വാർത്തസമ്മേളനത്തിൽ ഡോ. ബെന്നി പനക്കൽ, ഡോ. ജെ. രത്നകുമാർ എന്നിവർ സംസാരിക്കുന്നു
മസ്കത്ത്: ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസിലെ പ്രശസ്ത കാർഡിയോളജിസ്റ്റും മലയാളിയുമായ ഡോ. ബെന്നി പനക്കലിന്റെ ചിത്രപ്രദർശനം ജൂലൈ 21 മുതൽ 30 വരെ ഹോട്ടൽ സിറ്റി സീസൺസിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മഹാമാരിയുടെ കാലത്ത് ഡോക്ടർ വരച്ച ചിത്രങ്ങൾ 'ആർട്ട് ഫ്രം ദ ഹാർട്ട്' എന്ന പേരിലാണ് നടത്തുന്നത്. ആഗോള കലാസാംസ്കാരിക സംഘടനയായ 'ഭാവലയ'യുടെ സഹകരണത്തോടെയാണ് പ്രദർശനം നടക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് ഏഴു വരെ പൊതുജനങ്ങൾക്ക് പ്രദർശനം കാണാൻ അവസരമുണ്ടാകും. ഇന്ത്യൻ അംബാസഡർ അമിത് നാരങ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഒമാനി കലാകാരി മറിയം അൽ സദ്ജാലി, ഒമാനി സൊസൈറ്റി ഫോർ ആർട്സിന്റെ ഡയറക്ടർ താഹിറ അൽ മവാലി എന്നിവർ വിശിഷ്ടാതിഥികളാകും. പഠനകാലത്തുതന്നെ ചിത്രകലയിൽ മികവ് തെളിയിച്ച ആളാണ് ഡോ. ഡോ. ബെന്നി പനക്കൽ. സംസ്ഥാന, ജില്ല സ്കൂൾ കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ വിദ്യഭ്യാസ സമയത്താണ് കലാരംഗത്ത് കൂടുതൽ സജീവമാകുന്നത്. കേരളത്തിലെ എല്ലാ സർക്കാർ മെഡിക്കൽ കോളജുകളിലെയും വിദ്യാർഥികൾ പങ്കെടുക്കുന്ന അഖില കേരള ഇന്റർ-മെഡിക്കൽ യൂത്ത് ഫെസ്റ്റിവലിൽ 'ആർട്സ് ചാമ്പ്യൻ' പട്ടവും കരസ്ഥമാക്കിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലെ സോഷ്യൽ സർവിസ് ലീഗിന്റെ കീഴിൽ കാലിക്കറ്റ് ടൗൺഹാളിൽ ചിത്രപ്രദർശനവും നടത്തിയിരുന്നു. പെയിന്റിങ്ങുകൾ വിറ്റുകിട്ടിയ തുക കോഴിക്കോട് ലെപ്രസി ആശുപത്രിയിലെ അന്തേവാസികളുടെ ക്ഷേമത്തിനായി നൽകുകയായിരുന്നു. ഡോക്ടറുടെ ചിത്രകലയോടുള്ള അഭിനിവേശം തന്നെ അത്ഭുതപ്പെടുത്തിയെന്നും ഇത്തരം ഒരു പരിപാടിയുമായി സഹകരിക്കുന്നതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്നും 'ഭാവലയ' ചെയർമാനും സ്ഥാപകനുമായ ഡോ. ജെ. രത്നകുമാർ പറഞ്ഞു. കോവിഡ് മഹാമാരിക്കാലത്തിന് നിരവധി നെഗറ്റിവ് വശങ്ങളുണ്ടായിരുന്നു. എന്നാൽ, ഇവിടെ നമുക്ക് പ്രചോദനവും പ്രതീക്ഷയും നൽകുന്ന ഒരു പോസിറ്റിവ് വശം അടങ്ങിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള കലാകാരന്മാർക്ക് ഒരു വേദി ഒരുക്കുക എന്നതാണ് ഭാവലയയുടെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് സമയത്തോ, അതിന് ശേഷമോ വരച്ച ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളതെന്ന് ഡോ. ബെന്നി പനക്കൽ പറഞ്ഞു. കഴിഞ്ഞ 19 വർഷമായി റൂവിയിലെ ബദർ അൽ സമാ ഹോസ്പിറ്റലിൽ സീനിയർ കൺസൾട്ടന്റ് ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റും കാർഡിയോളജി മേധാവിയുമായി പ്രവർത്തിക്കുന്നയാളാണ് ഡോ. പനക്കൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.