സയ്യിദ് ബദർ ബിൻ ഹമദ് അൽബുസൈദി
മസ്കത്ത്: മേഖലയിലെ വർധിച്ചുവരുന്ന സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും പ്രാദേശിക സ്ഥിരത സംരക്ഷിക്കുന്നതിനായി രാഷ്ട്രീയ സംഭാഷണത്തിലേക്ക് മടങ്ങണമെന്നും ഒമാൻ വിദേശകാര്യമന്ത്രി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽബുസൈദി ആവശ്യപ്പെട്ടു. ഇറാനെതിരായ ഇസ്രായേൽ തുടരുന്ന ആക്രമണവും തെഹ്റാനിൽനിന്നുള്ള പ്രതികരണത്തെയുംകുറിച്ചുള്ള ആശങ്കകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സയ്യിദ് ബദർ ഇക്കാര്യം പറഞ്ഞത്.
സഹോദര സൗഹൃദ രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി സജീവ ചർച്ചകളിൽ ഏർപ്പെടുന്നത് തുടരുകയാണ്. തുടർച്ചയായ കൂടിയാലോചനകളിൽ, ദാരുണമായ യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത മന്ത്രി ഊന്നിപ്പറഞ്ഞു. വർധിച്ചുവരുന്ന സംഘർഷം മുഴുവൻ മേഖലയുടെയും സുരക്ഷക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്ന് മുന്നറിയിപ്പ് നൽകി. രാഷ്ട്രീയ പാത പുനഃസ്ഥാപിക്കാനും കൂടുതൽ തകർച്ച തടയാനും നയതന്ത്ര സമ്മർദ്ദം ശക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സ്ഥിരത കൈവരിക്കുന്നതിനും നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കുമെന്ന് കഴിഞ്ഞ ദിവസം കുവൈത്തിന്റെ അധ്യക്ഷതയിൽ നടന്ന ജി.സി.സി മന്ത്രിതല കൗൺസിലിന്റെ 48ാമത് അസാധാരണ സെഷനിലും സുൽത്താനേറ്റ് വ്യക്തമാക്കിയിരുന്നു.
ഇസ്രായേൽ ആക്രമണം തടയുന്നതിന് രാഷ്ട്രീയവും നിയമപരവുമായ സമ്മർദ്ദം ചെലുത്തുകയെന്ന ലക്ഷ്യത്തോടെ സയ്യിദ് ബദർ സഹോദര സൗഹൃദ രാജ്യങ്ങളിലെ നേതാക്കളുമായുള്ള സംഭാഷണങ്ങൾ തുടരുകയാണ്. അന്താരാഷ്ട്ര നിലപാടുകൾ യോജിപ്പിക്കുക, ഇസ്രായേലി ആക്രമണങ്ങൾ ഉടനടി തടയുന്നതിനുള്ള രാഷ്ട്രീയവും നിയമപരവുമായ സമ്മർദം വർധിപ്പിക്കുക, മേഖലയിൽ സ്ഥിരത പുനഃസ്ഥാപിക്കുന്നതിനും കൂടുതൽ സൈനിക വർധനയുടെ അപകടങ്ങൾ ഒഴിവാക്കുന്നതിനും സമഗ്രമായ ചർച്ചകളിലേക്ക് നീങ്ങുക എന്നിവയിലായിരുന്നു ജി.സി.സി മന്ത്രിതല കൗൺസിലിന്റെ യോഗം ശ്രദ്ധ കേന്ദ്രീകരിച്ചത്.
മസ്കത്ത്: മേഖലയിലെ സുരക്ഷ സാഹചര്യം കണക്കിലെടുത്ത് ഇറാൻ, ഇറാഖ്, അസർബൈജാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും ജൂൺ 30 വരെ താൽക്കാലികമായി നിർത്തിവെച്ചതായി സലാം എയർ അറിയിച്ചു.
മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ഇവിടങ്ങളിലേക്ക് യാത്ര ചെയ്യാനാവില്ലെന്നും എയർലൈൻ സ്ഥിരീകരിച്ചു. എല്ലാ യാത്രക്കാരും അവരുടെ വിമാനങ്ങളെക്കുറിച്ചുള്ള സമയബന്ധിതമായ അപ്ഡേറ്റുകൾ ലഭിക്കുന്നതിനായി സലാം എയർ.കോമിലെ ‘മാനേജ് ബുക്കിങ്’ വഴി അവരുടെ കോൺടാക്റ്റ് വിശദാംശങ്ങൾ ഉറപ്പുവരുത്തണം.
മേഖലയിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, സാധ്യമാകുമ്പോൾ വിമാനങ്ങൾ പുനരാരംഭിക്കുമെന്നും എയർലൈൻ അറിയിച്ചു.
പൗരന്മാരെ എത്തിക്കൽ; മൂന്നു കരമാർഗങ്ങൾ തുറന്ന് ഒമാൻ
മസ്കത്ത്: മേഖലയിൽ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കെ ഇറാന്റെ വടക്കൻ പ്രദേശങ്ങളിൽനിന്ന് പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി ഒമാൻ. തുർക്കിയ, ഇറാഖ്, തുർക്ക്മെനിസ്ഥാൻ എന്നിവിടങ്ങളിലെ പ്രധാന അതിർത്തി ക്രോസിങ്ങുകൾ വഴി പൗരൻമാരെ കൊണ്ടുവരാൻ നടപടികളെടുത്തതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മൂന്ന് നിയുക്ത പ്രവേശന തുറമുഖങ്ങൾ വഴി കരമാർഗമുള്ള ഒഴിപ്പിക്കലുകൾ സംഘടിപ്പിക്കാനുള്ള പദ്ധതികൾ വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി.
റാസി-കപിക്കോയ് അതിർത്തി: ഖോയ്ക്ക് സമീപമുള്ള ഇറാന്റെ പടിഞ്ഞാറൻ അസർബൈജാൻ പ്രവിശ്യയെ തുർക്കിയയിലെ വാൻ പ്രവിശ്യയുമായി ബന്ധിപ്പിക്കുന്നു, ഷാലം ചെ-ബസ്ര അതിർത്തി: ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയെ ഇറാഖിലെ ബസ്ര മേഖലയുമായി ബന്ധിപ്പിക്കുന്നു, ബാഗിരാൻ-അഷ്ഗാബത്ത് അതിർത്തി മഷ്ഹാദിലെ പൗരന്മാർക്കായി പ്രത്യേകം നിയുക്തമാക്കിയ ഈ പാത തുർക്ക്മെനിസ്ഥാന്റെ തലസ്ഥാനത്തേക്ക് കടന്നുപോകുന്നു.
തെഹ്റാനിലെ ഒമാൻ എംബസിയുമായുള്ള ഏകോപനത്തോടെ, സുരക്ഷിതവും സുഗമവുമായി സ്വദേശത്തേക്ക് കൊണ്ടുപോകൽ പ്രക്രിയ ഉറപ്പാക്കുന്നതിന് ഗതാഗത സൗകര്യങ്ങളും ലോജിസ്റ്റിക്കൽ ക്രമീകരണങ്ങളും മന്ത്രാലയം മേൽനോട്ടം വഹിക്കുന്നു. പൗരന്മാർ അവരുടെ നിലവിലെ സ്ഥലങ്ങളിൽ തന്നെ തുടരാനും പുറപ്പെടൽ സമയം സംബന്ധിച്ച് മന്ത്രാലയത്തിന്റെ സപ്പോർട്ട് ടീമിൽനിന്നോ എംബസി ഫീൽഡ് യൂനിറ്റുകളിൽനിന്നോ വിവരം ലഭിക്കുന്നതാണെന്നും അധികൃതർ അറിയിച്ചു.
അതേസമയം, മേഖലയിലെ കലുഷിതഗായ സംഘർഷ സാഹചര്യത്തിനിടെ ഇറാനിൽനിന്ന് 300ലധികം ഒമാനി പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുകയും ചെയ്തു. ബന്ദർ അബ്ബാസ് വഴിയുള്ള അവരുടെ ഗതാഗതം ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ചാണ് നടത്തിയത്. ഇറാനിൽ അവശേഷിക്കുന്ന പൗരന്മാരുടെ തിരിച്ചുവരവ് സുഗമമാക്കുന്നതിനുള്ള ശ്രമങ്ങൾ 24 മണിക്കൂറും തുടരുന്നുണ്ടെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.
ആശയവിനിമയത്തിന് മന്ത്രാലയത്തിന്റെ ആപ്, വാട്സ്ആപ് പ്ലാറ്റ്ഫോമുകൾ എന്നിവ പ്രയോജനപ്പെടുത്താനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ പൗരന്മാർക്ക് പ്രത്യേക ആശയവിനിമയ ലൈനുകൾ അനുവദിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽബുസൈദി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.