‘ഇൻസ്പെയർ ഒമാൻ’ പദ്ധതിക്ക് മസ്കത്തിൽ പ്രൗഢോജ്വല തുടക്കം

മസ്കത്ത്: ഒമാൻ സുൽത്താനേറ്റിലെ സാമ്പത്തിക-സാമൂഹിക വികസന രംഗശത്തയും സംരംഭകത്വ മേഖലയിലെയും വിജയഗാഥകൾ അടയാളപ്പെടുത്തുന്ന ‘ഇൻസ്പയർ ഒമാൻ’ പദ്ധതിക്ക് മസ്കത്തിൽ പ്രൗഢോജ്വല തുടക്കമായി. ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ആസ്ഥാനത്ത് ചൊവ്വാഴ്ച വൈകീട്ട് നടന്ന നടന്ന വാർത്താസമ്മേളനത്തിലായിരുന്നു പദ്ധതി പ്രഖ്യാപനം. ആഗോള തലത്തിൽ മികച്ച രണ്ടാമത്തെ വിശ്വസനീയ നിക്ഷേപ കേന്ദ്രമായ ഒമാന്റെ ബിസിനസ് സാധ്യതകളെയും വിജയകരമായ മാതൃകകളെയും പ്രാദേശിക-ആഗോള തലങ്ങളിൽ ഉയർത്തിക്കാട്ടുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ‘മീഫ്രണ്ട്’ ആവിഷ്കരിച്ച ‘ഇൻസ്പെയർ ഒമാൻ’ പദ്ധതി ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഒ.സി.സിഐ) പിന്തുണയോടെയാണ് നടപ്പാക്കുന്നത്. ഒമാനിലേക്ക് കൂടുതൽ നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനും ഒമാൻ വിഷൻ 2040-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഈ സംരംഭം ഗണ്യമായ സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി ഒ.സി.സി.ഐ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയർമാൻ ഷെയ്ഖ് ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് പറഞ്ഞു.

ഇത്തരം വിജയമാതൃകകൾ പ്രദർശിപ്പിക്കുന്നത് ഒമാന്റെ സാമ്പത്തിക പദവി ഉയർത്താനും ഒമാനിലെ ബിസിനസ്‍ അന്തരീക്ഷത്തിൽ നിക്ഷേപകർക്കുള്ള ആത്മവിശ്വാസം ശക്തിപ്പെടുത്താനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേത്തു. ഒമാനിലെ നിക്ഷേപാന്തരീക്ഷത്തിന്റെ സമഗ്രമായ ചിത്രം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് ഈ സംരംഭം ശ്രമിക്കുന്നതെന്ന് ഒ.സി.സി.ഐ ബോർഡ് അംഗവും ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് കമ്മിറ്റി ചെയർമാനുമായ അബ്ദുൾ ലത്തീഫ് മൊയ്തീൻ കുഞ്ഞി വ്യക്തമാക്കി. വിവിധ സാമ്പത്തിക മേഖലകളിലെ ഒമാന്റെ നേട്ടങ്ങളുടെയും പ്രചോദനാത്മകമായ അനുഭവങ്ങളുടെയും പാഠങ്ങളും വൈദഗ്ധ്യവും വരുംതലമുറയിലേക്കുകൂടി പകർന്നുനൽകാൻ പദ്ധതിയിലൂടെ ആഗ്രഹിക്കുന്നതായി മീഫ്രണ്ട് ഡയറക്ടർ മുഹമ്മദ് സലീം അമ്പലൻ പറഞ്ഞു.

ഒമാന്റെ വിജയഗാഥകളുടെ സ്മരണിക പ്രസിദ്ധീകരണം, ഡിജിറ്റൽ കാമ്പയിൻ എന്നിവക്കു പുറമെ, ഒമാൻ, ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള നയരൂപകർത്താക്കൾ, ബിസിനസ് വിദഗ്ധർ, നിക്ഷേപകർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഇൻസ്പെയറിങ് ഒമാൻ ഇൻവെസ്റ്റേഴ്‌സ് സമ്മിറ്റ് എന്നിവയടങ്ങുന്നതാണ് ഇൻസ്​പയർ ഒമാൻ പദ്ധതിയുടെ പ്രാഥമികഘട്ടം. ഒ.സി.സി.ഐ ബോർഡ് അംഗം ഷെയ്ഖ് സൗദ് ബിൻ അഹമ്മദ് അൽ നഹാരി, മീഫ്രണ്ട് ബിസിനസ് സൊലൂഷൻസ് ഗ്ലോബൽ ഹെഡ് മുഹമ്മദ് റഫീഖ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ചടങ്ങിൽ പി.ജി.എസ് ഗ്രൂപ്പ് സ്ഥാപകനും എം.ഡിയുമായ നൗഷാദ് റഹ്മാൻ, അൽതായ് ​ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും ചെയർമാനുമായ ഇബ്രാഹിം അബ്ദുൽറഹീം എന്നിവർക്ക് ‘ഇൻസ്​പയർ ഒമാൻ പ്രീമിയം വിഷനറി ഡെലിഗേറ്റ് ഇൻവിറ്റേഷൻ കൈമാറി.

Tags:    
News Summary - ‘Inspire Oman’ project gets off to a flying start in Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.