യുദ്ധഭീതിയും പരീക്ഷ റദ്ദാക്കലും വിനയായി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലത്തിൽ ഒമാനിലെ വിദ്യാർഥികൾക്ക് നിരാശ

മസ്കത്ത്: ഗൾഫ് മേഖലയിലെ യുദ്ധസമാനമായ സാഹചര്യങ്ങളെത്തുടർന്ന് സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയതും തുടർന്ന് പ്രഖ്യാപിച്ച ബദൽ മൂല്യനിർണയ രീതിയും ഒമാനിലെ നൂറുകണക്കിന് വിദ്യാർഥികളെ നിരാശയിലാക്കി. സ്കൂളുകളിൽ നടത്തിയ ഇന്റേണൽ മൂല്യനിർണയത്തിന്റെ മാർക്ക് മാത്രം അടിസ്ഥാനമാക്കി ബുധനാഴ്ച ബോർഡ് പ്രഖ്യാപിച്ച വാർഷിക പരീക്ഷാഫലം കടുത്ത നിരാശയാണ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സമ്മാനിച്ചത്.

മാർച്ച് പകുതിയോടെ ഒമാൻ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് പരീക്ഷകൾ പൂർണമായും റദ്ദാക്കിയത്. തുടർന്ന് സ്കൂൾ തലത്തിൽ നടത്തിയ ക്വാർട്ടർലി, ഹാഫ് ഇയർലി, പ്രീ-ബോർഡ് പരീക്ഷകളിലെ ഏറ്റവും മികച്ച പ്രകടനം വിലയിരുത്തി മാർക്ക് നൽകുമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ, പൊതുവെ പന്ത്രാണ്ടാം ക്ലാസിൽ വാർഷിക പരീക്ഷയുശട പ്രാധാന്യത്തോടെ വിദ്യാർഥികൾ പ്രീബോർഡ് പരീക്ഷയെ സമീപിക്കാറില്ല. ഇതാണ് പല വിദ്യാർഥികൾക്കും തിരിച്ചടിയായത്.

വാർഷിക പരീക്ഷയിൽ മികച്ച മാർക്ക് സ്കോർ ചെയ്യാനായി തയാറെടുത്തിരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി യുദ്ധസാഹചര്യം രൂപപ്പെടുന്നതും വാർഷിക പരീക്ഷ റദ്ദാക്കുന്നതും. സാധാരണയായി മോഡൽ പരീക്ഷകളേക്കാൾ വളരെ ഉയർന്ന മാർക്ക് വിദ്യാർത്ഥികൾ ബോർഡ് പരീക്ഷകളിൽ നേടാറുണ്ട്. ഫൈനൽ പരീക്ഷക്കായി മികച്ച രീതിയിൽ തയാറെടുത്തിരുന്ന തങ്ങൾക്ക് നേരിട്ട് പരീക്ഷ എഴുതാൻ സാധിച്ചിരുന്നെങ്കിൽ 10 മുതൽ 15 ശതമാനം വരെ കൂടുതൽ മാർക്ക് നേടാമായിരുന്നുവെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാണിക്കുന്നു.

സ്കൂൾ തല മൂല്യനിർണയം മാത്രം മാനദണ്ഡമാക്കിയതിനാൽ ഇത്തവണ ഒമാനിലെ സ്കൂളുകളിൽ ഒരു വിഷയത്തിലും വിദ്യാർഥികൾക്ക് പൂർണ മാർക്കായ 100-ൽ 100 ലഭിച്ചിട്ടില്ല. മേഖലയിലെ സംഘർഷാവസ്ഥ മൂലം പരീക്ഷ എഴുതാൻ കഴിയാതെ പോയതും തുടർന്നുണ്ടായ ബദൽ മാർക്കിംഗ് രീതിയും തങ്ങളുടെ ഉന്നതവിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് തിരിച്ചടിയായെന്ന ആശങ്കയിലാണ് ചില വിദ്യാർഥികൾ.

മേഖലയിലെ സുരക്ഷാപ്രശ്നങ്ങളും സംഘർഷസാഹചര്യങ്ങളും മുൻനിർത്തി മാർച്ച് പകുതിയോടെയാണ് ഒമാൻ, ബഹ്റൈൻ, ഇറാൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ സി.ബി.എസ്.ഇ റദ്ദാക്കിയത്. ഇത്തവണ ഒമാനിൽ നിന്ന് 2,200-ലധികം വിദ്യാർഥികളാണ് പരീക്ഷക്കായി രജിസ്റ്റർ ചെയ്തിരുന്നത്.

ഇത്തവണ ആകെ വിജയശതമാനത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3.9 ശതമാനം കുറഞ്ഞ് 85.20 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. ആകെ 1,857,517 വിദ്യാർത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്.ഇത്തവണയും പെൺകുട്ടികളാണ് മുന്നിൽ (88.86%). ആൺകുട്ടികളുടെ വിജയശതമാനം 82.13% ആണ്. ട്രാൻസ്ജെൻഡർ വിദ്യാർഥികൾ 100 ശതമാനം വിജയം നേടി.

ബോർഡ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും 5.32% വിദ്യാർത്ഥികൾ (94,028 പേർ) 90 ശതമാനത്തിന് മുകളിലും, 0.97% വിദ്യാർഥികൾ (17,113 പേർ) 95 ശതമാനത്തിന് മുകളിലും മാർക്ക് നേടി. ഇന്ത്യയിൽ 95.62% വിജയവുമായി തിരുവനന്തപുരം റീജിയൺ ആണ് ഏറ്റവും മുന്നിൽ. ചെന്നൈ (93.84%), ബംഗളൂരു (93.19%) എന്നിവയാണ് തൊട്ടുപിന്നിൽ. ഡിജിറ്റൽ മൂല്യനിർണ്ണയത്തിനായി ഇത്തവണ പൂർണ്ണമായും 'ഓൺ-സ്ക്രീൻ മാർക്കിംഗ്' രീതിയാണ് സി.ബി.എസ്.ഇ അവലംബിച്ചത്. പരീക്ഷാഫലം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും കമ്പാർട്ട്മെന്റ് ലഭിച്ചവർക്കുമുള്ള സപ്ലിമെന്ററി പരീക്ഷകൾ 2026 ജൂലൈ 15-ന് നടക്കും. ഇതിനായുള്ള അപേക്ഷകൾ ജൂൺ രണ്ടു മുതൽ സമർപ്പിക്കാം.

Tags:    
News Summary - CBSE Results: War Fears, Exam Cancellations Hit Oman Students Hard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.