ്പെടുന്നത് സ്കൂൾ വിദ്യാഭ്യാസ മേഖലയിലാണ്. പൊതുവിദ്യാഭ്യാസം, പ്രായപൂർത്തിയായവരുടെ വിദ്യാഭ്യാസം, സാക്ഷരതാ പരിപാടികൾ ഉൾപ്പെടെയാണിത്; ഏകദേശം 8.42 ലക്ഷം പേർ. ബാല വിദ്യാഭ്യാസത്തിൽ ഏകദേശം 98,100 അധ്യാപകരാണുള്ളത്; 10.4 ശതമാനം പേർ. ജി.സി.സി വിദ്യാഭ്യാസ മേഖലയിലെ സ്ത്രീകളുടെ പങ്കും പ്രധാനമാണ്. അധ്യാപകരിൽ സ്ത്രീകളാണ് ഭൂരിപക്ഷം; 63.8 ശതമാനം.
വിദ്യാഭ്യാസ ആവശ്യകത വർധിക്കുന്നതിനനുസരിച്ച് എല്ലാ തലങ്ങളിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും ഉന്നത വിദ്യാഭ്യാസ സംവിധാനങ്ങളും വിദേശ സ്കോളർഷിപ്പ് പദ്ധതികളും വികസിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വിവിധ മേഖലകളിൽ പ്രാവീണ്യമുള്ള മനുഷ്യവിഭവശേഷി ഒരുക്കുന്നതിൽ വിദ്യാഭ്യാസ മേഖലക്ക് വലിയ പങ്കുണ്ട്.
കഴിഞ്ഞ ദശകങ്ങളിൽ വിദ്യാഭ്യാസ സൂചികകളിൽ ജി.സി.സി രാജ്യങ്ങൾ ശ്ദ്ധേയ പുരോഗതി കൈവരിച്ചതായും സർക്കാർ നിക്ഷേപങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, ഗുണനിലവാരം മെച്ചപ്പെടുത്തൽ, നവീകരണം പ്രോത്സാഹിപ്പിക്കൽ, തൊഴിൽവിപണിക്കനുസരിച്ചുള്ള വിദ്യാഭ്യാസം എന്നിവയാണ് ഇതിന് പിന്നിലെ പ്രധാന ഘടകങ്ങളെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
അംഗരാജ്യങ്ങൾ തമ്മിലുള്ള വിദ്യാഭ്യാസ സഹകരണം ശക്തിപ്പെടുത്തുകയും ഡിജിറ്റൽ പരിവർത്തനം പ്രയോജനപ്പെടുത്തുകയും ഭാവിയിലെ കഴിവുകൾ വികസിപ്പിക്കുന്ന പാഠ്യപദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ആഗോള തലത്തിൽ മത്സരക്ഷമത വർധിപ്പിക്കാനുള്ള ശ്രമങ്ങളും ജി.സി.സി രാജ്യങ്ങൾ തുടരുന്നതായി റിപ്പോർട്ട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.