ഒമാൻ ദേശീയ ഫുട്ബാൾ ടീം
മസ്കത്ത്: അറേബ്യൻ രാജ്യങ്ങളുടെ കാൽപന്ത് മാമാങ്കമായ ഫിഫ അറബ് കപ്പിന് തിങ്കളാഴ്ച ദോഹയിൽ കൊടിയേറും. വൈകീട്ട് നാലിന് തുനീഷ്യയും സിറിയയും തമ്മിലാണ് ആദ്യ പോരാട്ടം. 5.45ന് അൽ ബെയ്ത് സ്റ്റേഡിയത്തിൽ ആതിഥേയരായ ഖത്തർ ഫലസ്തീനെ നേരിടും. ചൊവ്വാഴ്ച രാത്രി ഒമ്പതിന് എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ സൗദി അറേബ്യയുമായാണ് ഒമാന്റെ ആദ്യ മത്സരം. ശക്തമായ ഗ്രൂപ്പിലാണ് ഒമാന്റെ സ്ഥാനം.
വെള്ളിയാഴ്ച രണ്ടാം മത്സരത്തിൽ മൊറോക്കോയാണ് ഒമാന്റെ എതിരാളികൾ. ഡിസംബർ എട്ടിന് അവസാന മത്സരത്തിൽ കൊറോസിനെയും നേരിടും. അറബ് കപ്പിനായി ഇറങ്ങുന്ന ഒമാൻ ടീമിൽ ഏഴ് പ്രധാന താരങ്ങൾ ഇല്ലാത്തത് ക്ഷീണമാണെങ്കിലും ആത്മവിശ്വാസം നഷ്ടപ്പെടാതെയാണ് പോർച്ചുഗീസ് പരിശീലകൻ കാർലോസ് ക്വിറോസിന്റെ നേതൃത്വത്തിൽ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ നടത്തുന്നത്. പുതുമുഖങ്ങളും പരിചയസമ്പന്നരും ചേർന്ന സമ്മിശ്രഘടനയാണ് ടീം ആശ്രയിക്കുന്നത്.
16 ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ ലോക റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ ഒമ്പത് ടീമുകൾ നേരത്തേ യോഗ്യത നേടിയിരുന്നു. ശേഷിച്ച ഏഴു സ്ഥാനങ്ങളിലേക്കുള്ള ടീമുകൾ കഴിഞ്ഞ ദിവസങ്ങളിലായി ഖത്തറിൽ നടന്ന പ്ലേ ഓഫിലൂടെ യോഗ്യത നേടി. ആതിഥേയരായ ഖത്തർ, മൊറോക്കോ, ഈജിപ്ത്, അൽജീരിയ, തുനീഷ്യ, സൗദി അറേബ്യ, ഇറാഖ്, ജോർഡൻ, യു.എ.ഇ ടീമുകളാണ് നേരിട്ട് യോഗ്യത നേടിയത്. ഒമാൻ, ബഹ്റൈൻ, സിറിയ, ഫലസ്തീൻ, കുവൈത്ത്, സുഡാൻ ടീമുകളാണ് പ്ലേ ഓഫിലൂടെ യോഗ്യത ഉറപ്പാക്കിയത്. പ്ലേഓഫിൽ സോമാലിയയെ തോൽപിച്ചാണ് ഒമാൻ ഫൈനൽ റൗണ്ടിലേക്ക് കടന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് സ്ഥാനക്കാർ ക്വാർട്ടർ റൗണ്ടിൽ പ്രവേശിക്കും. 18 ന് ലുസൈൽ സ്റ്റേഡിയത്തിൽ ഫൈനൽ നടക്കും.
അറബ് കപ്പ് ടൂർണമെന്റിന് ഇതാദ്യമായാണ് ഫിഫയുടെ ഔദ്യോഗിക അംഗീകാരം ലഭിക്കുന്നത്. ഖത്തറിൽ 2021ൽ നടന്ന പതിപ്പിന് ശേഷമുള്ള ഫിഫയുടെ തുടർച്ചയായ രണ്ടാം മേൽനോട്ടത്തിലുള്ള പതിപ്പാണിത് ടൂർണമെന്റിന്റെ ചട്ടപ്രകാരം, കഴിഞ്ഞ ഏപ്രിലിലെ ഫിഫ റാങ്കിങ്ങിനെ അടിസ്ഥാനമാക്കി ഖത്തർ, അൽജീരിയ, ഈജിപ്ത്, തുനീഷ്യ, ജോർഡൻ, മൊറോക്കോ, സൗദി അറേബ്യ, യു.എ.ഇ, ഇറാഖ് എന്നീ ഒമ്പത് ടീമുകൾ നേരിട്ട് ഫൈനലിന് യോഗ്യത നേടിയിരുന്നു. അതേ റാങ്കിങ് പ്രകാരം 14 ടീമുകൾ പ്ലേ ഓഫ് മത്സരങ്ങളിലും പങ്കെടുത്തു. ഇതിൽനിന്ന് ഏഴ് ടീമുകൾ കൂടി തിരഞ്ഞെടുക്കപ്പെട്ടതോടെ 16 ടീമുകൾ നാല് ഗ്രൂപ്പുകളിലായാണ് മത്സരിക്കുക.
1963ൽ ആരംഭിച്ച അറബ് കപ്പ് ഇടക്ക് മുടങ്ങിയിരുന്നു. 2002ൽ കുവൈത്തിലും 2012ൽ സൗദിയിലും നടന്ന ശേഷം അനിശ്ചിതമായി മുടങ്ങി. തുടർന്ന് ഫിഫയുമായി സഹകരിച്ച് 2021ൽ ഖത്തർ ആതിഥേയത്വം ഏറ്റെടുത്തതോടെ അറബ് രാജ്യങ്ങളുടെ ചാമ്പ്യൻഷിപ്പിൽ നിന്നും മേഖലയുടെ കളിയുത്സവമായി അറബ് കപ്പ് വികസിച്ചു. 2021ൽ ലോകകപ്പിനായി തയാറാക്കിയ വേദികളിൽ നടന്ന മത്സരത്തിൽ രണ്ട് വൻകരകളിൽ നിന്നുള്ള 16 ടീമുകളാണ് മാറ്റുരച്ചത്. ഫൈനലിൽ തുനീഷ്യയെ തോൽപിച്ച് അൽജീരിയയാണ് കിരീടം ചൂടിയത്. 1964, 1966, 1985, 1988 എന്നീ വർഷങ്ങളിൽ ജേതാക്കളായ ഇറാഖാണ് അറബ് കപ്പിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ ടീം. സൗദി അറേബ്യ 1998ലും 2002ലും കിരീടം നേടി. തുനീഷ്യ (1963), ഈജിപ്ത് (1992), മൊറോക്കോ (2012), അൽജീരിയ (2021) എന്നിവർ ഓരോ തവണ വീതം കിരീടം നേടി. അടുത്ത രണ്ട് അറബ് കപ്പുകൾക്കും ഖത്തർ തന്നെ വേദിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.