ഫജ്ർ ഇനിഷ്യേറ്റിവ് യുവ പ്രതിഭകളെ ആദരിച്ചപ്പോൾ
മസ്കത്ത്: യുവമനസ്സുകളിൽ വിശ്വാസപൂർണമായ ജീവിതവീക്ഷണവും ആത്മീയ അച്ചടക്കവും നൽകുന്നതിന് വേണ്ടി ഫജ്ർ ഇനിഷ്യേറ്റിവ് നടത്തിയ പ്രോഗ്രാം രണ്ടാം തവണയും അരങ്ങേറി. ദാർസൈത്തിലെ മസ്ജിദ് അൽ നൂറിലാണ് രണ്ടാം ഘട്ട പരിപാടിയടെ അവാർഡ് ദാന ചടങ്ങ് നടന്നത്.
40 ഡേയ്സ് ചലഞ്ചിൽ നൂറിലധികം കുട്ടികളാണ് ഫജ്ർ, ഇശാ പ്രാർഥനകൾ തുടർച്ചയായി ജമാഅത്തായി നിർവഹിച്ച് പങ്കാളികളായത്. കൂടുതൽ കൃത്യത പുലർത്തിയ കുട്ടികൾക്ക് ഗോൾഡ്, സിൽവർ, ബ്രോൺസ് വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ നൽകി ഫജ്ർ ഇനിഷ്യേറ്റിവ് ആദരിച്ചു.
ദാർസൈത്ത് മസ്ജിദ് നൂറിൽ നടന്ന പരിപാടിയിൽ ഇരുന്നൂറിലധികം പേർ പങ്കെടുത്തു. മാനവിക ഐക്യം, സാമൂഹിക പങ്കാളിത്തം, വിശ്വാസ അനുഷ്ഠാനങ്ങളോടുള്ള താൽപര്യം എന്നിവയിൽ ഇസ്ലാമിക മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തി നൽകുന്ന പരിശീലനം ഉൾക്കൊള്ളുന്നതായിരുന്നു ഫജ്ർ ഇനിഷ്യേറ്റിവ് പ്രോഗ്രാം.
സമാപന ചടങ്ങിൽ പ്രധാന അതിഥികളായി മത്ര സകാത്ത് കമ്മിറ്റി സി.ഇ.ഒ ഷൈഖ് സലിം അൽ ഗമ്മാരി, ഷൈഖ് ഇബ്രാഹിം അൽ വഹൈബി (ദാർസൈത്ത്) എന്നിവർ പങ്കെടുക്കുകയും യുവ പ്രതിഭകൾക്ക് അവാർഡുകൾ നൽകി പങ്കാളികളുടെ അർപ്പണബോധത്തെയും ഭക്തിയെയും എടുത്ത് പറയുകയുമുണ്ടായി.
അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ, ഖുർആൻ പാരായണത്തിൽ ശ്രദ്ധേയനും 99ലധികം പ്രമുഖ പാരായണ ശൈലികൾ അനുകരിക്കാൻ അസാധാരണ കഴിവുമുള്ള ഷൈഖ് സഅദ് അൽ നുഅമാനി മദനി മുഖ്യാതിഥിയായി പങ്കെടുത്തു. യുവ ഫജ്ർ ചാമ്പ്യന്മാർക്ക് അദ്ദേഹം അവാർഡുകൾ വിതരണം ചെയ്തു.
കുട്ടികൾ 40 ദിവസം തുടർച്ചയായി ഫജ്ർ, ഇശാ നമസ്കാരങ്ങൾ ജമാഅത്തായി മസ്ജിദിൽ നിർവഹിക്കുക എന്നതായിരുന്നു ഫജ്ർ ഇനിഷ്യേറ്റിവ് ഇത്തവണയും നടത്തിയ പ്രധാന ചലഞ്ച്. ഇത് മാതാപിതാക്കൾ, പണ്ഡിതന്മാർ, പ്രാദേശിക നേതാക്കൾ എന്നിവരിൽനിന്ന് വലിയ പ്രശംസ നേടുകയുണ്ടായി. കുട്ടികൾ അത്യുത്സാഹത്തോടെ ചലഞ്ച് ഏറ്റെടുത്തതോടെ പരിപാടിക്ക് വൻ സ്വീകാര്യത ലഭിച്ചു. ഫജ്ർ ഇനിഷ്യേറ്റിവ് ടീം പുതിയ വർഷ പ്രോജക്ട് റിപ്പോർട്ട് അവതരിപ്പിച്ചു.
കുട്ടികളുടെ സമഗ്ര വികസനത്തിനായുള്ള പരിശീലന പരിപാടികളും കമ്മിറ്റി പ്രഖ്യാപിച്ചു. ഇതിൽ ഉൾക്കൊള്ളിച്ച ഖുർആൻ പഠന സെഷന് തുടക്കം കുറിച്ചു. എയ്റോ മോഡലിങ് ആൻഡ് റോബോട്ടിക്സ് വർക്ഷോപ്പുകൾ, പബ്ലിക് സ്പീക്കിങ്, ഫിസിക്കൽ ആക്ടിവിറ്റീസ് എന്നിവ ഉൾപ്പെടുത്തി ലക്ഷ്യബോധമുള്ള യുവതയെ ശാക്തീകരിക്കുന്ന പ്രവർത്തനമാണ് ഫജ്ർ ഇനിഷ്യേറ്റിവ് ടീം ലക്ഷ്യമാക്കുന്നത്.
അഞ്ചു കുട്ടികളിൽനിന്ന് തുടങ്ങി നൂറുകണക്കിന് പേർ ഉൾപ്പെട്ട വലിയൊരു പ്രസ്ഥാനമായി മാറിയ ഫജ്ർ ഇനിഷ്യേറ്റിവിന്റെ ഭാവി പരിപാടികൾ ചടങ്ങിൽ അവതരിപ്പിച്ചു. ഒമാനിലെ മാതാപിതാക്കളോടും പ്രാദേശിക നേതാക്കളോടും അവരുടെ മസ്ജിദുകളിലും പരിസരങ്ങളിലും ഈ മാതൃക ആവർത്തിക്കാൻ ടീം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.