മനാമ: ബഹ്‌റൈനിൽ ചാരവൃത്തിക്കേസുകളിലും ഇറാൻ്റെ ആക്രമണങ്ങളെ പിന്തുണച്ച സംഭവങ്ങളിലും പിടിയിലായവർക്ക് ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (ഐ.ആർ.ജി.സി) അടുത്ത ബന്ധമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. രാജ്യത്ത് ആക്രമണം നടത്താൻ ലക്ഷ്യമിട്ടുള്ള വിദേശ ശക്തികളുടെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഈ നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത്.
പിടിക്കപ്പെട്ടവർക്ക് ഇറാനിലെ വിലായത്ത് അൽ ഫഖീഹുമായി ബന്ധമുണ്ടെന്നും ഇവരുടെ പ്രവർത്തനങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ച് തീവ്രമായ അന്വേഷണം നടന്നുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി. വിദ്യാലയങ്ങൾ, കിന്റർഗാർട്ടനുകൾ, സാമൂഹിക-ജീവകാരുണ്യ സ്ഥാപനങ്ങൾ, മാധ്യമ പ്ലാറ്റ്‌ഫോമുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് സർക്കാർ സമഗ്രമായ അവലോകനം ആരംഭിച്ചിട്ടുണ്ട്. തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കാനും തെറ്റിദ്ധാരണാജനകമായ ആശയങ്ങൾ അടിച്ചേൽപ്പിക്കാനുമുള്ള ശ്രമങ്ങളെ കർശനമായി തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഭരണകൂടത്തോടുള്ള ശത്രുത വർദ്ധിപ്പിക്കുക, പൗരന്മാരെയും സിവിൽ സൊസൈറ്റി സ്ഥാപനങ്ങളെയും ഭയപ്പെടുത്തുക, സമൂഹത്തിൽ വിദ്വേഷം പടർത്തുക എന്നിവയാണ് ഇത്തരം പ്രവർത്തനങ്ങളുടെ പിന്നിലെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. രാജ്യത്തിൻ്റെ പരമാധികാരത്തിനും പൊതുസുരക്ഷയ്ക്കും ഭീഷണിയാകുന്ന ഇത്തരം നീക്കങ്ങളെ ഒരുതരത്തിലും അനുവദിക്കില്ലെന്നും, ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സാമൂഹിക ഐക്യം നിലനിർത്തുന്നതിനും ഈ ഘട്ടത്തിൽ ജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. ബഹ്‌റൈൻ്റെ സാമൂഹിക മൂല്യങ്ങൾക്കും ദേശീയ വീര്യത്തിനും നിരക്കാത്ത ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് അധികൃതരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.