പ്രവാസി വസ്‌തു ഉടമകൾക്ക് ഒമാനിൽ റസിഡൻസി പെർമിറ്റ്, കുടുംബാംഗങ്ങൾക്കും ആനുകൂല്യം; പുതിയ നിയമം പുറത്തിറങ്ങി

മസ്കത്ത്: ഒമാനിൽ വസ്‌തുവകകൾ വാങ്ങുന്ന വിദേശികളായ പ്രോപ്പർട്ടി ഉടമകൾക്കും നിക്ഷേപകർക്കും പ്രാദേശിക സ്പോൺസറില്ലാതെ തന്നെ വിസയും റസിഡൻസി പെർമിറ്റും അനുവദിക്കുന്ന പുതിയ നിയമഭേദഗതികൾ ഒമാൻ റോയൽ പൊലീസ് പുറപ്പെടുവിച്ചു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച 87/2026-ാം നമ്പർ ഉത്തരവിലെ പുതിയ ഭേദഗതി പ്രകാരം, ഒമാനിൽ നിർമാണ ആവശ്യങ്ങൾക്കായി ഭൂമി വാങ്ങുന്ന വിദേശികൾക്കും, രജിസ്‌ട്രേഷൻ നടപടികൾ പുരോഗമിക്കുന്ന റിയൽ എസ്റ്റേറ്റ് യൂനിറ്റുകൾ സ്വന്തമാക്കുന്നവർക്കും ഒമാനി സ്പോൺസറുടെ ആവശ്യമില്ലാതെ തന്നെ വിസക്കും താമസാനുമതിക്കും അപേക്ഷിക്കാം.

ബന്ധപ്പെട്ട ഔദ്യോഗിക അതോറിറ്റി നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് വിസ അനുവദിക്കുക. വസ്‌തുവകകൾ സ്വന്തമാക്കുന്ന പ്രവാസികളുടെ പങ്കാളികൾക്കും മക്കൾ, മാതാപതാക്കൾ എന്നിങ്ങനെ അടുത്ത ബന്ധുക്കൾക്കും ലഭ്യമാകും. ഇതിനുപുറമെ, ഒമാനിൽ ഭൂമിയോ കെട്ടിടങ്ങളോ സ്വന്തമാക്കുന്ന വിദേശ കമ്പനികളുടെ നിയമപരമായ പ്രതിനിധികൾക്കും സ്പോൺസറില്ലാത്ത ഈ വിസക്ക് അർഹതയുണ്ടായിരിക്കും.

ആറ് മാസം മുതൽ ഒരു വർഷം വരെ കാലാവധിയുള്ള ഈ വിസകൾ പിന്നീട് ഇതേ കാലയളവിലേക്ക് പുതുക്കാവുന്നതാണ്. ഈ വിസ കൈവശമുള്ളവർക്ക് ഓരോ സന്ദർശന വേളയിലും പരമാവധി മൂന്ന് മാസം വരെ സുൽത്താനേറ്റിൽ താമസിക്കാൻ അനുവാദമുണ്ട്. തുടർനടപടികൾ കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായി ‘ഓണർ വിസ’ നിയമങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. വിദേശ വസ്‌തു ഉടമകൾക്കും കമ്പനി പ്രതിനിധികൾക്കും ഇനി സ്പോൺസറുടെ ആവശ്യമില്ലാതെ നേരിട്ട് ബന്ധപ്പെട്ട അതോറിറ്റി വഴി വിസ നേടാം.

ജി.സി.സി പൗരന്മാർ, ലൈസൻസുള്ള വിദേശ നിക്ഷേപകർ, റിയൽ എസ്റ്റേറ്റ് യൂനിറ്റുകൾ സ്വന്തമാക്കിയ വിദേശികൾ, സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശ ജീവനക്കാർ എന്നിവർക്കും ഇനി മുതൽ സ്പോൺസറാകാൻ പുതിയ നിയമം അനുവാദം നൽകുന്നുണ്ട്. നിക്ഷേപകരുടെയും വസ്‌തു ഉടമകളുടെയും ആശ്രിതർക്ക് ഫാമിലി റസിഡൻസി പെർമിറ്റ് ലഭിക്കുന്നതിനുള്ള പ്രായപരിധി വ്യവസ്ഥകളിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

നിയമങ്ങൾ വലിയ രീതിയിൽ ലളിതമാക്കിയെങ്കിലും വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ട് കർശനമായ വകുപ്പും പുതിയ ഉത്തരവിലുണ്ട്. ഒമാനിൽ വാങ്ങിയ വസ്‌തു മറ്റൊരാൾക്ക് വിൽക്കുകയോ നിയമപരമായ ഏതെങ്കിലും ഇടപാടിലൂടെ കൈമാറ്റം ചെയ്യുകയോ ചെയ്താൽ, വിദേശ ഉടമയുടെയും (അല്ലെങ്കിൽ കമ്പനി പ്രതിനിധിയുടെയും) ഒപ്പമുള്ള എല്ലാ കുടുംബാംഗങ്ങളുടെയും റസിഡൻസി പെർമിറ്റ് സാങ്കേതികമായി അപ്പോൾത്തന്നെ റദ്ദാക്കപ്പെടുമെന്നും ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ആൻഡ് കസ്റ്റംസ് ലെഫ്റ്റനന്റ് ജനറൽ ഹസൻ ബിൻ മുഹ്സിൻ അൽ ശുറൈഖി പുറപ്പെടുവിച്ച പുതിയ ഉത്തരവിൽ പറയുന്നു.

Tags:    
News Summary - Residency permits in Oman for expatriate property owners, benefits extended to family members; new law issued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.