നേപ്പാളിലെ മല്‍പാനി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഒമാൻ-യു.എ.ഇ ക്രിക്കറ്റ് മത്സരത്തിൽനിന്ന്
മസ്കത്ത്: നേപ്പാളിൽ നടക്കുന്ന എ.സി.സി പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിൽനിന്ന് ഒമാൻ പുറത്തായി. മല്‍പാനി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലിൽ രണ്ടു റൺസിന് യു.എ.ഇയാണ് ഒമാനെ പരാജയപ്പെടുത്തിയത്. മഴ കളി മുടക്കിയതിനെ തുടർന്ന് ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരമാണ് വിജയികളെ പ്രഖ്യാപിച്ചത്. മേയ് ഒന്നിന് നടക്കുന്ന കലാശക്കളിയിൽ ആതിഥേയരായ നേപ്പാളുമായി യു.എ.ഇ മാറ്റുരക്കും.
ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ഒമാൻ യു.എ.ഇയെ 49.2 ഓവറിൽ 236 റൺസിന് എറിഞ്ഞിടുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാൻ 43 ഓവറിൽ ആറു വിക്കറ്റിന് 190 റൺസുമായി നിൽക്കുന്ന വേളയിലായിരുന്നു മഴയുടെ കളി. നാലു വിക്കറ്റ് വീതം വീഴ്ത്തിയ ബിലാൻ ഖാന്റെയും സീഷാൻ മഖ്സൂദിന്റെയും മികച്ച ബൗളിങ് പ്രകടനമാണ് യു.എ.ഇയെ കുറഞ്ഞ സ്കോറിൽ പുറത്താക്കാൻ സഹായിച്ചത്. അയാൻ ഖാൻ രണ്ടു വിക്കറ്റും എടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന്‍ ഓപണർമാരായ കശ്യപ് പ്രജാപതിയും ( 43 ബാളിൽ 49 റൺസ്), ജദീന്ദർ സിങ്ങും ( 65 ബാളിൽ 42 റൺസ്) മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ, പിന്നീട് വന്നവരിൽ ക്യാപ്റ്റൻ സീഷാൻ മഖ്സൂദ് ഒഴികെ (40) മറ്റുള്ളവർക്ക് ഒന്നും കാര്യമായി സംഭാവന നൽകാൻ കഴിഞ്ഞില്ല. യു.എ.ഇക്കു വേണ്ടി കാർത്തിസ് മെയ്യപ്പൻ മൂന്നും ബാസിൽ ഹമീദ് രണ്ടും വിക്കറ്റുകൾ എടുത്തു. യു.എ.ഇയുടെ ബാസിൽ ഹമീദാണ് കളിയിലെ താരം. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തിൽ ഒമാൻ ഞായറാഴ്ച കുവൈത്തുമായി ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.