മസ്കത്ത്: രാജ്യത്തെ കാർഷിക ഉൽപാദനം വർധിപ്പിക്കുന്നതിനും ആധുനിക സാങ്കേതികവിദ്യകൾ കർഷകരിലേക്ക് എത്തിക്കുന്നതിനുമായി ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ) സംഘടിപ്പിച്ച ‘മോഡൽ ഫാം മാനേജ്‌മെന്റ്’ പരിശീലന പരിപാടി വിജയകരമായി പൂർത്തിയായി. തെക്കൻ ബാത്തിന, തെക്കൻ ശർഖിയ, ദോഫാർ ഗവർണറേറ്റുകളിലാണ് പദ്ധതി നടപ്പാക്കിയത്. മേയ് 31 മുതൽ ജൂൺ 18 വരെ നടന്ന കാമ്പയിനിൽ കാർഷിക മേഖലയിലെ 95 യുവസംരംഭകരും മോഡൽ ഫാം ഉടമകളും പങ്കെടുത്തു.
സുസ്ഥിരമായ ആധുനിക സാങ്കേതികവിദ്യകളിലൂടെ പ്രാദേശിക ഉൽപാദനം മെച്ചപ്പെടുത്തുക, ജലം, ഊർജം, വളം എന്നിവയുടെ കൃത്യമായ ഉപയോഗത്തിലൂടെ വിഭവങ്ങളുടെ ദുരുപയോഗം തടയുക, കാർഷിക അവശിഷ്ടങ്ങൾ കുറക്കുക എന്നിവയാണ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. ഒമാന്റെ സാമ്പത്തിക വൈവിധ്യവൽകരണത്തിൽ കാർഷിക മേഖലക്ക് വലിയ പങ്കുണ്ടെന്നും ആശയങ്ങളും പ്രായോഗിക പരിശീലനവും ഒന്നിപ്പിച്ചാണ് ഈ ക്യാമ്പ് ഡിസൈൻ ചെയ്തതെന്നും പ്രോഗ്രാം ഡയറക്ടറും ഒ.സി.സി.ഐ അൽ ദാഹിറ ബ്രാഞ്ച് കോഓഡിനേഷൻ ഹെഡുമായ നാദിയ ബിൻത് മുഹമ്മദ് അൽ നസ്‌വാനിയ പറഞ്ഞു.
ആഗോള വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് ഒമാനിലെ കാർഷിക വിപണിയെ മാറ്റിയെടുക്കുക എന്നതാണ് ഈ തന്ത്രപ്രധാനമായ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പരിശീലനത്തിന് നേതൃത്വം നൽകിയ ഫാൽക്കൺ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ജനറൽ മാനേജർ ഹുമൈദ് അൽ ഹർസി വ്യക്തമാക്കി. വിജ്ഞാനത്തിലും ഇന്നൊവേഷനിലും അധിഷ്ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന ‘ഒമാൻ വിഷൻ 2040‘ ലക്ഷ്യങ്ങളുമായി ഈ പ്രയത്നം പൂർണമായും ഒത്തുപോകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭക്ഷ്യ-കാർഷിക വ്യവസായ രംഗത്തെ പ്രമുഖ വിദഗ്ധനായ പ്രഫ. അഹമ്മദ് അബ്ദുൽ ഫത്താഹ് അലി അഹമ്മദ് ക്ലാസുകൾക്ക് നേതൃത്വം നൽകി. ഒമാനി ഉൽപന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിലുള്ള സാധ്യതകൾ, പച്ചക്കറി -പഴവർഗങ്ങൾ, കന്നുകാലി -കോഴി വളർത്തൽ എന്നീ മേഖലകൾ നേരിടുന്ന വെല്ലുവിളികൾ എന്നിവ അദ്ദേഹം വിശകലനം ചെയ്തു. ഉൽപന്നങ്ങൾ കേടുപാടുകൾ കൂടാതെ വിപണിയിൽ എത്തിക്കാനുള്ള ‘അഗ്രികൾച്ചറൽ സപ്ലൈ ചെയിൻ’ രീതികളും അദ്ദേഹം കർഷകർക്ക് പരിചയപ്പെടുത്തി. അസംസ്‌കൃത ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനൊപ്പം ഭക്ഷ്യ സംസ്കരണത്തിലൂടെ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റുക, സ്വന്തമായി ഒമാനി ബ്രാൻഡുകൾ സൃഷ്ടിക്കുക, ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴി അന്താരാഷ്ട്ര വിപണിയിലേക്ക് നേരിട്ട് കരാറുകൾ ഉറപ്പിക്കുക തുടങ്ങിയ ആധുനിക വിപണന തന്ത്രങ്ങളും കാമ്പയിനിൽ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.