മസ്കത്ത്: യേശു ക്രിസ്തുവിന്റെ ജന്മദിനമായ ക്രിസ്മസ് ആഘോഷിക്കാൻ മത വിശ്വാസികൾ ഒരുങ്ങുന്നു. വീടുകളിൽ നക്ഷത്ര ദീപങ്ങൾ തെളിയാനും അലങ്കാര വിളക്കുകൾ തിളങ്ങാനും തുടങ്ങിയിട്ടുണ്ട്. ക്രിസ്മസ് ഉൽപന്നങ്ങളും എത്തിയതോടെ വിപണിയും സജീവമായി. വീടുകളിലും താമസയിടങ്ങളിലും പുൽക്കൂടുകളും ഒരുക്കുന്നുണ്ട്. ഇന്ത്യൻ സ്കൂളുകൾ അടക്കുന്നതോടെ കുട്ടികളാണ് പുൽക്കൂട് ഒരുക്കുന്നതിൽ കാര്യമായി രംഗത്തുണ്ടാവുക. അവരെ സഹായിക്കാൻ രക്ഷിതാക്കൾ കൂടി രംഗത്തെത്തുന്നതോടെ വീടുകൾ ക്രിസ്മസ് അന്തരീക്ഷത്തിലേക്ക് നീങ്ങും.
ഉണ്ണിയേശുവും മറിയവും മാലാഖമാരുമൊക്കെയാണ് പുൽക്കുടിനുള്ളിലുണ്ടാവുക. അലങ്കാര വിളക്കുകൾ ചാർത്തി വെളിച്ചത്തിൽ കുളിച്ച് നിൽക്കുകയും ചെയ്യുന്നതോടെ പുൽക്കൂടുകൾ മനോഹരമായ കാഴ്ചയാവും. പുൽക്കൂടിന് ആവശ്യമായ വസ്തുക്കൾ പലതും നാട്ടിൽനിന്ന് കൊണ്ടുവരുകയാണ് ചെയ്യുന്നത്. ക്രിസ്മസ് കഴിയുന്നതോടെ ഇവ പൊതിഞ്ഞു വെച്ച് അടുത്ത വർഷത്തേക്ക് സൂക്ഷിക്കും. ഒമാനിൽ ഇത്തരം ഉൽപന്നങ്ങൾ പലതും കിട്ടാനുള്ള പ്രയാസം കാരണമാണിത്. വിവിധങ്ങളായ നക്ഷത്രങ്ങളും വിപണിയിലെത്തിയിട്ടുണ്ട്. ട്രെൻഡിങ്ങായിട്ടുള്ള നക്ഷത്രങ്ങൾക്കാണ് ആവശ്യക്കാരേറെയുള്ളതെന്ന് കച്ചവടക്കാർ പറയുന്നു.
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ചർച്ചുകളിൽ പ്രത്യേക പരിപാടികളും ആരാധനകളും നടക്കും. ക്രിസ്മസ് കരോൾ അടക്കമുള്ള പരിപാടികൾ ആഘോഷങ്ങൾക്ക് പൊലിമയാകും. കരോൾ സംഘങ്ങൾ വീടുകൾ സന്ദർശിക്കുന്നതടക്കമുള്ള ചടങ്ങുകളും വരും ദിവസങ്ങളിൽ നടക്കും.
ക്രിസ്മസിന്റെ ഭാഗമായി പ്രത്യേക കുർബാനയും മറ്റു പരിപാടികളും അരങ്ങേറും. 24 ാം തീയതി അർധരാത്രിവരെ ചടങ്ങുകൾ നീളും. ക്രിസ്മസിന്റെ പ്രധാന ഭാഗമാണ് കേക്കുകൾ. ഇവ വീടുകളിൽ തന്നെ ഉണ്ടാക്കുന്നവരും നിരവധിയാണ്. ഇത്തരം കേക്കുകൾ ഉണ്ടാക്കുന്ന ഉൽപന്നങ്ങൾക്ക് വിപണിയിൽ ഡിമാന്റ് വർധിച്ചിട്ടുണ്ട്. ക്രിസ്മസ് ട്രീയും വിപണിയിൽ എത്തിക്കഴിഞ്ഞു. വീടുകളിലും സ്ഥാപനങ്ങളിലും ക്രിസ്മസ് ട്രീകളും ഒരുക്കുന്നുണ്ട്. വിവിധതരത്തിലുള്ള ക്രിസ്മസ് ട്രീകൾ വിപണിയിലുണ്ട്. വളരെ ചെറിയ വില കുറഞ്ഞ ട്രീകൾ മുതൽ ഏറെ ഉയരമുള്ള ട്രീകളുമുണ്ട്. ഇവയുടെ വലിപ്പം കൂടുന്നതിനനുസരിച്ച് വിലയും വർധിക്കും.
വാണിജ്യ സ്ഥാപനങ്ങളിലും മറ്റും വലിയ ട്രീകളാണ് ഒരുക്കിയിരിക്കുന്നത്. ഇതിൽ ക്രിസ്മസ് സമ്മാനത്തിന്റെ രൂപങ്ങളും ക്രിസ്മസ് അപ്പൂപ്പന്റെ രൂപങ്ങളുമൊക്കെയുണ്ടാവും. ഇതിൽ അലങ്കാര വിളക്കുകൾ കൂടി ജ്വലിക്കാൻ തുടങ്ങുന്നതോടെ ട്രീകൾ കളറാവും.
നിരവധി ക്രിസ്മസ്വിഭവങ്ങൾ വിപണിയിലെത്തിക്കഴിഞ്ഞു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് കേക്കുകളാണ്. ചെറുതും വലുതുമായ നിരവധി കേക്കുകൾ വിപണിയിലെത്തിക്കഴിഞ്ഞു. ക്രിസ്മസിന്റെ ഭാഗമായി സമ്മാനങ്ങൾ കൈമാറുന്നതടക്കമുള്ള നിരവധി ആഘോഷ പരിപാടികളും നിലവിലുണ്ട്. രാജ്യങ്ങളും സംസ്ഥാനങ്ങളും മാറുമ്പോൾ ആഘോഷ രീതികളും മാറും. ഏതായാലും ഇനിയുള്ള നാളുകൾ ക്രിസ്തുമത വിശ്വാസികൾക്ക് ആഘോഷത്തിന്റേതായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.