മസ്കത്ത്: ഈ വർഷത്തെ ഖരീഫ് സീസണിലെത്തുന്ന സഞ്ചാരികൾ സുരക്ഷിതവും സുഗമവുമായ യാത്രാനുഭവം നൽകുന്നതിനായി എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. സലാല വിമാനത്താവളത്തിൽ ഡ്രൈവ്-ത്രൂ ചെക്ക്-ഇൻ സേവനം ഒരുക്കി. ‘ട്രാവൽ ഈസി’ സേവനത്തിന്റെ ഭാഗമായാണ് ഇത് അവതരിപ്പിച്ചത്, യാത്രക്കാർക്ക് വാഹനങ്ങളിൽനിന്ന് പുറത്തിറങ്ങാതെ തന്നെ ചെക്ക്-ഇൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും, ബോർഡിങ് പാസ് സ്വീകരിക്കാനും ബാഗേജ് ഡ്രോപ്പ് ചെയ്യാനും അനുവദിക്കും.
മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും സലാല വിമാനത്താവളത്തിന്റെയും വ്യോമഗതാഗതവും ആഭ്യന്തര വിമാന സർവിസുകളും പ്രവർത്തനക്ഷമതയും വർധിപ്പിക്കുന്നതിന് സിവിൽ ഏവിയേഷൻ അതോറിറ്റി, ഒമാൻ എയർപോർട്ട് കമ്പനി, ഒമാൻ എയർ, സലാം എയർ എന്നിവ ഒരുമിച്ച് പ്രവർത്തിക്കും. ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി സുഗമമായ വിമാന യാത്രയും ഉയർന്ന നിലവാരമുള്ള യാത്രാ സേവനങ്ങളും ഉറപ്പാക്കുന്നതിനാണ് ഈ നടപടികൾ ലക്ഷ്യമിടുന്നത്. അടിയന്തര പ്രതികരണ പദ്ധതികൾ അവലോകനം ചെയ്യുക, എയർ ട്രാഫിക് കൺട്രോൾ സിസ്റ്റങ്ങളുടെ സന്നദ്ധത സ്ഥിരീകരിക്കുക, കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങൾ നൽകുക എന്നിവയുൾപ്പെടെ അതോറിറ്റി അതിന്റെ പ്രവർത്തന, ഫീൽഡ് തയാറെടുപ്പുകൾ ഊർജിതമാക്കിയിട്ടുണ്ട്. പങ്കാളികളുമായുള്ള തുടർച്ചയായ ഏകോപനം എല്ലാ യാത്രക്കാർക്കും സുരക്ഷിതവും തടസ്സമില്ലാത്തതുമായ യാത്രാനുഭവം ഉറപ്പാക്കുന്നു.
സലാല വിമാനത്താവളം യാത്രക്കാരുടെ നടപടിക്രമങ്ങൾ സുഗമമാക്കുന്ന സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിൽ ‘ട്രാവൽ ഈസി’ സേവനം ഉൾപ്പെടുന്നു. ഈ സേവനത്തിലൂടെ, യാത്രക്കാർക്ക് വിമാനത്തിന്റെ പുറപ്പെടലിന് 12 മണിക്കൂർ മുമ്പ് മുതൽ ആറ് മണിക്കൂർ മുമ്പ് വരെ ചെക്ക്-ഇൻ നടത്താനും ബാഗേജ് ഡ്രോപ്പ് ചെയ്യാനും സാധിക്കും. ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെ ദിവസവും രാവിലെ എട്ട് മുതൽ രാത്രി എട്ടുവരെ ഈ സേവനം ലഭ്യമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.