മസ്കത്ത്: ഒമാനിലെ കുട്ടികളുടെ പരമ്പരാഗത ആഘോഷമായ ‘ഖറൻ ഖശൂഹി’ന്റെ ഭാഗമായി അപ്പോളോ ഹോസ്പിറ്റൽസ്, മത്രയിലെ സകാത് കമ്മിറ്റിയുമായി ചേർന്ന് റൂവിയിലെ ലുലുവിൽ കുട്ടികൾക്കായി പ്രത്യേക പരിപാടികൾ നടത്തി. സ്കൂൾ കുട്ടികൾ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് വിശുദ്ധ ഖുർആൻ, ഹദീസ് എന്നിവയിൽനിന്നുള്ള വചനങ്ങൾ ചൊല്ലി മാളിലൂടെ നടത്തിയ പരേഡ് വർണാഭമായി. കുട്ടികൾക്കും സൗജന്യ ദന്ത, ശാരീരിക പരിശോധനയും അപ്പോളോ ഹോസ്പിറ്റൽസിന്റെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു. ഹോസ്പിറ്റലിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായിരുന്നു പരിപാടിയെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യമുള്ള കുട്ടികൾ ആരോഗ്യമുള്ള രാജ്യം വികസിപ്പിച്ചെടുക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
മത്ര സകാത് കമ്മിറ്റിയുടെ മുൻകൈയോടെ കുട്ടികൾക്കായുള്ള ഈ പരിപാടിയിൽ സഹകരിക്കാൻ കഴിഞ്ഞതിൽ കൂടുതൽ സന്തോഷമുണ്ടെന്ന് ഒമാൻ അപ്പോളോ ഹോസ്പിറ്റൽ സി.ഒ.ഒ പി.കെ. ശോഭ പറഞ്ഞു. പങ്കെടുക്കുന്ന കുട്ടികൾക്ക് ഭക്ഷണവും സന്ദർശകർക്ക് മൈലാഞ്ചിയും കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു. എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയത്തിനു കീഴിലാണ് സകാത് കമ്മിറ്റി. റിയാം പാർക്ക് മുതൽ ഖുറം വരെയുള്ള മത്രയിലെ സാധാരണക്കാരായ ആളുകളെ ഞങ്ങൾ പരിപാലിക്കുന്നുണ്ടെന്ന് മത്രയിലെ സകാത് കമ്മിറ്റിയുടെ കലക്ഷൻ കമ്മിറ്റി തലവൻ അബ്ദുൽ സഹ്റ ബിൻ ഹസൻ അൽ ലവതി പറഞ്ഞു.
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഉത്തരവ് പ്രകാരമാണ് എല്ലാ വിലായത്തുകൾക്കുമായി സകാത് കമ്മിറ്റികൾ രൂപവത്കരിച്ചത്. കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പൊതുജനങ്ങൾക്ക് കമ്മിറ്റിയിലേക്ക് സംഭാവന ചെയ്യാം. എല്ലാവരോടും വർഷത്തിലൊരിക്കൽ ഈ അവസരം ഉപയോഗിക്കണമെന്ന് അഭ്യർഥിക്കുന്നു. ബാങ്ക് അക്കൗണ്ട് നമ്പറുകൾ ലഭ്യമാണ്. കൂടാതെ അംഗങ്ങൾ കമ്പനി മേധാവികളെയും ചെയർപേഴ്സൻമാരെയും സന്ദർശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.