മസ്കത്ത്: പ്രവാസി മലയാളികളെ ചേര്‍ത്തുപിടിച്ച് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. പ്രവാസി മലയാളികൾക്ക് കേരളത്തിലെ മുന്‍നിര ആശുപത്രികളുമായി സഹകരിച്ച് ചികിത്സ ഉപദേശം സൗജന്യമായി ലഭ്യമാക്കുന്ന ഫാമിലി കണക്ട് പദ്ധതിയാണ് മമ്മൂട്ടി സാരഥിയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ നടപ്പാക്കുന്നത്. ആലുവ രാജഗിരി ആശുപത്രിയിലാണ് ആദ്യ ഘട്ടത്തിൽ സേവനം ലഭ്യമാകുക.
പ്രവാസിയുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് വിദഗ്ധ ഡോക്ടർമാർ മറുപടി നൽകുന്നതോടൊപ്പം, പ്രവാസികളുടെ ഒറ്റപ്പെട്ടുപോയ നാട്ടിലെ മാതാപിതാക്കൾക്ക് ആശുപത്രിയിൽ എത്തുമ്പോൾ കൂടെനിന്ന് സഹായിക്കുന്ന പ്രഫഷനൽ വളന്റിയർ ടീമിനെയും ഫാമിലി കണക്ട് പദ്ധതിയുടെ ഭാഗമായി ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്. പദ്ധതിയുടെ ഒമാനിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം വ്യവസായിയും സാമൂഹ്യപ്രവത്തകനുമായ ഹൈതം അൽ ജമാലി നിർവഹിച്ചു.
അന്തർദേശീയ ചികിത്സ നിലവാരത്തിനുള്ള ജെ.സി.ഐ അംഗീകാരം ഉള്ളതുകൊണ്ടാണ് പദ്ധതിക്ക് രാജഗിരി ആശുപത്രി തിരഞ്ഞെടുത്തതെന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ ഡയറക്ടർ റോബർട്ട് കുര്യക്കോസ് പറഞ്ഞു. നാട്ടിലെത്താതെതന്നെ മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങൾ ഒമാനിൽ ഇരുന്നു ഏകോപിപ്പിക്കാൻ കഴിയുമെന്നതിനാൽ മലയാളികൾക്ക് ആശ്വാസമാകുമെന്ന് രാജഗിരി ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടർ ആൻഡ് സി.ഇ.ഒ ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞു. പ്രവാസികൾക്ക് കരുതലേകാൻ മമ്മൂട്ടി കാണിക്കുന്ന മനസ്സിന് നന്ദിയുണ്ടെന്ന് ഒമാൻ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ രക്ഷാധികാരി ഹാഷിം ഹസ്സൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കും പദ്ധതിയിൽ പങ്കാളി ആവുന്നതിനും 99885239 (ഒമാൻ ), +918590965542 (കേരളം) എന്നീ നമ്പറുകളിൽ നേരിട്ടോ വാട്സ്ആപ് മുഖാന്തിരമോ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.