ഒമാനി സൊസൈറ്റി ഓഫ് ഫൈൻ ആർട്സിൽ നടക്കുന്ന പ്രദർശനത്തിൽനിന്ന്
മസ്കത്ത്: രാജ്യത്തിന്റെ വ്യത്യസ്ത സവിശേഷതകൾ ഉയർത്തിക്കാട്ടി സുൽത്താനേറ്റിനോടുള്ള തങ്ങളുടെ പ്രണയം ചിത്രീകരിക്കുന്ന 50ലധികം കലാകാരന്മാരുടെ ചിത്ര പ്രദർശനം ‘ഫോർ ദി ലൗ ഓഫ് ദി നേഷൻ’ ഒമാനി സൊസൈറ്റി ഓഫ് ഫൈൻ ആർട്സിൽ തുടക്കമായി. ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ) ചെയർമാൻ ഫൈസൽ അൽ റവാസ് ഉദ്ഘാടനം ചെയ്തു.
ശിൽപങ്ങൾ, പെയിന്റിങുകൾ, ഗ്രാഫിക്സ്, കൊത്തുപണികൾ, ഡിജിറ്റൽ ആർട്ടുൾപ്പെടെ നൂറിലധികം കലാസൃഷ്ടികളുള്ള പ്രദർശനം ജനുവരി നാലുവരെ തുടരും. മിക്ക സൃഷ്ടികളും ഒമാനി പ്രകൃതിയെയും പരമ്പരാഗത വസ്ത്രങ്ങൾ, ആചാരങ്ങൾ, എന്നിവയെ ചുറ്റിപ്പറ്റിയാണെന്ന് ബെയ്ത്ത് അൽ അഖിൽ ഗ്രൂപ്പിന്റെ മുതിർന്ന ഉപദേഷ്ടാവ് സെയ്ഫ് അൽ അമ്രി പറഞ്ഞു. ഒമാനിലെ മരുഭൂമിയിൽ കാണപ്പെടുന്ന മൃഗങ്ങളെ ചിത്രീകരിക്കുന്ന ഇദ്ദേഹത്തിന്റെ നാലു സൃഷ്ടികൾ പ്രദർശനത്തിലുണ്ട്.
‘ബെയ്ത്ത് അൽ അഖിൽ’ഒരു കല ഗ്രൂപ്പാണ്, ഏകദേശം അഞ്ചു വർഷം മുമ്പ് 2018 ലാണ് സ്ഥാപിച്ചത്. ഗ്രൂപ് വിവിധ ദൃശ്യകലകളുടെ മേഖലയിൽ പ്രവർത്തിക്കുന്നു. അതിന്റെ അംഗങ്ങളിൽ ഭൂരിഭാഗവും പ്രഫസർമാറുൾപ്പെടെയുള്ള അക്കാദമിക് വിദഗ്ധരും അധ്യാപകരും കലാ വിദ്യാർഥികളുമാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ നാടിന്റെ ഗ്രഹാതുരത്വം കലർന്ന ഓർമകളാണ് ഓയിൽ പെയിന്റിങ്ങിലൂടെ വടക്കൻ ശർഖിയയിൽനിന്നുള്ള ഷംസ അൽ ഹാർത്തി പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. ലോഹവും മരവുമുപയോഗിച്ച് വൃത്താകൃതിയിലുള്ള മനുഷ്യനെ ചിത്രീകരിക്കുന്ന ശിൽപത്തിലൂടെ മാതൃരാജ്യത്തിന്റെ പ്രാധാന്യമാണ് യുവ ശിൽപിയായ അബ്ദുൾകരീം അൽ റവാഹി പറയുന്നത്. നിരവധിയാളുകൾ പ്രദർശനം കാണാനായെത്തുന്നുണ്ട്. വാരാന്ത്യ അവധിദിനമായ വെള്ളിയാഴ്ച സമാന്യം നല്ല തിരക്കായിരുന്നു പ്രദർശനത്തിന്അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.