ഷൗക്കത്ത് സലാല
മെക്സികോ സിറ്റി വീണ്ടും ഒരുകാൽപന്തുകളിയുടെ പോരാട്ടത്തിന് തുടക്കം കുറിച്ചു. ഇനിയുള്ള നാളുകൾ ഓരോ ഫുട്ബോൾ ആരാധകർക്കും നെഞ്ചിടിപ്പിന്റെയും ആകാംക്ഷയുടെയും ദിനരാത്രങ്ങളാണ്. ബാല്യകാലത്തെ ലോകകപ്പ് ഓർമകളൊക്കെ മനോഹരങ്ങളാണ്.
1998ൽ ലോകകപ്പ് ഫൈനലിൽ ഫ്രാൻസും ബ്രസീലും ഏറ്റുമുട്ടുന്നത് കാണാൻ മലപ്പുറം ജില്ലയിലെ പുറമണ്ണൂർ എന്ന ഗ്രാമത്തിൽ നിന്ന് വളാഞ്ചേരി പട്ടണത്തിൽ പോയി കളി കണ്ടത് ഇന്നും എന്റെ ഓർമകളിൽ മായാതെയങ്ങനെ നിൽക്കുന്നു. അതിന് കാരണങ്ങൾ ഒരുപാടുണ്ട്. ഫൈനൽ കഴിഞ്ഞ് പാതിരാത്രി വീട്ടിലേക്ക് ഏഴു കിലോമീറ്റർ നടന്ന അനുഭവമാണ് അതിൽ പ്രധാനം. വീട്ടിലെത്തുന്നത് വരെയും മനസ്സിലും കണ്ണുകളിലും കളിയിലെ സിനദിൻ സിദാന്റെ രണ്ട് ഹെഡ് ഗോളുകളായിരുന്നു. 90 ആം മിനിറ്റിൽ ഇമ്മാനുവൽ പെറ്റിറ്റ് അടിച്ച മൂന്നാം ഗോളും സുന്ദരമായിരുന്നു. ആ വേൾഡ് കപ്പിൽ ഫ്രാൻസ് മുത്തമിട്ടു.
ഇന്നത്തെ പോലെ എല്ലായിടത്തും ടിവിയും പ്രൊജക്ടറുകളും ഇല്ലാത്ത ആ കാലഘട്ടത്തിൽ സാധാരണക്കാർക്ക് മാച്ചുകൾ കാണാൻ ടൗണുകളിലെ ഹോം അപ്ലൈസയൻസസ് കടകളിൽ പുറത്തേക്ക് കാണുന്ന രീതിയിൽ ടിവി വെക്കും. അതിന്റെ മുന്നിൽ രണ്ടു രണ്ടര മണിക്കൂർ എങ്ങും തിരിയാതെ ഓരോ മാന്ത്രിക പാസുകളും ഗോളുകളും കണ്ടിരുന്ന ആ കാലം വല്ലാത്ത ഒരു അനുഭവമായിരുന്നു.
കുട്ടിക്കാലം മുതൽ ഫുട്ബാളിനോടുള്ള ഒരു ആരാധന അങ്ങനെയായിരുന്നു. നാട്ടിൽ കൂടുതലും അർജന്റീനയുടെയും ബ്രസീലിന്റെയും ആരാധകരായിരുന്നു. അതിൽ നിന്ന് വ്യത്യസ്തനായി ജർമനിയുടെ ആരാധാകനായിരുന്നു ഞാൻ. ആദ്യം നീ നിന്റെ ടീമിന്റെ മുഴുവൻ കളിക്കാരുടെ പേര് പറ എന്ന് പറഞ്ഞ് എന്നെ എല്ലാവരും കൂടി കളിയാക്കുമായിരുന്നു. അത് എനിക്കറിയില്ലെന്നത് ഒരു പരമ സത്യവുമായിരുന്നു.
ബെറ്റുകൾ വച്ചും പരസ്പരം ടീമുകൾക്ക് വേണ്ടി വാദിച്ചും പരസ്പര സ്നേഹത്തോടെയും സൗഹാർദത്തോടയുള്ള ഒരുപാട് ലോകകപ്പുകൾ കഴിഞ്ഞു പോയി...ഇന്ന് എല്ലാം മാറി മറിഞ്ഞു. എല്ലാം വിരൽത്തുമ്പിലേക്ക് ഒതുങ്ങി.
ഫുട്ബാൾ എന്ന് പറയുന്നത് ഒരു സൗഹൃദത്തിന്റെ വലയമാണ്. അതിന് ജാതിയും മതവും വർണങ്ങളുമില്ല. എല്ലാം കളിക്കളത്തിലെ ആവേശം മാത്രം...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.