മസ്കത്ത്: മസ്കത്തിൽനിന്ന് കണ്ണൂരിലേക്കും കൊച്ചിയിലേക്കും സർവിസ് നടത്തിയിരുന്ന ‘ഗോ ഫസ്റ്റ്’ വിമാനം നിർത്തലാക്കിയിട്ട് ഒരു വർഷം പിന്നിട്ടു. എന്നാൽ വിമാനയാത്രക്ക് മുൻകൂട്ടി ടിക്കറ്റെടുത്ത ആയിരത്തോളം പേർക്ക് ഇനിയും തുക തിരികെ ലഭിച്ചില്ല.
2023 മേയ് മൂന്നു മുതലാണ് ഗോ ഫസ്റ്റ് സർവിസ് അവസാനിപ്പിച്ചത്. ഇത് മുൻകൂട്ടി അറിയിക്കാത്തതിനാൽ നിരവധി യാത്രക്കാർ തുടർ ദിവസങ്ങളിലേക്ക് ടിക്കറ്റെടുത്തിരുന്നു.ടിക്കറ്റ് തുക മടക്കി നൽകുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും ഇതുവരെ ഭൂരിപക്ഷം പേർക്കും തുക ലഭിച്ചിട്ടില്ല.
തുക മടക്കിക്കിട്ടാൻ ഓൺലൈൻ വഴിയും എജൻസികൾ വഴിയും യാത്രക്കാർ അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ ഒരു മറുപടിയും ലഭ്യമല്ലെന്ന് യാത്രക്കാർ പറഞ്ഞു. സ്കൂൾ അവധിക്കാലവും ആഘോഷ ദിനങ്ങളും കണക്കിലെടുത്ത് കുടുംബത്തോടെ നാട്ടിൽപോകാൻ മുൻകൂട്ടി ടിക്കറ്റെടുത്തവർക്ക് വൻ തുകയാണ് നഷ്ടമായത്.
സീസൺ തിരക്കും ചാർജ് വർധനയും കണക്കിലെടുത്ത് ഈ വിമാനത്തിൽ നിരവധി കുടുംബങ്ങൾ നാട്ടിലേക്ക് ടിക്കറ്റെടുത്തിരുന്നു. അപ്രതീക്ഷിതമായി വിമാന സർവിസ് നിർത്തിവെച്ചതിനാൽ ഇവരെല്ലാം മറ്റു വിമാനങ്ങളിൽ കൂടുതൽ പണം നൽകിയാണ് നാട്ടിലെത്തിയത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഗോ ഫസ്റ്റ് സർവിസുകൾ അവസാനിപ്പിക്കുകയായിരുന്നു.അതിനിടെ കഴിഞ്ഞ സെപ്റ്റംബറോടെ രാജ്യാന്തര സർവിസുകൾ പുനരാരംഭിക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും ഒന്നും നടന്നില്ല.സർവിസ് പുനരാരംഭിച്ചില്ലെങ്കിലും മുടക്കിയ പണം തിരികെ കിട്ടിയാൽ മതിയെന്നാണ് യാത്രക്കാരുടെ ഇപ്പോഴത്തെ ആവശ്യം.ചില ട്രാവൽ ഏജൻസികൾ തങ്ങളുടെ യാത്രക്കാർക്ക് സ്വന്തം കൈയിൽനിന്ന് പണം തിരിച്ചു നൽകിയിരുന്നു. ഇങ്ങനെ ചെയ്ത ട്രാവൽ ഏജൻസികളും ഇപ്പോൾ വെട്ടിലായി. ടിക്കറ്റ് തുക ഗോ ഫസ്റ്റ് നൽകുമെന്ന വിശ്വാസത്തിലാണ് ട്രാവൽ ഏജൻസികൾ ഇങ്ങനെ ചെയ്തിരുന്നത്. റദ്ദാക്കിയ സർവിസിന്റെ ടിക്കറ്റ് തുക പോയന്റ് ഓഫ് സെയിൽസ് വഴി തിരിച്ചുനൽകുമെന്നായിരുന്നു വിമാനക്കമ്പനി അധികൃതർ യാത്രക്കാർക്ക് നൽകിയ വിവരം.
ബാങ്ക് ട്രാൻസ്ഫർ,യു.പി.ഐ, ക്രെഡിറ്റ് കാർഡ് തുടങ്ങി ഏത് പോയന്റിലൂടെയാണോ ടിക്കറ്റ് തുക ഗോ ഫസ്റ്റിന് നൽകിയത്, അതേ സെയിൽസ് പോയന്റിലേക്ക് തുക തിരിച്ചുനൽകുമെന്നായിരുന്നു വിശദീകരണം. എന്നാൽ, ഇതുവരെയും തുക നിക്ഷേപിച്ചിട്ടില്ല. വിറ്റ ടിക്കറ്റിന്റെ തുക ട്രാവൽ ഏജൻസികൾക്ക് ഗോ ഫസ്റ്റ് അനുവദിച്ച പോർട്ടലിൽതന്നെ തിരിച്ചു നിക്ഷേപിക്കുമെന്നാണ് പറഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.