മസ്കത്ത്: പണം ഇരട്ടിപ്പിച്ചുനൽകാമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ ആഫ്രിക്കൻ വംശജരെ പിടികൂടി. വഞ്ചനാകുറ്റം ചുമത്തി രണ്ട് ആഫ്രിക്കൻ വംശജെരയാണ് അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ചില ദ്രാവകങ്ങളും പൊടികളും ഉപയോഗിച്ച് പണം ഇരട്ടിപ്പിച്ചുനൽകാമെന്ന് പറഞ്ഞ് സ്വദേശിയെയാണ് ഇവർ കബളിപ്പിച്ചത്. ഇവരുടെ വാക്ക് വിശ്വസിച്ച സ്വദേശി മൂവായിരത്തിലധികം റിയാലാണ് ഇവർക്ക് കൈമാറിയത്. എന്നാൽ, പണം പറഞ്ഞ സമയത്ത് തിരികെ നൽകാതെ വൈകിപ്പിച്ചതിനെ തുടർന്ന് സ്വദേശി ബോഷർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഇത്തരം ചതികളിൽ കുടുങ്ങരുതെന്ന് ആർ.ഒ.പി അറിയിച്ചു. പ്രത്യേകിച്ച് പരിശ്രമം ഇല്ലാതെ പണം നേടാമെന്ന മോഹനവാഗ്ദാനങ്ങളുമായി സമീപിക്കുന്നവരെ കരുതിയിരിക്കുക തന്നെ വേണം. ആരെങ്കിലും ഇത്തരം കുറ്റകൃത്യങ്ങളിൽ കുടുങ്ങുന്ന പക്ഷം സ്വന്തമായി പരിഹരിക്കാൻ ശ്രമിക്കാതെ ഉടൻ പൊലീസിൽ വിവരമറിയിക്കണം. എന്നാൽ, മാത്രമേ പൊലീസിന് ദ്രുതഗതിയിൽ നടപടിയെടുക്കാൻ സാധിക്കുകയുള്ളൂ. വഞ്ചനാ കുറ്റങ്ങളും ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട കേസുകളും അടുത്തിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭൂരിപക്ഷം കേസുകളിലും ആഫ്രിക്കൻ വംശജരാണ് പ്രതിസ്ഥാനത്ത് ഉള്ളതും. വലിയ വ്യവസായികളും ബിസിനസുകാരുമെന്ന് പറഞ്ഞ് ഇരകളെ സമീപിച്ച് പദ്ധതികളിൽ പങ്കാളിത്തം നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ സംഭവങ്ങളും അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.