സേവ ഉത്സവി‍െൻറ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ രക്തദാന കാമ്പയിന് തുടക്കമായപ്പോൾ

മസ്കത്ത്: ഇന്ത്യൻ എംബസി ഇന്ത്യൻ സോഷ്യൽ ക്ലബ്ബുമായി (ഐ.എസ്‌.സി) ചേർന്ന് നടത്തുന്ന 'സേവാ ഉത്സവി‍െൻറ' ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി 'ഹാപ്പിനസ് വർക്ഷോപ്പ്' സംഘടിപ്പിച്ചു. ചടങ്ങിൽ ഭിന്നശേഷി കുട്ടികളുടെ ക്ഷേമത്തിനായുള്ള അസോസിയേഷ‍െൻറ ചെയർപേഴ്‌സൻ സയ്യിദ ഹുജൈജ അൽ സഈദ് മുഖ്യാതിഥിയായി. സുരേഷ് വീർമണിനു വിശിഷ്ടാതിഥിയായി. ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്ങും പത്നി ദിവ്യ നാരങ്ങും ചേർന്ന് മുഖ്യാതിഥികളെ സ്വാഗതം ചെയ്തു. 'ആസാദി കാ അമൃത് മഹോത്സവ'ത്തി‍െൻറ ഭാഗമായുള്ള 'സേവ ഉത്സവ് 2022' പരിപാടിയിലൂടെ ഒമാനിൽ നടത്തുന്ന വിവിധ പരിപാടികളെയും സേവനങ്ങളെയും കുറിച്ച് അംബാസഡർ വിശദീകരിച്ചു.

ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വിഡിയോയിലൂടെ സന്ദേശം കൈമാറി. കോവിഡ് കാലമുൾപ്പെടെ ഇന്ത്യൻ സമൂഹത്തിന് ഒമാൻ നൽകിയ സഹായത്തിന് സുൽത്താൻ ഹൈതം ബിൻ താരിഖിനും സർക്കാറിനും മന്ത്രി നന്ദി അറിയിക്കുകയും ചെയ്തു.

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള വിദ്യാഭ്യാസത്തി‍െൻറ പ്രധാന്യത്തെയും ഇക്കാര്യത്തിൽ മസ്കത്തിലെ കെയർ ആൻഡ് സ്പെഷൽ എജുക്കേഷൻ (സി.എസ്.ഇ) നടത്തുന്ന പ്രവർത്തനങ്ങളെ ഉയർത്തിക്കാട്ടാനുമായായിരുന്നു 'ഹാപ്പിനസ് വർക്ഷോപ്പ്' നടത്തിയത്. സി.എസ്‌.ഇ കമ്മിറ്റി അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, ഐ.എസ്‌.സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെയും സി.എസ്.ഇ നടത്തുന്ന പ്രവർത്തനങ്ങളെയും കുറിച്ചുള്ള വിഡിയോ പ്രദർശനവും നടന്നു. മാജിക് ഷോ, ഡാൻസ്, മ്യൂസിക് പെർഫോമൻസ്, കുട്ടികളുടെ ലൈവ് പെയിന്‍റിങ് തുടങ്ങിയ വിനോദ പരിപാടികളും ഒരുക്കിയിരുന്നു. അംബാസഡറും പത്നിയും കുട്ടികൾക്കുള്ള മെമന്‍റോയും കൈമാറി.

സേവ ഉത്സവി‍െൻറ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ രക്തദാന കാമ്പയിനും തുടക്കമായി. ഒമാന്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് എംബസി ഹാളില്‍ നടന്ന രക്തദാന ക്യാമ്പ് മസ്‌കത്ത് നഗരസഭ ചെയര്‍മാന്‍ അഹമ്മദ് മുഹമ്മദ് അല്‍ ഹുമൈദി ഉദ്ഘാടനം ചെയ്തു. നിരവധി ആളുകൾ രക്തംദാനം ചെയ്തു. ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങ് ഉള്‍പ്പെടെ നിരവധിപേർ സംബന്ധിച്ചു.

Tags:    
News Summary - Blood donation camp also started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.