മാറ്റത്തിനിടെ മനുഷ്യനെ മറക്കരുത് -ഡി.ബാബുപോള്‍ 

മസ്കത്ത്: ശാസ്ത്ര പുരോഗതി ജീവിതത്തിന്‍െറ സമസ്ത  മേഖലകളിലും മാറ്റങ്ങള്‍ കൊണ്ടുവന്നതായി മുന്‍ ചീഫ് സെക്രട്ടറി ഡി.ബാബുപോള്‍. ഈ മാറ്റത്തിനിടെ മനുഷ്യന്‍  സഹജീവികളെ കാണാതിരിക്കരുതെന്നും ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മലയാള വിഭാഗം ഇരുപതാം വാര്‍ഷികാഘോഷ സമാപന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തവേ അദ്ദേഹം പറഞ്ഞു. 
ചിന്തിക്കാന്‍ കഴിയാത്ത വിധമുള്ള ശാസ്ത്ര പുരോഗതിയാണ് ഇന്ന് ഓരോ ദിവസവും സംഭവിക്കുന്നത്. അതിനൊപ്പം ഇവയുടെ ദുരുപയോഗവും കൂടിവരുന്നുണ്ട്. ഇന്ന് നഗരവത്കരണമെന്നാല്‍ അയല്‍പക്കകാരനെ അറിയാതിരിക്കുക എന്നതായി മാറി. അപരനെ കുറിച്ച് കരുതല്‍ ഇല്ലാത്തതിനാലാണ് ഇന്ന് ഭാവിയെ കുറിച്ച് ഭയം തോന്നുന്നത്. നമ്മുടെ മതത്തെ സ്നേഹിക്കുന്നതിനൊപ്പം അന്യ മതങ്ങളെ ബഹുമാനിക്കുകയുമായിരിക്കണം ഉത്തമ മനുഷ്യന്‍ ചെയ്യേണ്ടത്. ദുബൈ നഗരത്തില്‍ ചെന്നാല്‍ ന്യൂയോര്‍ക്കില്‍ ചെന്ന പ്രതീതി ആണെങ്കില്‍ ഇങ്ങ് മസ്കത്തില്‍ വന്നാല്‍ 
സ്വിറ്റ്സര്‍ലന്‍റില്‍ എത്തിയ പോലെയാണ്. ഇവിടെ പുരോഗതി,സമാധാനം,സഹകരണം എന്നിവ കാണാം. നമുക്ക് നല്ല രീതിയില്‍ തൊഴില്‍ ചെയ്തു ജീവിക്കാന്‍ അവസരം തന്ന ഈ രാജ്യത്തോട് സ്നേഹവും,സഹകരണവും വേണമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു . 
നേരത്തേ ഇന്ത്യന്‍ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെ ഭദ്ര ദീപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇരുപതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഗാനം ചടങ്ങില്‍ അവതരിപ്പിച്ചു. ഡോക്ടര്‍ ബാബുപോളിനുള്ള ഉപഹാരം കണ്‍വീനര്‍ ജി.കെ.കാരണവര്‍ കൈമാറി. 
ഡോക്ടര്‍ പി. മുഹമ്മദാലി,ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ചെയര്‍മാന്‍ സതീഷ് നമ്പ്യാര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. മുന്‍ കണ്‍വീനര്‍മാരായ മധുസൂദനന്‍,കാളിദാസ കുറുപ്പ്, അബ്രഹാം മാത്യു,ഭാസ്കരന്‍ നായര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഒമാന്‍ കാന്‍സര്‍ അസോസിയേഷനുള്ള രണ്ടായിരം റിയാലിന്‍െറ സഹായം ചടങ്ങില്‍ കൈമാറി. എസ്.ശശ്രീകുമാര്‍ സ്വാഗതവും പി.ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. ചടങ്ങിന് ശേഷം ഗായിക മഞ്ജരിയുടെ നേതൃത്വത്തില്‍ ഗസല്‍ സന്ധ്യയും ഉണ്ടായി.

Tags:    
News Summary - babupaul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.