ഇന്ത്യൻ സ്കൂൾ മസ്കത്തിന്റെ സുവർണ ജൂബിലി ആഘോഷ ഭാഗമായി നടന്ന ‘വരൂ കേരളക്കരയിലേക്കൊരു യാത്ര പോകാം '
പ്രദർശനത്തിൽനിന്ന്
മസ്കത്ത്: ഇന്ത്യൻ സ്കൂൾ മസ്കത്തിന്റെ സുവർണ ജൂബിലി ആഘോഷം ‘കലിഡോസ്കോപ് 2024’ വ്യത്യസ്തത കൊണ്ടും വൈഭവം കൊണ്ടും വേറിട്ട അനുഭവമായി. മലയാളവിഭാഗം ഒരുക്കിയ ദൃശ്യവിരുന്നിൽ ഇന്ത്യൻ സ്കൂൾ മസ്കത്തിലെ അഞ്ച് മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾ പ്രതിഭ കൊണ്ട് വിസ്മയം തീർത്തു.
മൂന്നു മുറികളിലായി കേരളത്തിന്റെ വശ്യ മനോഹര കാഴ്ചകൾ ഒരുക്കിയാണ് വിദ്യാർഥികൾ കാണികളുടെ ഹൃദയം കവർന്നത്. 'വരൂ കേരളക്കരയിലേക്കൊരു യാത്ര പോകാം ' എന്ന ശീർഷകത്തിൽ തയാറാക്കിയ പ്രദർശനം അക്ഷരാർത്ഥത്തിൽ നാടിന്റെ ഗൃഹതുരത്വം ഉണർത്തുന്ന കാഴ്ചകൾ നൽകിയെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പ്രദർശനയാത്രയിൽ എല്ലാ ജില്ലകളെയും പ്രതിനിധീകരിച്ചുള്ള സാംസ്കാരിക പൈതൃകങ്ങൾ വിദ്യാർഥികൾ പ്രദർശിപ്പിച്ചു.
എല്ലാ ജില്ലകളിലെയും സാംസ്കാരിക നായകന്മാർ, സാഹിത്യകാരന്മാർ, വിനോദകേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, ചരിത്രസ്മാരകങ്ങൾ എന്നിവ മിഴിവോടെ കോർത്തിണക്കിയ എക്സിബിഷൻ മലയാളവിഭാഗം അധ്യാപകരുടെയും വിദ്യാർഥികളുടെയും കഠിനാധ്വാനത്തിന്റെ വിജയമാണെന്ന് ഏവരും സാക്ഷ്യപ്പെടുത്തി. രണ്ടുദിവസം നീണ്ടുനിന്ന പ്രദർശനത്തിൽ വിവിധ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളുടെ സന്ദർശനവും ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.