ഇറാനിലെ ഖാർഗ് ദ്വീപിൽ യു.എസ് വ്യോമാക്രമണം നടത്തിയതോടെ ഗൾഫ് മേഖലയാകെ ആശങ്കയിലാണ്. ഗൾഫ് രാജ്യങ്ങളിലെ എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പ്രത്യാക്രമണം നടത്തുമെന്ന ഇറാന്റെ മുന്നറിയിപ്പ് പ്രാവർത്തികമായാൽ, ഗൾഫ് മേഖലക്ക് അത് കനത്ത പ്രഹരമായിരിക്കും. അതുകൊണ്ടുതന്നെ, വരും ദിവസങ്ങൾ മേഖലയെ സംബന്ധിച്ച് അതി നിർണായകമാണ്.
സൗദിയിൽ രണ്ട് ഡ്രോണുകൾ തകർത്തു
സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ശനിയാഴ്ച ആക്രമണം ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകൾ പ്രതിരോധ സേന തകർത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന നീക്കങ്ങളിൽ ഒരു ബാലിസ്റ്റിക് മിസൈലും ആകെ 76 ഡ്രോണുകളും തകർത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി ശനിയാഴ്ച അറിയിച്ചു.
യു.എ.ഇയിൽ ആക്രമണം
ശനിയാഴ്ച ഇറാന്റെ ഒമ്പത് ബാലിസ്റ്റിക് മിസൈലുകളും 33 ഡ്രോണുകളും തടഞ്ഞതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവങ്ങളിൽ അപകടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഫുജൈറയിൽ വ്യോമ പ്രതിരോധത്തെ തുടർന്ന് ചീളുകൾ പതിച്ച് തീപിടിത്തമുണ്ടായി. ദുബൈയിൽ പ്രതിരോധത്തിനിടെ ഡൗൺടൗൺ ദുബൈയിലെ കെട്ടിടത്തിന്റെ പുറം ചുമരിൽ ചീളുകൾ പതിച്ചു. അതിനിടെ വ്യോമപ്രതിരോധ പ്രവർത്തനങ്ങളുടെയും സംഭവങ്ങളുടെയും വിഡിയോ ചിത്രീകരിക്കുകയും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ചേർത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ 55 പേർ രാജ്യത്ത് അറസ്റ്റിലായിട്ടുണ്ട്.
ഇറാന്റെ ആക്രമണം ആരംഭിച്ചതിനുശേഷം ഇതുവരെ യു.എ.ഇ എയർ ഡിഫൻസ് സംവിധാനങ്ങൾ 294 ബാലിസ്റ്റിക് മിസൈലുകൾ, 15 ക്രൂസ് മിസൈലുകൾ, 1600 ഡ്രോണുകൾ എന്നിവ തടഞ്ഞതായി അധികൃതർ വ്യക്തമാക്കി. ആക്രമണങ്ങളിൽ സ്വദേശികളും വിദേശികളും അടക്കം ആറുപേരാണ് മരിച്ചത്.
കുവൈത്തിനെ ലക്ഷ്യമിട്ടെത്തിയത് ഏഴ് ഡ്രോണുകൾ
ശനിയാഴ്ച കുവൈത്തിനെ ലക്ഷ്യമിട്ട് എത്തിയത് ഏഴ് ഡ്രോണുകൾ. ഇതിൽ മൂന്നെണ്ണം തകർത്തു. രണ്ടെണ്ണം അപകട മേഖലക്ക് പുറത്ത് പതിച്ചു. അഹമ്മദ് അൽ ജാബിർ വ്യോമതാവളത്തിന് നേരെ രണ്ട് ഡ്രോണുകൾ ആക്രമണം നടത്തി. ഇതിനെ തുടർന്ന് മൂന്ന് സായുധ സേനാംഗങ്ങൾക്ക് നിസ്സാര പരിക്കേറ്റതായി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. പരിക്കേറ്റവരുടെ നില തൃപ്തികരമാണ്.
ഖത്തറിൽ രണ്ടുതവണ ആക്രമണം
ഖത്തറിനെ ലക്ഷ്യമിട്ട് ശനിയാഴ്ച പുലർച്ചെ രണ്ടുതവണ ആക്രമണമുണ്ടായി. പുലർച്ചെ 1.30 ഓടെയാണ് ആദ്യ ആക്രമണ ശ്രമമുണ്ടായത്. തലസ്ഥാനമായ ദോഹയുടെ വിവിധ ഭാഗങ്ങളിൽ വലിയ സ്ഫോടന ശബ്ദങ്ങളാണ് കേട്ടത്. ഖത്തറിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണം സായുധ സേന തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തുടർന്ന് രാവിലെ 5.45നാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായത്.
സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി ചില ഭാഗങ്ങളിലെ താമസക്കാരെ താൽക്കാലികമായി ഒഴിപ്പിച്ചു. നാഷണൽ അലേർട്ട് സിസ്റ്റം വഴി അറിയിപ്പുകൾ ലഭിച്ച നിർദിഷ്ട പ്രദേശങ്ങളിലെ താമസക്കാരെയാണ് ഇന്നലെ പുലർച്ചയോടെ മാറ്റി താമസിപ്പിച്ചത്. ഇവർക്ക് സുരക്ഷിതമായ താമസ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
പ്രതിരോധം ശക്തമാക്കി ബഹ്റൈൻ
ബഹ്റൈനെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണ ശ്രമങ്ങൾ തുടരുന്നു. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും ആക്രമണ ശ്രമങ്ങളുണ്ടായത്. എന്നാൽ, അവയെല്ലാം നിർവീര്യമാക്കി. ശനിയാഴ്ച പുലർച്ചെ 1.30 ഓടെയാണ് ആദ്യ സ്ഫോടന ശബ്ദങ്ങൾ കേട്ടത്. സൈറണുകൾ മുഴങ്ങിയതിന് പിന്നാലെ പ്രതിരോധ മിസൈലുകൾ ശത്രുലക്ഷ്യങ്ങളെ തകർക്കുകയായിരുന്നു. മിസൈലുകളും ഡ്രോണുകളും ജനവാസ മേഖലകളിൽ എത്തുന്നതിന് മുമ്പ് തന്നെ തകർത്തതിനാൽ വലിയ അപകടങ്ങൾ ഒഴിവാക്കാനായി.
സംഘർഷം ആരംഭിച്ചത് മുതൽ ഇതുവരെ ആകെ 327 ആക്രമണ ശ്രമങ്ങളെയാണ് ബഹ്റൈൻ സേന പരാജയപ്പെടുത്തിയത്. ഇതിൽ 203 ഡ്രോണുകളും 124 മിസൈലുകളും ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.