ദുബൈ കിരീടാവകാശിക്ക് ഒമാനിൽ ഊഷ്മള വരവേൽപ്പ്; സുൽത്താനുമായി കൂടിക്കാഴ്ച നടത്തി

മസ്കത്ത്: ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് സുൽത്താനേറ്റിൽ ഊഷ്മള വരവ​ൽപ്പ്. ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി അൽബറക്ക കൊട്ടാരത്തിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനും ദീർഘകാല ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള കാര്യങ്ങൾ ചർച്ച ചെയ്തു.

രണ്ട് സഹോദര രാജ്യങ്ങൾ തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ബന്ധങ്ങൾ അവലോകനം ചെയ്യുകയും ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനപ്പെടുന്നതിനായി വിവിധ മേഖലകളിലെ സഹകരണവും പങ്കാളിത്തവും വർധിപ്പിക്കുന്നതിനെക്കുറിച്ചും വിശകലനം ചെയ്തു.

മുതിർന്ന ഒമാനി ഉദ്യോഗസ്ഥരുമായും ഹംദാൻ കൂടിക്കാഴ്ചകൾ നടത്തും. ദുബൈ രണ്ടാം ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പ്രസിഡന്റും ദുബൈ എയർപോർട്ട്‌സിന്റെ ചെയർമാനും എമിറേറ്റ്‌സ് എയർലൈൻ ആൻഡ് ഗ്രൂപ്പിന്റെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവും ദുബൈ ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റി ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം, ദുബൈ കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റിയുടെ ചെയർപേഴ്‌സൺ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയ ഉന്നത പ്രതിനിധി സംഘവും ദുബൈ കിരീടാവകാശിയെ അനുഗമിക്കുന്നുണ്ട്.

Tags:    
News Summary - Dubai Crown Prince receives warm welcome in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.