ഒമാനിലെ വാണിജ്യ തുറമുഖങ്ങളിലൊന്ന്
മസ്കത്ത്: കസ്റ്റംസ് കാര്യക്ഷമതയിലും ചരക്ക് നീക്കത്തിന്റെ വേഗതയിലും ആഗോളതലത്തിൽ നേട്ടം കൈവരിച്ച് ഒമാൻ സുൽത്താനേറ്റ്. ലോകബാങ്ക് പുറത്തുവിട്ട 2025-ലെ ലോജിസ്റ്റിക്സ് പെർഫോമൻസ് ഇൻഡക്സ് പ്രകാരം ഒമാൻ ആഗോളതലത്തിൽ ഒമ്പതാം സ്ഥാനം സ്വന്തമാക്കി. 2023-ലെ റാങ്കിങ്ങിൽ 47-ാം സ്ഥാനത്തായിരുന്ന ഒമാൻ, ചുരുങ്ങിയ കാലയളവിനുള്ളിലാണ് ഈ കുതിച്ചുചാട്ടം നടത്തിയതെന്ന് റോയൽ ഒമാൻ പൊലീസിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് കസ്റ്റംസ് അറിയിച്ചു.
സുൽത്താനേറ്റിൽ നടപ്പാക്കിയ അതിവേഗ ഡിജിറ്റൽ പരിവർത്തനം, ലളിതമാക്കിയ കസ്റ്റംസ് നടപടിക്രമങ്ങൾ, വാണിജ്യ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ആധുനിക സംവിധാനങ്ങൾ എന്നിവയാണ് ഈ വിജയത്തിന് പിന്നിൽ. നൂതന സാങ്കേതികവിദ്യകളുടെയും വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപിത പ്രവർത്തനങ്ങളുടെയും ഫലമായി ചരക്കുകൾ പരിശോധിക്കാനും വിട്ടയക്കുന്നതിനുമുള്ള സമയപരിധി ഗണ്യമായി കുറക്കാൻ ഒമാന് സാധിച്ചതായി ലോകബാങ്ക് റിപ്പോർട്ട് അടിവരയിടുന്നു. ആഗോളതലത്തിലുള്ള വിവരവിനിമയം, സ്മാർട്ട് റിസ്ക് മാനേജ്‌മെന്റ് സിസ്റ്റം, പ്രീ-ക്ലിയറൻസ് സംവിധാനങ്ങൾ, പൂർണമായ ഇലക്ട്രോണിക് കസ്റ്റംസ് ക്ലിയറൻസ് എന്നിവ ഈ നേട്ടത്തിൽ നിർണായക പങ്കുവഹിച്ചു. ഒമാന്റെ സിംഗിൾ വിൻഡോ കസ്റ്റംസ് പ്ലാറ്റ്‌ഫോമായ ‘ബയാൻ’ വഴിയുള്ള നടപടികളുടെ ഏകീകരണവും വിവിധ ഏജൻസികൾ തമ്മിലുള്ള മികച്ച ഏകോപനവും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിൽ വലിയ സഹായകരമായതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.