മസ്കത്ത്: ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിന് മുസന്നയിലെ ഫർണിച്ചർ ഷോപ്പിന് 600 റിയാൽ കോടതി പിഴയിട്ടു. സമയബന്ധിതമായി പ്രവൃത്തികൾ പൂർത്തിയാക്കുന്നതിൽ സ്ഥാപനം പരാജയപ്പെട്ടതിന് മുസന്നയിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് പിഴയിട്ടതെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.
ഉപഭോക്താവ് കിടപ്പുമുറി സെറ്റിനും അനുബന്ധ സാമഗ്രികളും നിർമിക്കാനായി സ്ഥാപനത്തെ സമീപിച്ച് 1000 റിയാലിന് കരാറായി. ഒന്നര മാസത്തിനകം പൂർത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, സമയപരിധിക്കുള്ളിൽ ബാധ്യതകൾ നിറവേറ്റുന്നതിൽ സ്ഥാപനം പരാജയപ്പെട്ടു.ഇതേത്തുടർന്ന് ഉപഭോക്താവ് റുസ്താഖിൽ സ്ഥിതി ചെയ്യുന്ന സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പിന് പരാതി നൽകുകയായിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തിൽ, കരാറിൽ പറഞ്ഞിരിക്കുന്ന സേവന നിബന്ധനകൾ കമ്പനിയുടെ പ്രതിനിധികൾ പാലിച്ചിട്ടില്ലെന്നും കണ്ടെത്തി. തൽഫലമായി, കേസ് തുടർനടപടികൾക്കായി കോടതിക്ക് കൈമാറുകയായിരുന്നു. പിഴത്തുകക്ക് പുറമെ പൊതുവ്യവഹാരവുമായി ബന്ധപ്പെട്ട ചെലവുകളും കമ്പനി വഹിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ടെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.