മസ്കത്ത്: സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് നടപ്പാക്കിയ പുതിയ തൊഴില്‍ നിയമം (53/2023) തൊഴില്‍ സുരക്ഷയും മനുഷ്യാവകാശങ്ങളും ഉറപ്പുവരുത്തും. നിലവിലുണ്ടായിരുന്ന തൊഴില്‍ നിയമത്തെക്കാള്‍ (35/2003) ലേബര്‍ മാര്‍ക്കറ്റിന്റെ താല്പര്യങ്ങളെ അഭിമുഖീകരിക്കാന്‍ എന്തുകൊണ്ടും കഴിവും കരുത്തും പുതിയ നിയമത്തിനുണ്ടെന്ന് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ആഗോള തൊഴില്‍ മേഖലയിലുണ്ടായ പുതിയ മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നതും ദേശീയ തലത്തിലും ഗള്‍ഫ് മേഖലയിലും സമീപകാലത്ത് രൂപപ്പെട്ടുവന്ന നൂതന പ്രവണതകളെ അഭിമുഖീകരിക്കുന്നതുമാണ് പുതിയ നിയമമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. തൊഴില്‍ദായകരുടെയും തൊഴിലാളികളുടെയും അവകാശങ്ങളെ ഒരുപോലെ സമീകരിക്കുംവിധം നിയമനിര്‍മാണം സാധ്യമാക്കിയിരിക്കുന്നുവെന്നതാണ് പുതിയ നിയമത്തിന്റെ സവിശേഷത.
കഴിഞ്ഞ വർഷം ജൂണില്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ മന്ത്രിയുടെ പ്രഖ്യാപനം വന്നിരുന്നു. നിര്‍ദിഷ്ട നിയമത്തിന്റെ കരട് രേഖയില്‍ വിവിധ തലങ്ങളില്‍നിന്നുള്ള അഭിപ്രായങ്ങള്‍ സ്വീകരിച്ചു നിയമനിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷത്തിലധികം സമയമെടുത്തു.
കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ഉറപ്പുവരുത്തും
തൊഴില്‍ നിയമങ്ങള്‍ പൊതുവെ ദേശീയ തൊഴില്‍ മേഖലയില്‍ കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ഉറപ്പുവരുത്തുന്നതായിരിക്കും. അതോടൊപ്പം വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ കൃത്യമായി നിര്‍ണയിക്കുകയും അത് ലഭിക്കാനുള്ള നിയമസാധ്യതകള്‍ ഉറപ്പുവരുത്തുകയും ചെയ്യുന്നതോടെ നിയമം സന്തുലിതവും നീതിപൂർവകവുമാകുന്നു. നിലവിലുണ്ടായിരുന്ന നിയമത്തെപ്പോലെ പുതിയതും 10 അധ്യായങ്ങളാണ്. ആദ്യത്തേത് 122 വകുപ്പുകൾ ആയിരുന്നത് ഇപ്പോള്‍ 150 ആയി അധികരിച്ചു.
വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ കൂടുതല്‍ വ്യക്തമായി പുതിയ നിയമം കൈകാര്യം ചെയ്യുന്നു. ഒന്നാം അധ്യായത്തിലെ പൊതുവ്യവസ്ഥകള്‍ പലതും വിദേശ തൊഴിലാളികള്‍ക്ക് ഗുണം ചെയ്യുന്നതാണ്.
പാസ്പോര്‍ട്ട് ഉടമ പിടിച്ചുവെക്കരുത്
വിദേശ തൊഴിലാളിയുടെ പാസ്പോര്‍ട്ട് അയാളുടെ രേഖാമൂലമുള്ള അനുവാദമില്ലാതെ തൊഴിലുടമക്ക് കൈവശം വെക്കാൻ പാടില്ലെന്ന് നിയമം അനുശാസിക്കുന്നു (വകുപ്പ് ആറ്). പഴയ നിയമത്തില്‍ ഇല്ലാതെപോയ ഈ വ്യവസ്ഥക്ക് തൊഴില്‍ മന്ത്രാലയത്തിലെ സര്‍ക്കുലർ (2/2006) നിയമപ്രാബല്യം നല്‍കിയെങ്കിലും നിയമത്തില്‍ ഉള്‍പ്പെടുത്തുന്നത് ആദ്യമായാണ്.
പുതിയ നിയമം അനുവദിച്ചുനല്‍കുന്ന അവകാശങ്ങളെ ഹനിക്കുന്ന വിധത്തില്‍ മറ്റേതെങ്കിലും രേഖ മൂലമോ വ്യവസ്ഥ വഴിയോ തൊഴിലാളി നിര്‍ബന്ധിക്കപ്പെട്ടാല്‍ അത് അസാധുവായിരിക്കുമെന്ന് നിയമം വ്യക്തമാക്കുന്നു (വകുപ്പ് നാല്). അനിഷ്ടകരമായ തൊഴിലിന് ആരെയും നിര്‍ബന്ധിക്കാന്‍ പാടില്ല (5). ഇതുമൂലം മനുഷ്യാവകാശത്തെ ആദരിക്കാനും തൊഴില്‍ സ്വാതന്ത്ര്യം ഉറപ്പുവരുത്താനും സാധിക്കുന്നു. വര്‍ണം, വംശം, ഭാഷ, മതം, ആദര്‍ശം എന്നിവ കാരണം ഒരാളെ ജോലിയില്‍നിന്ന് പുറത്താക്കിയാല്‍ അത് നിയമവിരുദ്ധമായിരിക്കുമെന്ന് നിയമം വ്യക്തമാക്കുന്നു(12). ഗര്‍ഭധാരണം, പ്രസവം, മുലയൂട്ടല്‍ എന്നിവയും പിരിച്ചുവിടലിന് കാരണമാകരുത്.
പിരിച്ചുവിട്ടത് നിയമപരമായല്ലെങ്കിൽ ബന്ധപ്പെട്ട അധികാരികളെ സമീപിക്കാനുള്ള സമയം കഴിഞ്ഞ നിയമത്തില്‍ 15 ദിവസമായിരുന്നത് 30 ദിവസമാക്കി അധികരിപ്പിച്ചത് ആശ്വാസകരമാണ്. പിരിച്ചുവിടല്‍ നിയമപരമല്ലെന്നു വ്യക്തമായാല്‍ അയാളെ തിരിച്ചെടുക്കാനോ അല്ലെങ്കില്‍ മൂന്നു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള മുഴുവൻ ശമ്പളം നഷ്ടപരിഹാരമായി നല്‍കാനോ നിയമം നിര്‍ദേശിക്കുന്നു (11).
തൊഴില്‍ റിക്രൂട്ട്മെന്റ് തികച്ചും സൗജന്യമാകണമെന്നും തൊഴിലാളിയില്‍നിന്ന് ആ ഇനത്തിൽ ഒരു സംഖ്യയും ഈടാക്കരുതെന്നും നിയമം പറയുന്നതോടൊപ്പം (31) ഈ വ്യവസ്ഥ ലംഘിക്കുന്നവര്‍ക്ക് 10 മുതല്‍ 30 ദിവസത്തെ തടവും 1000-2000 റിയാല്‍ വരെ പിഴയും ചുമത്തുന്നുമുണ്ട് (143).
ലേബര്‍ വ്യവഹാരം; കോടതി ചാര്‍ജ് ഒഴിവാക്കി
വകുപ്പ് 13 പ്രകാരം ലേബര്‍ വ്യവഹാരങ്ങള്‍ക്ക് അവസാന ഘട്ടം വരെ കോടതി ചാര്‍ജ് ഒഴിവാക്കിയത് തൊഴില്‍ നഷ്ടമാകുന്ന വിദേശികള്‍ക്ക് വലിയ ആശ്വാസമാകും. തൊഴില്‍ വ്യവഹാരങ്ങള്‍ നീണ്ടുപോകാതിരിക്കാനും തൊഴിലാളികളുടെ വിഷമതകള്‍ ലഘൂകരിക്കാനുമായി ലേബര്‍ മന്ത്രാലയത്തിന് കീഴിലുള്ള തര്‍ക്കപരിഹാര വിഭാഗം കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ക്ക് ജുഡീഷ്യല്‍ അധികാരം നല്‍കിയത് (വകുപ്പ് ഒമ്പത്) വിദേശ തൊഴിലാളികള്‍ക്കാണ് കൂടുതല്‍ ഗുണം ചെയ്യുക. മന്ത്രാലയം വഴി എത്തുന്ന തീരുമാനങ്ങള്‍ക്ക് എക്സിക്യൂഷന് പവര്‍ നല്‍കിയത് തര്‍ക്കപരിഹാരം എളുപ്പത്തിലാക്കും.
കൂടിയാല്‍ 30 ദിവസത്തിനുള്ളില്‍ പരിഹാരം കണ്ടെത്തണം. അല്ലാത്തപക്ഷം അവസാന സിറ്റിങ് കഴിഞ്ഞ് ഏഴു ദിവസത്തിനുള്ളില്‍ കേസ് പ്രൈമറി കോടതിയിലേക്ക് മാറ്റിയിരിക്കണം. വ്യവഹാര ലളിതവത്കരണ നിയമം (125/2020) പ്രകാരം കോടതിയും ലേബര്‍ വ്യവഹാരങ്ങള്‍ എളുപ്പത്തിലാക്കുന്നതോടെ മൂന്നു മാസത്തിനുള്ളില്‍ പ്രശ്നപരിഹാരം സാധ്യമാകും.
ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തും -അണ്ടർ സെക്രട്ടറി
മസ്കത്ത്: പുതിയ തൊഴിൽ നിയമം ഒമാനികൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും വിദേശ നിക്ഷേപകർക്ക് രാജ്യത്തെ കൂടുതൽ ആകർഷകമാക്കുമെന്നും സാമ്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. നാസർ ബിൻ റാഷിദ് അൽ മാവാലി പറഞ്ഞു.
നിയമം, ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുകയും വിപണിയിലെ മത്സരക്ഷമത വർധിപ്പിക്കുകയും നിക്ഷേപം ആകർഷിക്കുകയും പത്താം പഞ്ചവത്സര വികസന പദ്ധതിയുടെ ലക്ഷ്യം കൈവരിക്കാൻ സഹായിക്കുകയും ചെയ്യും. നിക്ഷേപവും ജി.ഡി.പി അനുപാതവും 27 ശതമാനമായി ഉയർത്തുമെന്നും സ്വകാര്യ മേഖലയുടെ സംഭാവന മൊത്തം നിക്ഷേപത്തിന്റെ 60 ശതമാനമായി ഉയർത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സൂചകങ്ങളിൽ ഒമാന്റെ റാങ്കിങ് വർധിപ്പിക്കുകയും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ വേഗം നിലനിർത്താൻ സഹായിക്കുകയും ചെയ്യും.
ഒമാനി യുവാക്കൾക്ക് തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നതിൽ വളരെയധികം സംഭാവന നൽകുന്നതും സ്വദേശിവത്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതാണ് പുതിയ നിയമം. ഒമാനി തൊഴിൽശക്തി ദേശീയ സമ്പദ്വ്യവസ്ഥയിൽ ഗണ്യമായ സംഭാവന നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അവരുടെ ശാക്തീകരണം ഭാവിയിൽ സ്വകാര്യ മേഖലയെ ഉത്തേജിപ്പിക്കും. രാജ്യത്തെ തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്നതിനും ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷന്റെ അടിസ്ഥാന തൊഴിൽ മാനദണ്ഡങ്ങൾക്കനുസൃതമായും ആണ് ഇത് രൂപകൽപന ചെയ്തിട്ടുള്ളത്.
നിയമം സാമൂഹിക സംരക്ഷണ നിയമത്തിന് അനുസൃതമാണ്. ഭിന്നശേഷിക്കാർക്കും ജോലി ചെയ്യുന്ന സ്ത്രീകൾക്കും പ്രത്യേകാവകാശങ്ങൾ വാഗ്ദാനം ചെയ്യുന്നു. സ്ത്രീകളെ സാമൂഹികമായും സാമ്പത്തികമായും ശാക്തീകരിക്കുന്ന നയങ്ങളും നിയമനിർമാണങ്ങളും മനുഷ്യാവകാശ തത്ത്വങ്ങൾക്ക് അനുസൃതമാണെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.